ന്യൂഡൽഹി: പരമ്പരാഗത വിപണികൾക്ക് പുറമെ ജോർദാൻ, തുർക്കി തുടങ്ങിയ പുതിയ വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യൻ അരി കയറ്റുമതിക്കാർ. ആഗോള വ്യാപാര പാതകളിലുണ്ടായ മാറ്റങ്ങളും പുതിയ സാധ്യതകളും പ്രയോജനപ്പെടുത്തി കയറ്റുമതി രംഗത്ത് വലിയ കുതിച്ചുചാട്ടത്തിനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
പുതിയ വിപണികളിലെ മുന്നേറ്റം
ജോർദാനിലേക്കുള്ള ഇന്ത്യൻ അരിയുടെ കയറ്റുമതിയിൽ എട്ടിരട്ടി വർധനയാണ് രേഖപ്പെടുത്തിയത്. തുർക്കിയിലേക്കുള്ള ബസുമതി അരിയുടെ കയറ്റുമതി ഇരട്ടിയാകുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പരമ്പരാഗത പട്ടികയ്ക്ക് പുറത്തുള്ള വിപണികൾ ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ അവസരങ്ങളാണ് തുറന്നിടുന്നതെന്ന് ഭാരത് ഇൻ്റർനാഷണൽ റൈസ് കോൺഫറൻസിൻ്റെ (ബിഐആർസി 2026) വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
അടുത്ത 10 വർഷത്തിനുള്ളിൽ ആഗോള അരി വ്യാപാരം ഗണ്യമായി വികസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഇസിഡി-എഫ്എഒ (OECD-FAO) അഗ്രികൾച്ചറൽ ഔട്ട്‌ലുക്ക് 2026-2035 റിപ്പോർട്ട് പ്രകാരം, 2035 ആകുമ്പോഴേക്കും ആഗോള അരി വ്യാപാരം 22 ദശലക്ഷം ടൺ വർധിച്ച് ഏകദേശം 81 ദശലക്ഷം ടണ്ണായി മാറും. ആഗോള അരി ഇറക്കുമതിയിൽ ആഫ്രിക്കയുടെ പങ്ക് നിലവിലെ 35 ശതമാനത്തിൽ നിന്ന് 2035ൽ 45 ശതമാനമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. നിലവിലെ അന്താരാഷ്ട്ര വ്യാപാര മൂല്യങ്ങൾ അനുസരിച്ച്, ഈ അധിക വ്യാപാരം കോടിക്കണക്കിന് ഡോളറിൻ്റെ അവസരമാണ് സൃഷ്ടിക്കുന്നത്. ആഗോളതലത്തിൽ വരാനിരിക്കുന്ന 1000 കോടി ഡോളറിൻ്റെ അധിക ആവശ്യകത ഏതെല്ലാം വിപണികളിൽ നിന്നായിരിക്കുമെന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മാറുന്ന വ്യാപാര തന്ത്രങ്ങൾ
വിപണികളുടെ വലിപ്പം മാത്രം അടിസ്ഥാനമാക്കി കയറ്റുമതി ലക്ഷ്യമിടുന്ന പരമ്പരാഗത രീതി കയറ്റുമതിക്കാർ മാറ്റേണ്ടതുണ്ടെന്ന് ഇന്ത്യൻ റൈസ് എക്സ്പോർട്ടേഴ്സ് ഫെഡറേഷൻ (ഐആർഇഎഫ്) വൈസ് പ്രസിഡൻ്റ് ദേവ് ഗാർഗ് പറഞ്ഞു. ഏറ്റവും വലിയ ഇറക്കുമതി വിപണികൾ മികച്ച അവസരങ്ങളാണെന്ന് കരുതുന്ന പരമ്പരാഗത ചിന്താഗതി മാറണം. തുർക്കിയും ജോർദാനും ഇതിന് മികച്ച ഉദാഹരണങ്ങളാണ്. ഈ വർഷത്തിൻ്റെ തുടക്കത്തിൽ ഈ രാജ്യങ്ങളെ മികച്ച വിപണികളായി ആരും കണ്ടിരുന്നില്ലെങ്കിലും വ്യാപാര കണക്കുകളിൽ വലിയ മാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
ജോർദാനിലേക്കുള്ള കയറ്റുമതിയിലെ വർധന അവിടെ ആഭ്യന്തര ഉപഭോഗം കൂടിയത് കൊണ്ടുമാത്രമല്ല. ഇറാനുമായുള്ള നേരിട്ടുള്ള വ്യാപാരം തടസപ്പെട്ടതിനെ തുടർന്ന് പ്രാദേശിക വ്യാപാര പാതകളിലുണ്ടായ മാറ്റങ്ങളും ഇതിന് കാരണമായിട്ടുണ്ട്. ഇത്തരം മാറ്റങ്ങൾ ഒരു രാജ്യത്തെ വിതരണ കേന്ദ്രം, ബദൽ വ്യാപാര ഇടനാഴി എന്നീ നിലകളിൽ തന്ത്രപ്രധാനമാക്കി മാറ്റുന്നു.
