വീണ്ടും മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങി നിതീഷ് കുമാര്‍, സത്യപ്രതിജ്ഞ ഈ മാസം 20ന് ഗാന്ധി മൈതാനത്ത്

0
33
Samastipur: PM Modi attends a public rally

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് മൃഗീയ ഭൂരിപക്ഷം കിട്ടിയതോടെ പട്‌നയിലും ഡല്‍ഹിയിലും തിരക്കിട്ട സര്‍ക്കാര്‍ രൂപീകരണ ഒരുക്കങ്ങള്‍ ആരംഭിച്ചു. ജെഡിയു, ബിജെപി, എല്‍ജെപി, ആര്‍എല്‍ഡിഎം തുടങ്ങിയ കക്ഷികളുടെ മുതിര്‍ന്ന നേതാക്കള്‍ പുതിയ സര്‍ക്കാരിന്‍റെ ഘടനയ്ക്ക് അന്തിമ രൂപം നല്‍കാനായി നിരവധി യോഗങ്ങള്‍ ഇതിനകം ചേര്‍ന്ന് കഴിഞ്ഞു.

നിതീഷ് കുമാര്‍ ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാകുമെന്ന് തന്നെയാണ് സൂചന. പത്താം തവണ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. ജെഡിയു നിയമസഭാ കക്ഷി ഇന്ന് യോഗം ചേര്‍ന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നിതീഷിന്‍റെ പേര് ഔദ്യോഗികമായി നിര്‍ദ്ദേശിക്കും. എന്‍ഡിഎയിലെ മറ്റ്കക്ഷികളുടെനിയമസഭ കക്ഷി യോഗവും നടക്കും.

ചിരാഗ് പാസ്വാന്‍ ഇതിനകം തന്നെ രാംവിലാസ് പാസ്വാന്‍റെ ലോക്‌ജനശക്തി പാര്‍ട്ടിയുടെ ഉന്നതനേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിക്കഴിഞ്ഞു. എല്ലാ കക്ഷികളും ഐക്യകണ്ഠേന നിതീഷിന്‍റെ നേതൃത്വത്തെ പിന്തുണച്ചിരിക്കുകയാണ്. നിതീഷിന്‍റെ മുഖ്യമന്ത്രിപദം അംഗീകരിക്കാന്‍ ബിജെപി നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് രാഷ്‌ട്രീയ വിദഗ്ദ്ധരുടെ നിരീക്ഷണം.അദ്ദേഹത്തിന്‍റെ ഭരണപരിചയവും ജാതികള്‍ക്കും മേഖലകള്‍ക്കുമിടയിലെ വിശാലമായ സ്വീകാര്യതയും കണ്ടില്ലെന്ന് നടിക്കാന്‍ ബിജെപിക്ക് ആകില്ല.

ഇന്ന് നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള കാവല്‍ സര്‍ക്കാരിന്‍റെ അവസാന മന്ത്രിസഭായോഗം നടക്കും.നിലവിലുള്ള സര്‍ക്കാരിനെ പിരിച്ച് വിടാന്‍ മന്ത്രിസഭ യോഗം ശുപാര്‍ശ ചെയ്യും. അതോടെ പുതിയ സര്‍ക്കാരിന് അധികാരത്തില്‍ വരാന്‍ കളമൊരുങ്ങും.

പട്‌നയിലെ ചരിത്ര ഭൂമികയായ ഗാന്ധി മൈതാനം മഹാ സത്യപ്രതിജ്ഞയ്ക്ക് ഇതിനകം തന്നെ ഒരുങ്ങിത്തുടങ്ങി. പല വമ്പന്‍ രാഷ്‌ട്രീയ പരിപാടികള്‍ക്കും വേദിയിയായിട്ടുള്ള പരമ്പരാഗത ഇടമാണ് ഗാന്ധി മൈതാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി,വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന എന്‍ഡിഎ നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സൂചന.

