പണത്തിന് പകരം സമയം ഉപയോഗിച്ച് സേവനങ്ങൾ കൈമാറ്റം ചെയ്യുന്ന ഒരു സാമൂഹിക സംവിധാനമാണ് ടൈം ബാങ്ക് (Time Bank). മറ്റുള്ളവരെ സഹായിക്കാൻ ചിലവഴിക്കുന്ന ഓരോ മണിക്കൂറും നിങ്ങൾക്കൊരു ‘ക്രെഡിറ്റ്’ ആയി ടൈം ബാങ്കിൽ നിക്ഷേപിക്കാം. ഈ സമയം നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ തിരികെ എടുത്ത് (Withdraw) അത്രയും സമയം മറ്റൊരാളുടെ സേവനം സൗജന്യമായി നേടാം.
രാജ്യത്ത് തന്നെ നൂതനമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കേരള ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നവേഷൻ സ്‌ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) ആണ്. ഒറ്റപ്പെട്ടുവെന്ന് കരുതുന്ന നിമിഷം വയോജനങ്ങളിലേക്ക് ഓടിയെത്താൻ സന്നദ്ധരായ സന്നദ്ധ സേവകരെ വിളിപ്പുറത്ത് എത്തിച്ചു നല്‍കുന്നതാണ് പദ്ധതി.ഇങ്ങനെ ഈ പദ്ധതിയിലൂടെ പ്രായമായവരെ സഹായിക്കുന്ന വൊളണ്ടിയര്‍മാര്‍ക്ക് സ്വയം സഹായം ആവശ്യമുള്ളപ്പോൾ സമയ ക്രെഡിറ്റുകൾ നേടാനും ‘ടൈം ബാങ്ക്’ പദ്ധതിയിലൂടെ സാധിക്കുന്നു.
വീട്ടുജോലികൾ, യാത്രാ സഹായം, കൂട്ടിരിപ്പ്, പാചകം, ഗാർഡനിങ്, ഷോപ്പിങ്, ആശുപത്രി യാത്രകള്‍, എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ ഈ സംരംഭം വാഗ്‌ദാനം ചെയ്യുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് അതും കേരളത്തിൽ മാതൃകാപരമായ സമൂഹ സൃഷ്‌ടിക്കായി ഇത്തരത്തിൽ ഒരു പദ്ധതി രൂപീകരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ തലശേരി ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് പഞ്ചായത്തുകളെയാണ് നിലവിൽ ആദ്യ ഘട്ടത്തിൽ നിർദേശിച്ചിട്ടുള്ളതെന്ന് പ്രൊജക്റ്റ് കോർഡിനേറ്റർ പിപി സ്വാതി പറഞ്ഞു. ഇതിലൊന്ന് എരിഞ്ഞോളി ഗ്രാമപഞ്ചായത്താണ്. കോളജ് ഓഫ് എഞ്ചിനീയറിങ് തലശേരിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.
‘ടൈം ബാങ്ക്’ സംരംഭത്തിന് തുടക്കം കുറിച്ചുകൊണ്ട് കേരളത്തിൽ കെ ഡിസ്കും വിവിധ തദ്ദേശ സ്ഥാപനങ്ങളുമായി ധാരണാ പത്രം ഒപ്പിട്ടു കഴിഞ്ഞു. തലശ്ശേരി ബ്ലോക്കിലെ എരഞ്ഞോളി പഞ്ചായത്തിനു പുറമേ കോട്ടയം ജില്ലയിലെ എലിക്കുളം പഞ്ചായത്തിലും ടൈം ബാങ്ക് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.
ഈ സംവിധാനം ഒരു വെബ്‌സൈറ്റ് വഴിയാണ് പ്രവർത്തിക്കുന്നത്. ഇതിനായി ഒരു ആപ്പും നൽകിയിട്ടുണ്ട്. ഇവിടെ വൊളണ്ടിയർമാരുടെ സേവനം എപ്പോഴും ലഭ്യമായിരിക്കും. അതിനായി വൊളണ്ടിയർമാരുടെ സേവന സമയം വെബ്‌സൈറ്റ് വഴി രേഖപ്പെടുത്തുന്നു. ഉപയോക്താക്കളെയും വൊളണ്ടിയർമാരെയും രജിസ്‌റ്റർ ചെയ്യുന്നതിനുള്ള ലിങ്കുകൾ പഞ്ചായത്തുകൾക്ക് ലഭിക്കും.
ഉപയോക്താക്കൾക്ക് അവരുടെ പേര്, ഇമെയിൽ ഐഡി, ലിംഗം, ഫോൺ നമ്പർ, വിലാസം തുടങ്ങിയ വിശദാംശങ്ങൾ നൽകി വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യാം. ഇതിൽ സഹായങ്ങൾ തെരഞ്ഞെടുക്കാനും സമയവും തീയതിയും ഷെഡ്യൂൾ ചെയ്യാനും സാധിക്കുന്നു. ഇതിൽ അടിയന്തര കോൾ ഫീച്ചറും ഉൾപ്പെടുന്നു. ഇതുവഴി ഒരു പ്രൊഫൈലിൽ നിന്ന് അറിയിപ്പ് ലഭിക്കുകയും തുടർന്ന് ആ ലൊക്കേഷൻ ആക്‌സസ് ചെയ്‌ത് ഉടൻതന്നെ ആവശ്യക്കാരെ സമീപിക്കാനും സാധിക്കുന്നു. ഇനി അറിയിപ്പുകൾ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്‌താൽ ഇവിടെ ഒടിപിയും നൽകണം.
പ്രധാന പ്രത്യേകതകൾ:
- സമയം ഒരു കറൻസി:ഇവിടെ സമയം തന്നെയാണ് വിനിമയ മാധ്യമം. 1 മണിക്കൂർ സഹായം = 1 ടൈം ക്രെഡിറ്റ്.
- വയോജന പരിചരണം (Senior Care):കേരളത്തിലെ കോട്ടയം ജില്ലയിലെ എലിക്കുളം പഞ്ചായത്ത് ഉൾപ്പെടെയുള്ള പലയിടങ്ങളിലും, ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരെ സഹായിക്കാൻ യുവാക്കളുടെ സമയം ബാങ്ക് ചെയ്യുന്ന രീതിയാണിത്.
- സാമൂഹിക ബന്ധം:പരസ്പര സഹായത്തിലൂടെ കമ്മ്യൂണിറ്റികളെ ശക്തിപ്പെടുത്തുന്നു.
- പ്രവർത്തനം:യുവാക്കൾക്ക് വൃദ്ധരെ സഹായിച്ച് സമയം നിക്ഷേപിക്കാം. ഭാവിയിൽ അവർക്ക് ആവശ്യമായി വരുമ്പോൾ ഈ സമയം തിരികെ എടുക്കാം.
- കേരള മോഡൽ:KDISK-ന്റെ (Kerala Development and Innovation Strategy Council) സഹകരണത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന ഒരു സാമൂഹിക സുരക്ഷാ പദ്ധതിയാണിത്.