ബിഐആർസി 2026 ഉച്ചകോടി
ബിഐആർസി 2026ലെ ന്യൂ മാർക്കറ്റ്സ് സെഷൻ പുതിയ വിപണികളുടെ സാധ്യതകൾ വിലയിരുത്തും. ആവശ്യകതയിലെ വളർച്ച, ഇറക്കുമതി ആശ്രിതത്വം, മത്സരം, വില, ഉത്പന്നത്തിൻ്റെ അനുയോജ്യത, ചരക്കുകൂലി, ഇറക്കുമതി തീരുവ, നിയന്ത്രണങ്ങൾ, പണമിടപാടിലെ അപകടസാധ്യതകൾ തുടങ്ങിയ ഘടകങ്ങൾ പരിശോധിക്കും. ഇറക്കുമതി അളവിൻ്റെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ വിലയിരുത്തുന്നതിന് പകരം വാണിജ്യപരമായി ലാഭകരമായ അവസരങ്ങൾ നൽകുന്ന വിപണികളെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.
ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന 10 രാജ്യങ്ങളുടെ പട്ടിക ആർക്കും തയ്യാറാക്കാമെന്നും എന്നാൽ ഒരു ഇന്ത്യൻ കയറ്റുമതിക്കാരന് യഥാർഥത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിപണികൾ ഏതൊക്കെയെന്ന് മനസിലാക്കുകയാണ് പ്രധാനമെന്നും ദേവ് ഗാർഗ് കൂട്ടിച്ചേർത്തു. അവിടെ ഏത് ഉത്പന്നം നൽകണം, എന്ത് വില ലഭിക്കും, നേരിടേണ്ടി വരുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം.
നിലവിൽ 170ലധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നത്. 2025 നവംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ 26 മുൻഗണനാ വിപണികളിലേക്കുള്ള കയറ്റുമതി ഏകദേശം 23,476 കോടി രൂപയിലെത്തി. 4.79 ദശലക്ഷം ടൺ അരിയാണ് ഇക്കാലയളവിൽ കയറ്റുമതി ചെയ്തത്. മുൻ വർഷങ്ങളിലെ ശരാശരിയേക്കാൾ 5.6 ശതമാനം വർധനയാണിത്.
ആഗോള അരി വ്യാപാര രംഗത്തെ അവസരങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ഭാരത് ഇൻ്റർനാഷണൽ റൈസ് കോൺഫറൻസ് 2026 ഒക്ടോബർ 23 മുതൽ 25 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. ഇന്ത്യൻ കയറ്റുമതിക്കാർ, മില്ലുടമകൾ, അന്താരാഷ്ട്ര വ്യാപാരികൾ, നയരൂപകർത്താക്കൾ, വ്യാപാര വിദഗ്ധർ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും.