ജെഡിയുവിന്‍റെ മുതിര്‍ന്ന നേതാക്കളായ ദേശീയഎക്‌സിക്യുട്ടീവ് പ്രസിഡന്‍റ് സഞ്ജയ് ഝാ, കേന്ദ്രമന്ത്രി ലാലന്‍ സിങ് തുടങ്ങിയവര്‍ ഡല്‍ഹിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.എല്ലാ കക്ഷികളുടെയും ആഭ്യന്തര കൂടിക്കാഴ്‌ചകള്‍ക്ക് ശേഷം എന്‍ഡിഎയുടെ സംയുക്ത നിയമസഭ കക്ഷി യോഗം നടക്കും. എന്‍ഡിഎയുടെ പുതിയ നിയമസഭാ കക്ഷി നേതാവിനെ ഐക്യകണ്ഠേന തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

ഈ മാസം ഇരുപതിനാകും സത്യപ്രതിജ്ഞയെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മാസം 22ന് മുമ്പ് പുതിയസര്‍ക്കാര്‍ രൂപീകരിക്കേണ്ടതുണ്ട്.

നിതീഷ് കുമാര്‍ തന്നെയാണ് വീണ്ടും മുഖ്യമന്ത്രി ആകുന്നതെങ്കില്‍ അദ്ദേഹം പത്താം തവണയും ചുമതലയേറ്റ് ചരിത്രം സൃഷ്‌ടിക്കും. നിതീഷിനെ മുഖ്യമന്ത്രിയാക്കേണ്ടത് ബിജെപിയുടെ ആവശ്യകതയാണെന്ന് രാഷ്‌ട്രീയ വിദഗ്ദ്ധന്‍ അരുണ്‍ പാണ്ഡെ പറയുന്നു. മറ്റാരെങ്കിലും വേറെയാരെങ്കിലും ആ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രിസഭാംഗങ്ങളുടെ എണ്ണം-36

ബിഹാര്‍ നിയമസഭയുടെ അംഗബലം 243 ആയത് കൊണ്ട് തന്നെ 36 മന്ത്രിമാര്‍ വരെയാകാം. നിലവില്‍ എന്‍ഡിഎയുടെ അംഗബലം 202 ആണ്. ഇതില്‍ ബിജെപി 89, ജെഡിയു 85,എല്‍ജെപി 19, എച്ച്എഎം അഞ്ച്, ആര്‍എല്‍ഡിഎം നാല് എന്നിങ്ങനെയാണ് കക്ഷി നില.

ആദ്യം 34 മന്ത്രിമാരാകും സത്യപ്രതിജ്ഞ ചെയ്യുക.ഭാവിയിലെ നീക്കുപോക്കുകള്‍ക്കായി ബാക്കി ഒഴിച്ചിടും.

  • ബിജെപിയില്‍ നിന്ന് 15 മന്ത്രിമാര്‍
  • ജെഡിയുവില്‍ നിന്ന് 14 മന്ത്രിമാര്‍
  • എല്‍ജെപിയില്‍ നിന്ന് 3 മന്ത്രിമാര്‍
  • എച്ച്എഎം, ആര്‍എല്‍ഡിഎം തുടങ്ങിയവയില്‍ നിന്ന് ഓരോരുത്തര്‍

എന്നിങ്ങനെയാണ് സൂചന.

നിലവിലുള്ള ചില മന്ത്രിമാര്‍ക്ക് അവരുടെ പദവി നഷ്‌ടപ്പെട്ടേക്കാം. ചിലര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കൊണ്ടും മറ്റ് ചിലര്‍ക്ക് പുനഃസംഘടന കൊണ്ടുമാണ് പദവി നഷ്‌ടമാകുന്നത്. ഉദാഹരണത്തിന് ജെഡിയുവിന്‍റെ സുമിത് സിങ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇതോടെ ഇക്കുറി മന്ത്രിസ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് കഴിയില്ല.

നിതീഷ് കുമാര്‍ മുഖ്യമന്ത്രി ആയാല്‍ ബിജെപി നേതാവ് സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിയായി തുടരുമെന്ന് ഉറപ്പാണ്. ഇതിന് പുറമെ മേല്‍ജാതിക്കാരനായ ഒരു ഉപമുഖ്യമന്ത്രിയെ കൂടി ബിജെപി നിയമിച്ചേക്കാം. നിയമസഭ സ്‌പീക്കര്‍ സ്ഥാനത്തിനും ബിജെപി ചരട് വലികള്‍ നടത്തുന്നുണ്ട്.

ജെഡിയുവില്‍ നിന്ന് വിജേന്ദ്രപ്രസാദ് യാദവ്, വിജയ് കുമാര്‍ ചൗധരി, ശ്രാവണ്‍കുമാര്‍,ലെസി സിങ്, ഷീല മണ്ഡല്‍, മഹേശ്വര്‍ ഹസാരി, ശ്യാം രാജക്,മദന്‍ സാഹ്‌നി,ജമഖാന്‍, ജയന്തര് രാജ്, സുനില്‍കുമാര്‍ തുടങ്ങിയവര്‍ മന്ത്രിപദത്തിലേക്ക് തിരികെ എത്തിയേക്കും.

സമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ, മംഗല്‍ പാണ്ഡെ, നിതിന്‍ നവീന്‍,നിതീഷ്‌ മിശ്ര, രേണു ദേവി തുടങ്ങിയവര്‍ ബിജെപിയില്‍ നിന്ന് മന്ത്രിമാരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുമുഖങ്ങളായ രാം കൃപാല്‍ യാദവ്, സുനില്‍ കുമാര്‍ പിന്‍റു, ശ്രേയസി സിങ് തുടങ്ങിയവരും മന്ത്രിസഭയിലെത്തിയേക്കും.

ഉപേന്ദ്ര കുശ്വാഹ ഭാര്യയെ മന്ത്രിപദത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്‌യുമെന്നാണ് കരുതുന്നത്. എച്ച്എഎമ്മില്‍ നിന്നുള്ള സന്തോഷ് സുമന്‍ മന്ത്രിപദവിയില്‍ തുടര്‍ന്നേക്കും. എല്‍ജെപിയില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ രാജു തിവാരിക്കാണ് സാധ്യത.

ജെഡിയുവിന്‍റെ മിക്ക മന്ത്രിമാരും തുടരുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാല്‍ ബിജെപിയില്‍ കാര്യമായ പൊളിച്ചെഴുത്തുകള്‍ ഉണ്ടാകും. മുതിര്‍ന്ന ബിജെപി നേതാവ് പ്രേംകുമാര്‍ പ്രായാധിക്യം കാരണം ഇക്കുറി മന്ത്രിസഭയിലുണ്ടായേക്കില്ല.പകരം മറ്റൊരു പദവി അദ്ദേഹത്തിന് നല്‍കുമെന്നാണ് സൂചന.

ബിജെപി വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ ഇടയുണ്ടെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ പിന്നാക്ക, അതീവ പിന്നാക്ക വിഭാഗങ്ങളെയും മന്ത്രിസഭയില്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.

എന്‍ഡിഎയ്ക്ക് വനിതകളില്‍ നിന്ന് നല്ല പിന്തുണയാണ് ഇക്കുറി ലഭിച്ചത്. പുരുഷന്‍മാരെക്കാള്‍ ഒന്‍പത് ശതമാനത്തിലേറെ സ്‌ത്രീകള്‍ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്‌തു. നിലവില്‍ മൂന്ന് വനിതാ മന്ത്രിമാരാണ് നിതീഷ് മന്ത്രിസഭയിലുള്ളത്. ലെഷി സിഭ്, ഷീല മണ്ഡല്‍, രേണു ദേവി എന്നിവരാണ് നിതീഷിന്‍റെ മന്ത്രിസഭയിലെ വനിതകള്‍. വനിതകളില്‍ നിന്നുണ്ടായ പിന്തുണയ്ക്ക് പകരമായി വനിതാമന്ത്രിമാരുടെ എണ്ണത്തില്‍ ബിജെപി കാര്യമായ വര്‍ദ്ധന വരുത്തുമെന്നാണ് സൂചന.

ജമാഖാനും പ്രതിനിധ്യം

2020ല്‍ എന്‍ഡിഎയില്‍ നിന്ന് ഒരു മുസ്ലീം സ്ഥാനാര്‍ത്ഥി പോലും വിജയിച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി ജെഡിയുവിന്‍റെ ജമഖാന്‍ ചെയിന്‍പൂരില്‍ നിന്ന് വിജയം നേടി. നേരത്തെ അദ്ദേഹത്തിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കിട്ടിയിരുന്നു. ഇക്കുറിയും അദ്ദേഹത്തെ പരിഗണിക്കുമെന്നുറപ്പാണ്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നീക്കിയതോടെ വലിയ ആഘോഷങ്ങള്‍ക്ക് കളമൊരുങ്ങുന്നത്. പലവട്ടം സത്യപ്രതിജ്ഞയ്ക്ക് വേദിയായിട്ടുള്ള ഗാന്ധി മൈതാനം ഒരിക്കല്‍ കൂടി ചരിത്ര സാക്ഷിയാകാന്‍ ഒരുങ്ങുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here