യുഎഇയിൽ നിന്നുള്ള വിമാന നിരക്ക് കുതിച്ചുയരുന്നു; നാട്ടിൽ പോകാൻ പ്ലാൻ ചെയ്ത പ്രവാസികൾക്ക് വൻ തിരിച്ചടി

0
28

ദുബായ്: യുഎഇയിലെ പ്രവാസികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈദ് അൽ അദ്ഹ അവധിക്കാലം അടുത്തു വരികയാണ്. ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ഈദ് അൽ അദ്ഹ അവധിക്ക് ബാക്കിയുള്ളു. എന്നാൽ ഇത്തവണ നാട്ടിലേക്കോ മറ്റ് അറബ് രാജ്യങ്ങളിലേക്കോ യാത്ര പ്ലാൻ ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയൊരു തിരിച്ചടിയാണ്.

ഈദ് അവധിക്കാലത്തോടനുബന്ധിച്ച് യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയിരിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ ടിക്കറ്റ് നിരക്ക് ഉയരുന്നത് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറിക്കഴിയുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

മിഡിൽ ഈസ്റ്റ് പ്രതിസന്ധിയും പ്രധാന പ്രാദേശിക റൂട്ടുകളിലെ ഡിമാൻഡ് കുതിച്ചുയരുന്നതുമായ ഈ സാഹചര്യത്തിൽ ഈദ് അവധി കഴിയുന്നത് വരെ നിരക്കുകൾ ഉയർന്ന നിലയിൽ തന്നെ തുടരുമെന്നാണ് ട്രാവൽ ഏജൻസികൾ വ്യക്തമാകുന്നത്. കൂടാതെ സീറ്റുകളുടെ ലഭ്യതയിലുള്ള കുറവും അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടിയതും വിപണിയിൽ വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

യുഎഇയിൽ നിന്ന് പ്രധാന അറബ് രാജ്യങ്ങളിലേക്കുള്ള നിരക്കുകൾ കഴിഞ്ഞ രണ്ട് മാസങ്ങളെ അപേക്ഷിച്ച് 25 മുതൽ 45 ശതമാനം വരെയാണ് ഉയർന്നത്. ചില സെഗ്‌മെന്റുകളിൽ ശരാശരി ടിക്കറ്റ് നിരക്ക് 3,500 ദിർഹത്തിന് മുകളിൽ എത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ നിലവിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് സൗദി അറേബ്യയിലേക്കാണ്.

ഹജ്ജ് കർമ്മവും ഈദ് അവധിയും ഒരേസമയം വന്നതും സൗദി റൂട്ടിലെ തിരക്ക് വർധിപ്പിച്ചു. അതേസമയം റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ടിക്കറ്റ് നോക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ കെയ്‌റോ, അമ്മാൻ എന്നീ നഗരങ്ങളിലേക്കും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

നേരത്തെയുള്ള ആഴ്ചകളെ അപേക്ഷിച്ച് വിമാന സീറ്റുകളുടെ എണ്ണത്തിൽ 75 ശതമാനത്തോളം വർധനവ് വരുത്തിയിട്ടും ആവശ്യക്കാരെ തൃപ്തിപ്പെടുത്താൻ എയർലൈനുകൾക്ക് സാധിക്കുന്നില്ല. അതേസമയം ഈ സമയത്തത്‍ തന്നെ നിരക്ക് ഇത്രയധികം ഉയരാൻ പ്രധാനമായും നാല് കാരണങ്ങളാണ് വിദഗ്ദ്ധർ പറയുന്നത്.

ഒന്ന്, ഹജ്ജ്-ഈദ് അവധികൾ ഒരുമിച്ച് വന്നതാണ്. രണ്ട് യുഎഇയിലെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ തുടരുന്നത് പല കുടുംബങ്ങൾക്കും നേരത്തെ യാത്ര ചെയ്യാൻ സൗകര്യമൊരുക്കി. മൂന്ന്, വിമാന ഇന്ധന വിലയിലുണ്ടായ വർധനവാണ്. നാലാമതായി, വിമാനക്കമ്പനികൾ അവരുടെ സർവീസുകളുടെ എണ്ണം പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചിട്ടില്ലാത്തതിനാൽ സീറ്റുകളുടെ ലഭ്യത വളരെ കുറവാണ്.

അതിനാൽ ആവശ്യക്കാർ കൂടുകയും സീറ്റുകൾ കുറയുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ടിക്കറ്റ് നിരക്ക് കുതിച്ചുയന്നതാണ് പതിവ്. ടിക്കറ്റ് നിരക്ക് കൂടിയെങ്കിലും യുഎഇ നിവാസികൾ ഇത്തവണ നീണ്ട അവധി ആഘോഷിക്കാൻ പുതിയ സ്ഥലങ്ങൾ കണ്ടെത്തുകയാണ്. സെർബിയ, ബോസ്നിയ, അൽബേനിയ തുടങ്ങിയ രാജ്യങ്ങളിലേക്കും സിഐഎസ് രാജ്യങ്ങളിലേക്കും വലിയ തോതിൽ തന്നെ ടിക്കറ്റ് ബുക്കിംഗ് നടക്കുന്നുണ്ട്.

താങ്ങാനാവുന്ന ചിലവ്, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സൗഹൃദ ടൂറിസം എന്നിവയാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ ഈ രാജ്യങ്ങളിലേക്ക് കൂടുതലായും ആകർഷിക്കുന്നത്. കൂടാതെ നാട്ടിലേക്ക് പോകാൻ കഴിയാത്ത പലരും ഇത്തരം ചെറിയ വിനോദയാത്രകളാണ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ എന്തുംകൊണ്ടും ഇതാണ് മികച്ചതെന്നാണ് പ്രവാസികൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here