കേരളത്തിൽ ചൂട് കൂടുന്നു; കാഞ്ഞങ്ങാട് 13കാരന് സൂര്യാഘാതമേറ്റു; സംഭവം ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ

0
32

കാസർകോട്: സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ കാഞ്ഞങ്ങാട് സ്കൂൾ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന 13കാരന് സൂര്യാഘാതമേറ്റു. കാഞ്ഞങ്ങാട് അജാനൂര്‍ ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാംതരം വിദ്യാര്‍ഥിയായ മുഹമ്മദ് ജുബൈറിനാണ് പൊള്ളലേറ്റത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സൂര്യാഘാതമേറ്റത്.

സൂര്യാഘാതമേറ്റപ്പോൾ ആദ്യം കാര്യമാക്കിയില്ല. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോള്‍ ചുമലിലും പൊള്ളലേറ്റതായി കണ്ടു. തുടര്‍ന്ന് കുട്ടിയെ അജാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിക്ക് സൂര്യാഘാതമേറ്റതാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. പലയിടത്തും ഉഷ്ണതരംഗത്തിന് സമാന സാധ്യതയാണുള്ളത് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് അറിയിപ്പ്. രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വിവിധയിടങ്ങളിൽ അൾട്രാവയലറ്റ് വികിരണത്തിൻ്റെ അളവ് ആശങ്കാജനകമായ രീതിയിൽ ഉയരുകയാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം യുവി സൂചിക 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കൊല്ലം (കൊട്ടാരക്കര), പത്തനംതിട്ട (കോന്നി), ആലപ്പുഴ (ചെങ്ങന്നൂർ), കോട്ടയം (ചങ്ങനാശേരി), ഇടുക്കി (മൂന്നാർ), പാലക്കാട് (തൃത്താല) എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും കളമശ്ശേരി, ഒല്ലൂർ, പൊന്നാനി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടുമാണ്. കോഴിക്കോട്, വയനാട് ജില്ലകളിൽ സൂചിക 6 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യുവി സൂചിക ഉയരുന്നത് സൂര്യാതപം, കണ്ണിന് അസുഖങ്ങൾ, ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും വികിരണ തീവ്രത കൂടുതലായിരിക്കും. ജലാശയങ്ങൾ മണൽ തുടങ്ങിയ പ്രതലങ്ങൾ ഈ രശ്മികളെ പ്രതിഫലിപ്പിക്കുന്നത് അപകടസാധ്യത വർധിപ്പിക്കും. ഈ സാഹചര്യത്തിൽ ശ്രദ്ധപാലിക്കണം.



സംസ്ഥാനത്തെ ശരാശരി പകൽ അന്തരീക്ഷതാപനില 37 ഡിഗ്രി സെൽഷ്യസ് കടന്നു. ഇടുക്കിയിലും വയനാട്ടിലും മാത്രമാണ് ചൂടിന് അൽപ്പം കുറവുള്ളത്. വേനലവധിയായതോടെ മൂന്നാറിലേക്ക് സഞ്ചാരികൾ എത്തി തുടങ്ങിയിട്ടുണ്ട്. ഇടവിട്ട് കിട്ടുന്ന വേനൽമഴയും 25 ഡിഗ്രിയോടടുപ്പിച്ച അന്തരീക്ഷ താപനിലയും ആണ് നിലവിൽ മൂന്നാറിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here