ഹൃദയാഘാതം മുൻകൂട്ടിയറിയാം; രക്തത്തിലെ പ്രോട്ടീൻ അളവിലെ വ്യതിയാനം നിർണായകമെന്ന് കണ്ടെത്തൽ

0
7

ന്യൂഡൽഹി: ഹൃദ്രോഗ സാധ്യതകൾ നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്. രക്തത്തിൽ ഇരുമ്പിന്‍റെ അംശം ശരീരത്തിലുടനീളം എത്തിക്കുന്ന സെറോട്രാൻസ്ഫറിൻ (serotransferrin) എന്ന പ്രോട്ടീന്‍റെ അളവ് കുറയുന്നത് കൊറോണറി ആർട്ടറി ഡിസീസ് അഥവാ ധമനികളിലെ ബ്ലോക്കിന്‍റെ പ്രധാന പ്രാഥമിക ലക്ഷണമായി കണ്ടെത്തി.

ദില്ലിയിലെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (CSIR) കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (IGIB) ശാസ്ത്രജ്ഞരാണ് ഈ സുപ്രധാന കണ്ടെത്തലിന് പിന്നിൽ. ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞുകൂടി രക്തയോട്ടം തടസപ്പെടുന്ന രോഗാവസ്ഥ സാധാരണ രീതിയിലുള്ള പരിശോധനകളിലൂടെ തിരിച്ചറിയുന്നതിനും മുൻപ് തന്നെ ഇത്തരത്തിൽ പ്രോട്ടീൻ അളവിലെ വ്യതിയാനം വഴി മുൻകൂട്ടി കണ്ടെത്താൻ സാധിക്കുമെന്ന് റിസർച്ച് ടീമിലെ പ്രധാനിയായ സാഗരിക ബിശ്വാസ് വ്യക്തമാക്കി.

ആക്റ്റ കാർഡിയോളജിക്ക എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ അൻപത് ഹൃദ്രോഗികളിൽ നിന്നും നാല്പത് ആരോഗ്യവാന്മാരിൽ നിന്നും ശേഖരിച്ച രക്തസാമ്പിളുകളാണ് വിശകലനം ചെയ്തത്. ഹൃദ്രോഗികളിൽ സാധാരണക്കാരായ ആളുകളെ അപേക്ഷിച്ച് സെറോട്രാൻസ്ഫറിന്‍റെ അളവ് വളരെ കുറവാണെന്ന് പരിശോധനയിൽ വ്യക്തമായി. ഇതിനോടൊപ്പം തന്നെ ഹൃദയപേശികൾക്ക് പരിക്കോ ക്ഷതമോ ഏൽക്കുമ്പോൾ രക്തത്തിലേക്ക് സ്രവിക്കപ്പെടുന്ന ട്രോപോണിൻ ഐ (Troponin I) എന്ന പ്രോട്ടീന്‍റെ അളവ് ഇവരിൽ കൂടുതലായി കാണപ്പെടുകയും ചെയ്തു. അതായത്, സെറോട്രാൻസ്ഫറിന്‍റെ അളവ് കുറയുന്തോറും ട്രോപോണിൻ ഐയുടെ അളവ് ഉയരുന്ന ഒരു വിപരീത അനുപാതമാണ് ഇതിലൂടെ ഗവേഷകർ നിരീക്ഷിച്ചത്. ധമനികളുടെ ഉൾഭിത്തിയിലുണ്ടാകുന്ന വീക്കവും രക്തയോട്ടക്കുറവും ട്രോപോണിൻ ഐ വർദ്ധിപ്പിക്കുമ്പോൾ, ഇത്തരം ശാരീരിക സമ്മർദ്ദങ്ങൾ സെറോട്രാൻസ്ഫറിന്‍റെ നിർമ്മാണത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഭാവിയിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കൂടുതൽ ഫലപ്രദമായ ചികിത്സകളും പ്രതിരോധ മാർഗ്ഗങ്ങളും വികസിപ്പിച്ചെടുക്കാൻ ഈ തന്മാത്രാതലത്തിലുള്ള പഠനം സഹായിക്കും. രക്തത്തിലെ ഇരുമ്പിന്‍റെ ട്രാൻസ്പോർട്ട് ശേഷി കുറയുന്നത് ഹൃദ്രോഗാവസ്ഥയെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. എത്ര വർഷം മുൻപ് വരെ ഈ പ്രോട്ടീൻ പരിശോധനയിലൂടെ ഹൃദ്രോഗസാധ്യത കണ്ടെത്താനാകും എന്ന് വ്യക്തമാകാൻ കൂടുതൽ ദീർഘകാല പഠനങ്ങൾ ആവശ്യമാണെങ്കിലും, ഭാവിയിൽ ഹൃദ്രോഗ നിർണ്ണയ രംഗത്ത് വലിയൊരു മാറ്റത്തിന് ഈ കണ്ടെത്തൽ വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്.

ശരീരത്തിൽ ഇരുമ്പിൻ്റെ അളവ് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കാൻ സെറോട്രാൻസ്ഫെറിൻ്റെ അളവിലൂടെ സാധിക്കും. സാധാരണയായി ട്രാൻസ്ഫെറിൻ സാച്ചുറേഷൻ 20 ശതമാനത്തിൽ താഴെയാണെങ്കിൽ അത് ഇരുമ്പിൻ്റെ കുറവായി കണക്കാക്കുന്നു. ഇരുമ്പ് ബന്ധിപ്പിക്കുന്ന പ്രോട്ടീനുകളുടെ കുടുംബത്തെയാണ് ട്രാൻസ്ഫെറിൻ എന്ന് വിളിക്കുന്നത്.

ഇതിൽ രക്തത്തിലെ സെറത്തിലും പ്ലാസ്മയിലും കാണപ്പെടുന്ന ഒരു ഉപവിഭാഗമാണ് സെറോട്രാൻസ്ഫെറിൻ. ഇതൊരു ഇരുമ്പ് വാഹക പ്രോട്ടീനായതിനാൽ ഇതിൻ്റെ അളവ് കുറയുന്നത് ഇരുമ്പ് വഹിക്കാനുള്ള ശേഷി കുറഞ്ഞുവെന്നാണ് സൂചിപ്പിക്കുന്നത്. ഹൃദ്രോഗത്തിൻ്റെ വളർച്ചയെയും ചികിത്സയെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ പുതിയ കണ്ടെത്തൽ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here