വിപണിയെ അമ്പരപ്പിച്ച് സ്വർണവില താഴേക്ക്;

0
2
FILE PHOTO: Gold bangles are displayed at a jewellery store in Mumbai, India, March 20, 2025. REUTERS/Francis Mascarenhas/File Photo

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1,520 രൂപ കുറഞ്ഞ് 1,07,000 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,375 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണവിലയിൽ വലിയ വർധനയാണ് ഉണ്ടായിരുന്നത്. ഇന്നലെ പവന് 320 രൂപ വർധിച്ച് 1,07,440 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ഇതിന് പിന്നാലെയാണ് വിപണിയെ അമ്പരപ്പിച്ചുകൊണ്ട് ഇന്ന് അപ്രതീക്ഷിതമായി വില താഴ്ന്നത്.

നിരക്കിലെ ഈ പെട്ടെന്നുള്ള കുറവ് സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്കും നിക്ഷേപകർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. ആഗോള വിപണിയിലെ സാമ്പത്തിക ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വരും ദിവസങ്ങളിലും വില കുറയുമെന്ന പ്രതീക്ഷയിലാണ് ഉപയോക്താക്കൾ.

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിൻ്റെ പലിശനിരക്കുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളും രാജ്യാന്തര വിപണിയിലെ ബോണ്ട് യീൽഡിലെ മാറ്റങ്ങളുമാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഡോളർ കരുത്താർജിക്കുന്നതും സ്വർണത്തിന് തിരിച്ചടിയാകാറുണ്ട്. ഇതിനുപുറമെ പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങളും സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടാക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ എത്തുന്നതാണ് പലപ്പോഴും വില വർധിക്കാൻ കാരണമാകുന്നത്.

വിവിധ കാരറ്റുകളിലെ വില
സംസ്ഥാനത്ത് മൂന്ന് കാരറ്റുകളിലുമുള്ള സ്വർണവിലയിലും സമാനമായ ഇടിവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 155 രൂപ കുറഞ്ഞ് 10,995 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 87,960 രൂപയാണ് വിപണിവില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 8,560 രൂപയിലും പവന് 68,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 5,520 രൂപയും പവന് 44,160 രൂപയുമാണ് ഇന്നത്തെ നിരക്ക്.

വെള്ളിവിലയിൽ മാറ്റമില്ല
സ്വർണത്തോടൊപ്പം വ്യാപാര മേഖലയിൽ ദിനംപ്രതി വെള്ളിക്കും ആവശ്യക്കാർ ഏറെയാണ്. പ്രത്യേകിച്ച് വിവാഹ സീസണുകളിൽ വെള്ളിക്ക് ഡിമാൻഡ് കൂടുതലാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണ് വിപണി വില. 10 ഗ്രാം വെള്ളിക്ക് 2,500 രൂപയാണ് ഇന്നത്തെ നിരക്ക്. വ്യാവസായിക ആവശ്യങ്ങൾക്കും വെള്ളിയുടെ ഉപയോഗം വർധിക്കുന്നത് വിലയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ വെള്ളിവിലയിലും മാറ്റം കാണാൻ സാധിക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.

പണിക്കൂലിയും നികുതിയും
സംസ്ഥാനത്ത് സ്വർണാഭരണങ്ങൾക്ക് വില ഈടാക്കുന്നത് സ്വർണവില, പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്കിങ് ചാർജ് എന്നിവ ചേർത്താണ്. ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന ആഭരണത്തിൻ്റെ ഡിസൈനുകളും നിർമാണവും അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. മെഷീൻ ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ആൻ്റിക്, കട്ടിങ് ഡിസൈനുകളുള്ള ആഭരണങ്ങൾക്ക് പണിക്കൂലി കൂടുതലായിരിക്കും. അതിനാൽ സ്വർണം വാങ്ങുമ്പോൾ പണിക്കൂലിയിലെ വ്യത്യാസം ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം
സമാധാന ചർച്ചകൾക്കിടെ ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം സംബന്ധിച്ച് നിർണായക പ്രഖ്യാപനവുമായി ഇറാൻ രംഗത്തെത്തിയത് ആഗോള വിപണിയെ പിടിച്ചുലച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ഇറാൻ തന്നെ ഈ തന്ത്രപ്രധാന പാതയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കിയത്. സമാധാന നീക്കങ്ങൾക്ക് പിന്നാലെയുള്ള ഇറാൻ്റെ ഈ നിലപാട് ആഗോള സ്വർണവിലയുടെ ചാഞ്ചാട്ടങ്ങൾക്ക് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. എണ്ണ നീക്കത്തിൻ്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾ വരും ദിവസങ്ങളിൽ സ്വർണവിപണിയിൽ വലിയ പ്രതിഫലനങ്ങൾ സൃഷ്ടിച്ചേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here