ലോക്‌സഭയിൽ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ പരിഷ്‌കരണ സമിതിയെയും അതിലെ അംഗമായ ഐ.ഐ.ടി മദ്രാസ് ഡയറക്ടറെയും ‘ഗോമൂത്ര വിദഗ്ധൻ’ എന്ന് വിളിച്ച് പരിഹസിച്ച പ്രിയങ്ക ഗാന്ധിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ബി.ജെ.പി എം.പി അനുരാഗ് താക്കൂർ. തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന എന്തോ വസ്തുവാണ് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും കഴിക്കുന്നതെന്നും, അതിന് പകരം ഇരുവരും അൽപം ഗോമൂത്രം കുടിക്കുന്നത് നന്നായിരിക്കുമെന്നും അനുരാഗ് താക്കൂർ സഭയിൽ പരിഹസിച്ചു. ഗാന്ധി കുടുംബവും കോൺഗ്രസും നിരന്തരം രാജ്യത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും അപമാനിക്കുകയാണെന്നും അദ്ദേഹം സഭയിൽ കുറ്റപ്പെടുത്തി.
രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞനും അധ്യാപകനും, പ്രധാനമന്ത്രിയുടെ അഡ്വൈസറി എ.ഐ ടാസ്ക് ഫോഴ്സ് മുൻ ചെയർമാനുമായ പ്രൊഫ. വി. കാമകോടിയെ പ്രിയങ്ക ഗാന്ധി അപമാനിച്ചതിൽ അനുരാഗ് താക്കൂർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കാമകോടിക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടെങ്കിൽ അതിൽ യാതൊരു തെറ്റുമില്ലെന്ന് വ്യക്തമാക്കിയ താക്കൂർ, പ്രിയങ്ക ഗാന്ധിയും ആർ.എസ്.എസിൽ ചേരണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ ചില മൂല്യങ്ങൾ പഠിക്കാനും രാജ്യത്തെക്കുറിച്ച് ചിന്തിക്കാനും സാധിക്കുമെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.
നിഷ്കളങ്കമായ മുഖഭാവത്തോടെയും ചെറുപുഞ്ചിരിയോടെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രിയങ്ക ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. സ്പീക്കറോട് പോലും ചിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് വളരെ ഗൗരവമുള്ള വിഷയങ്ങളെ അവർ നിസാരവൽക്കരിക്കുകയാണെന്നും, സ്വന്തം സർക്കാരിന്റെ കാലത്തെ തെറ്റുകളും പരാജയങ്ങളും മറച്ചുവെക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാഹുൽ ഗാന്ധിയേക്കാൾ അൽപമെങ്കിലും ഭേദം പ്രിയങ്ക ഗാന്ധിയായിരിക്കുമെന്ന് താൻ കരുതിയിരുന്നതായി താക്കൂർ പരിഹസിച്ചു. എന്നാൽ ഐ.ഐ.ടി ഡയറക്ടറെക്കുറിച്ചുള്ള പരാമർശം കേട്ടപ്പോൾ സഹോദരനും സഹോദരിയും ഒരേ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് തനിക്ക് മനസ്സിലായെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ സമിതിയിൽ ഒരു ഐ.ടി കമ്പനി ഉടമയും മുൻ ഐ.ബി തലവനും ഒരു ഗോമൂത്ര വിദഗ്ധനുമാണുള്ളതെന്നും ഇവർക്ക് വിദ്യാഭ്യാസത്തെക്കുറിച്ച് എന്തറിയാമെന്നുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പരിഹാസം. ഇതിന് സഭയിൽ തന്നെ മറുപടി നൽകുകയായിരുന്നു അനുരാഗ് താക്കൂർ







