ഇന്ന് ന്യൂനമർദ പാത്തി രൂപപ്പെടും; കേരളത്തിൽ തുലാവർഷ സമാനമായ മഴക്ക് സാധ്യത,

0
28

കേരളത്തിൽ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിനും സാധ്യത. ജാഗ്രത പാലിക്കണം…

കാസർകോട്: മധ്യ-തെക്കൻ കേരളത്തിൽ തുലവർഷ സമാനമായി ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കേ ഇന്ത്യയിൽ തെക്ക് വടക്ക് ദിശയിൽ ആയി ഒരു ന്യൂനമർദ പാത്തി രൂപപ്പെടുന്നത് കേരളത്തിൻ്റെ കാലാവസ്ഥയെ സ്വാധീനിക്കും. ഇതാണ് കേരളത്തിൽ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.

നിലവിൽ രണ്ടു ദിവസത്തെ മഴക്കാണ് സാധ്യതയെന്നും തുലാവർഷത്തിലെ മഴ പോലെ ഉച്ചയ്ക്ക് ശേഷമാണ് ഇടിയോടു കൂടിയ മഴയുണ്ടാകാൻ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ ഇടിവി ഭാരതിനോട് പറഞ്ഞു.

ശക്തമായ കാറ്റ് വീശാൻ സാധ്യത ഉണ്ടെന്നും ഇടി മിന്നിലിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് ന്യൂനമർദ പാത്തി രൂപപ്പെടാനാണ് സാധ്യത. ഇതിൻ്റെ ഫലമായി ഇന്ന് (9.09.2025) തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്‌, മലപ്പുറം ജില്ലകളിലും നാളെ (10.09.2025) പത്തനംതിട്ട, ഇടുക്കി, പാലക്കാട്‌, മലപ്പുറം ജില്ലകളിലുമാണ് മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. മറ്റു ജില്ലകളിൽ സാധാരണ മഴയും ലഭിക്കും.

എന്താണ് ന്യൂനമർദ പാത്തി: ന്യൂനമർദം ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുമ്പോൾ ന്യൂനമർദ പാത്തി ഒരു രേഖ പോലെയാണ് കാണപ്പെടുന്നത്. ന്യൂനമർദ ബിന്ദുവിലേക്ക് എല്ലാ ഭാഗത്ത് നിന്നും കാറ്റ് എത്തുന്നു. എന്നാൽ ന്യൂനമർദ പാത്തിയിൽ രേഖയ്ക്ക് ഇരുവശത്തുമായി ശക്തമായ കാറ്റു വന്നു കൂട്ടി മുട്ടും. ഇതിൻ്റെ ഫലമായി വായു മുകളിലേക്ക് ഉയരും.

ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 10/09/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻ്റെയും മൃഗങ്ങളുടെയും ജീവനും ഭീഷണിയാകുന്നു. കൂടാതെ, വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്‌ടം സൃഷ്‌ടിക്കുന്നു.

അതുകൊണ്ട് പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണം എന്നില്ല അതുകൊണ്ട് ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും മുന്നറിയിപ്പ് ഉണ്ട്.

കേരളത്തിൽ എത്ര മഴ ലഭിച്ചു?

ഏറ്റവും പുതിയ കണക്ക് അനുസരിച്ച് കേരളത്തിൽ 1604.7 മില്ലി മീറ്റർ മഴ ലഭിച്ചു. ലഭിക്കേണ്ടതിനേക്കാൾ 12 % കുറവ് മഴയാണ് ലഭിച്ചതെങ്കിലും കാലാവർഷം തുടങ്ങിയ മെയ് 24 മുതലുള്ള കണക്ക് എടുക്കുമ്പോൾ റെക്കോർഡ് മഴയാണ് ലഭിച്ചത്.

1862.8 മില്ലി മീറ്റർ മഴയാണ് ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 8 വരെ ലഭിക്കേണ്ടിയിരുന്നത്. ലക്ഷ ദ്വീപിൽ 906.3 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 787.6 മില്ലി മീറ്റർ മഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ ആണ്. 2435.4 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 2823.2 മില്ലി മീറ്റർ മഴ ലഭിച്ചു. 16 % കൂടുതൽ മഴ ലഭിച്ചു.

ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിൽ ആണ്. സാധാരണ ലഭിക്കുന്നതിൽ നിന്നും 36 % കുറവ് മഴയാണ് ലഭിച്ചത്. 2300 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത് 1480.6 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇടുക്കിയിലും മഴ കുറഞ്ഞു.

ഒരു മാസത്തിനിടെ നാല് ന്യൂനമർദങ്ങൾ

ആഗസ്റ്റ് മുതൽ സെപ്റ്റംബർ മാസം വരെ നാല് ന്യൂന മർദങ്ങളാണ് രൂപപ്പെട്ടത്. ആഗസ്റ്റ് 13,17,25 തീയതികളിലും സെപ്റ്റംബർ 2 നുമാണ് ന്യൂന മർദം രൂപപ്പെട്ടത്. എല്ലാം ബംഗാൾ ഉൾക്കടലിലാണ് രൂപപ്പെട്ടത്. 9നു ന്യൂന മർദ പാത്തി രൂപപ്പെടും.

 

LEAVE A REPLY

Please enter your comment!
Please enter your name here