അമ്മമാരുടെ മുലപ്പാലില്‍ പോലും വിഷം; യുറേനിയത്തിൻ്റെ സാന്നിധ്യം

0
28

അമ്മമാരുടെ മുലപ്പാലിൽ യുറേനിയത്തിൻ്റെ അംശം കണ്ടെത്തിയിരിക്കുന്നു. കുറഞ്ഞ ഐക്യു, നാഡീവ്യവസ്ഥയുടെ തകരാറ് തുടങ്ങി നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ഇത് കാരണമാവുന്നു.

ന്യൂഡൽഹി: സുരക്ഷിതമെന്ന് നമ്മൾ കരുതുന്ന അമ്മയുടെ മുലപ്പാൽ പോലും ഇപ്പോൾ കൃത്രിമം നിറഞ്ഞതാണെന്ന ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. പുതിയ പഠനപ്രകാരം അമ്മമാരുടെ മുലപ്പാലിൽ യുറേനിയത്തിൻ്റെ അംശം കണ്ടെത്തി.

ശിശുക്കളിൽ വലിയ രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇത് വഴി വയ്‌ക്കുന്നു. കുറഞ്ഞ ഐക്യു, നാഡീവ്യവസ്ഥയുടെ തകരാറ് തുടങ്ങി നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കും കുട്ടികളില്‍ ഇത് കാരണമാവുന്നു.

ബിഹാറിലെ വിവിധ ജില്ലകളിൽ നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഭോജ്‌പൂർ, സമസ്‌തിപൂർ, ബെഗുസാരായ്, ഖഗാരിയ, കതിഹാർ, നളന്ദ എന്നിവയുൾപ്പെടെ ആറ് ജില്ലകളിലാണ് പഠനം നടത്തിയത്. ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ചുള്ള പ്രതിവാര അന്താരാഷ്ട്ര ജേണലായ നേച്ചറിൽ ഈ പഠനം പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

അമ്മമാരുടെ മുലപ്പാലിലെ യുറേനിയത്തിൻ്റെ അംശം വിലയിരുത്തുന്നതിനും മുലപ്പാലിലൂടെ അമ്മയുമായി സമ്പർക്കം പുലർത്തുന്ന ശിശുക്കളിൽ യുറേനിയം മൂലം ഉണ്ടാവാൻ സാധ്യതയുള്ള ആരോഗ്യപ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിനുമായിരുന്നു പഠനം നടത്തിയത്. ബിഹാറിലെ വിവിധ ജില്ലകളിൽ നിന്ന് 17 നും 35 നും ഇടയിൽ പ്രായമുള്ള 40 മുലയൂട്ടുന്ന സ്ത്രീകളെ ഇതിനായി തെരഞ്ഞെടുത്തിരുന്നു.

2021 ഒക്ടോബർ മുതൽ 2024 ജൂലൈ വരെയാണ് പഠനത്തിൻ്റെ കാലയളവ്. പഠനത്തിൽ പങ്കെടുത്ത ഓരോ അമ്മയും 5 മില്ലി മുലപ്പാൽ സ്വമേധയാ നൽകി. സാമ്പിളുകൾ അണുവിമുക്തമാക്കിയ ഫാൽക്കൺ ട്യൂബുകളിൽ ശ്രദ്ധാപൂർവ്വം ശേഖരിച്ച് 2 °C നും 6 °C നും ഇടയിലുള്ള തണുത്ത താപനിലയിൽ ഒരു തണുത്ത ബോക്‌സിൽ സൂക്ഷിച്ചു.

തുടർന്ന് വിശദമായ യുറേനിയം വിശകലനത്തിനായി ബിഹാറിലെ പട്‌നയിലുള്ള മഹാവീർ കാൻസർ സൻസ്ഥാൻ & ഗവേഷണ കേന്ദ്രത്തിലേക്ക് (MCSRC) കൊണ്ടുപോയി. എല്ലാ മുലപ്പാൽ സാമ്പിളുകളിലും 0 നും 6 µg/L നും ഇടയിൽ യുറേനിയം സാന്ദ്രതയുണ്ടെന്ന് പരിശോധനാ ഫലങ്ങൾ കാണിച്ചു. മുലപ്പാലിലെ പരമാവധി യുറേനിയം സാന്ദ്രത 5.25 µg/L ആണെന്നാണ് പഠനങ്ങൾ പറയുന്നത്.

