കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെയും രാഷ്ട്രീയ പ്രതിരോധത്തിലെയും വീഴ്ചകളാണെന്ന് പരസ്യമായി സമ്മതിച്ച് മുൻ സ്പീക്കർ എ.എൻ. ഷംസീർ. മലപ്പുറം കാളികാവിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് അദ്ദേഹം പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പോരായ്മകൾ തുറന്നുപറഞ്ഞത്. ഈ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പൂർണ്ണമായി പാളിയെന്ന് ഷംസീർ വ്യക്തമാക്കി. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ പാർട്ടിയുടെ പ്രതിരോധം ശക്തമായില്ലെന്നും, അത് വേണ്ടത്ര ഊക്കോടെ ജനങ്ങളിലേക്ക് എത്തിക്കാനായില്ലെന്നും അദ്ദേഹം സ്വയംവിമർശനം നടത്തി.
കൂടാതെ, സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന അയ്യപ്പസംഗമത്തിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ഒഴിവാക്കേണ്ടിയിരുന്ന ഗൗരവമായ തെറ്റാണെന്നും ഷംസീർ സമ്മതിച്ചു. “ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ. സഖാക്കളേ, നിങ്ങൾക്ക് തെറ്റുപറ്റി എന്ന് ജനങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ ആ തെറ്റ് ഞങ്ങൾ തിരുത്തുന്നു. പോരായ്മകൾ പരിഹരിച്ച് വർധിത വീര്യത്തോടെ ഞങ്ങൾ തിരിച്ചുവരും,” അദ്ദേഹം പറഞ്ഞു.