പഠനമനുസരിച്ച്, നളന്ദ ജില്ലയിലാണ് ഏറ്റവും കൂടുതൽ യുറേനിയത്തിൻ്റെ അംശം കണ്ടെത്തിയത്. 2.35 µg/L. അതേസമയം ഏറ്റവും ഉയർന്ന ശരാശരി മൂല്യം കതിഹാർ ജില്ലയിലാണ് 5.25 µg/L. മുലപ്പാലിലെ സാമ്പിളുകളിൽ അപകടകരമായ അളവിൽ യുറേനിയം കണ്ടെത്താൻ പഠനത്തിലൂടെ സാധിച്ചു. പരിമിതമായി മാത്രമാണ് മുലയൂട്ടലിലൂടെ യുറേനിയം കൈമാറ്റം ചെയ്യപ്പെടുന്നത് എന്നാണ് മുൻകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാരണം

കുടിവെള്ളമോ മറ്റ് ഭക്ഷണങ്ങളോ ആകാം ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. കുടിവെള്ള സ്രോതസുകളോ അതേ സ്ഥലത്ത് കൃഷി ചെയ്യുന്ന ഭക്ഷണ സ്രോതസുകളോ ഇതിൻ്റെ ഉറവിടമാകാമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. “മുലപ്പാലിലെ യുറേനിയം ശിശുക്കളിൽ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്ന് ഈ പഠനം കണ്ടെത്തിയിട്ടുണ്ട്,” ആരോഗ്യ മന്ത്രാലയത്തിലെ എംപവേർഡ് ആക്ഷൻ ഗ്രൂപ്പ് കമ്മിറ്റി അംഗവും പ്രശസ്‌ത ആരോഗ്യ വിദഗ്‌ദയുമായ ഡോ. സുനീല ഗാർഗ് പറഞ്ഞു.

വാസ്‌തവത്തിൽ, മറ്റ് സംസ്ഥാനങ്ങളിലെ ഇത്തരം പഠനങ്ങൾ മുലപ്പാലിലെ യുറേനിയം മലിനീകരണത്തിൻ്റെ സമാനമായ ദോഷങ്ങൾ തീർച്ചയായും കണ്ടെത്തുമെന്നും ഡോ. ഗാർഗ് കൂട്ടിച്ചേർത്തു. മാനുഷികാരോഗ്യത്തിന്, പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാർ, ശിശുക്കൾ തുടങ്ങിയവര്‍ക്ക് യുറേനിയം ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രശസ്‌ത ഗൈനക്കോളജിസ്റ്റ് ഡോ. അനിത ഗുപ്‌ത പറഞ്ഞു.

ശിശുക്കൾക്ക് പോഷകാഹാരത്തിൻ്റെ പ്രാഥമിക ഉറവിടം മുലപ്പാലാണെന്നും ഇത് അവരുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങളും ആൻ്റി ബോഡികളം നൽകുന്നു. എന്നാല്‍, മുലപ്പാലിൽ യുറേനിയം പോലുള്ള വിഷവസ്‌തുക്കൾ കലർന്നാൽ, അത് ശിശുക്കളുടെ ആരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തും. യുറേനിയത്തിൻ്റെ ദോഷ വശങ്ങൾക്ക് ശിശുക്കൾ ഇരയാകുന്നു, അവരുടെ അവയവങ്ങളുടെ പ്രവർത്തനം ഇത് മൂലം തകരാറിലാകുന്നുവെന്ന് ന്യൂഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടൻ്റും ഗൈനക്കോളജിസ്റ്റുമായ ഗുപ്‌ത പറഞ്ഞു.

സമീപ വർഷങ്ങളിൽ, ഭൂഗർഭജലത്തിൽ കലർന്ന യുറേനിയം വലിയ വിഷബാധയ്‌ക്ക് കാരണമാവുകയും ജനങ്ങളിൽ ഗുരുതര ആരോഗ്യ അപകടങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്. ഇന്ത്യയിൽ, ഏകദേശം 151 ജില്ലകളിലും 18 സംസ്ഥാനങ്ങളിലും ഭൂഗർഭജലത്തിൽ യുറേനിയം സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ ബിഹാറിൽ ഏകദേശം 1.7 ശതമാനം ഭൂഗർഭജല സ്രോതസുകളിൽ ഇത് കലർന്നിട്ടുണ്ട്.

ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചില സ്ഥലങ്ങളിൽ WHO അനുവദിച്ച പരിധിക്ക് മുകളിലുള്ള യുറേനിയം വ്യാപകമാണ്. ശിശുക്കൾക്ക് പോഷകാഹാരത്തിൻ്റെ പ്രാഥമിക ഉറവിടം മുലപ്പാലാണ്, അവരുടെ വളർച്ചയ്ക്കും വികാസത്തിനും പിന്തുണ നൽകുന്ന അവശ്യ പോഷകങ്ങളും ആൻ്റിബോഡികളും ഇവയിൽ നിന്ന് ലഭ്യമാവുന്നു.

ശിശുക്കൾക്ക് ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ ഇവ ഉൾപ്പെടുന്നു:

വൃക്കയ്ക്ക് കേടുപാടുകൾ: യുറേനിയം അടിഞ്ഞുകൂടുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും.

നാഡീ വൈകല്യം: ഉയർന്ന അളവ് നാഡീ വികാസത്തെ ബാധിച്ചേക്കാം, ഇത് വൈജ്ഞാനിക കഴിവുകളെയും മോട്ടോർ കഴിവുകളെയും ബാധിച്ചേക്കാം.

കാൻസർ സാധ്യത: ചില പഠനങ്ങൾ ചില കാൻസറുകൾക്കുള്ള ദീർഘകാല അപകടസാധ്യതയെ സൂചിപ്പിക്കുന്നു, എന്നിരുന്നാലും ഈ വിഷയത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here