കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിൻ്റെ ആവേശപ്പരപ്പായി ഓമശേരി അമ്പലക്കണ്ടിവയൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 26 അടി പൊക്കമുള്ള കട്ടൗട്ട് പൊങ്ങിയതിന് പിന്നാലെ 35 അടി ഉയരമുള്ള നെയ്‌മറും ഉയർന്നു. ബ്രസീൽ ഫാൻസുകാരായ അനീസ്, നൗഫൽ, സാലിം, അറഫാത്ത്, ഷബീർ, സിനാൻ കെഎം, സിനാൻ ഇ കെ, ഖൈസ്, ജബീൽ, സുഫിയാൻ, നിസാം, നിയാസ് കെ ടി തുടങ്ങിയവരാണ് നെയ്‌മറെ പൊക്കിയത്.
പോർച്ചുഗൽ ഫാൻസുകാർ സി ആർ സെവനെ ഉയർത്തിയപ്പോൾ തന്നെ വെല്ലുവിളികളുമായി ഇതര ഫാൻസുകാർ എത്തിയിരുന്നു. പതിനായിരത്തിലേറെ ചെലവാക്കിയാണ് നെയ്‌മർ കട്ട്ഔട്ട് ഉയർത്തിയതെന്ന് ആരാധകനായ സിനാൻ ഇ കെ പറഞ്ഞു. പച്ചപ്പുൽ മൈതാനിയിൽ താരങ്ങൾ തലപൊക്കിയതോടെ കാഴ്‌ചക്കാരുടെ തിരക്കാണ്. റോഡിലൂടെ പോകുന്നവർ വാഹനങ്ങൾ നിർത്തിയാണ് ഈ കാഴ്‌ച കാണുന്നത് എന്നാതാണ് നിലവിലെ രംഗം.
റോഡിൽനിന്നു നോക്കിയാൽ തലയെടുപ്പോടെ രണ്ട് താരങ്ങളെയും കാണാം. ഫുട്ബോൾ റീലിലൂടെ വൈറലായ ഇബ്രാഹിം അമ്പലക്കണ്ടിയുടെ ബന്ധുവിൻ്റെതാണ് വയൽ. ഒട്ടേറെ വർഷങ്ങളായി കായിക മേഖലയിൽ സജീവമായ ഇബാഹിം അമ്പലക്കണ്ടി റിവഞ്ചേഴ്‌സ് ക്ലബിൻ്റെ പ്രസിഡൻ്റാണ്. കടുത്ത അർജൻ്റീന ആരാധകനും വോളിബോളും സെവൻസും അടക്കം ഒട്ടേറെ മത്സരങ്ങളുടെ നടത്തിപ്പുകാരനുമാണ് ഇദ്ദേഹം. അർജൻ്റീന താരം മെസ്സിയുടേയും ഖത്തറിൻ്റെ മലയാളി താരം തെഹ്‌സിൻ മുഹമ്മദിൻ്റെയും കട്ടൗട്ടുകൾ രണ്ടു ദിവസത്തിനകം ഉയരുമെന്നും ഫാൻസുകാർ പറഞ്ഞു.
സന്തോഷം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ആരാധകർ
മെസ്സി, റൊണാൾഡോ, നെയ്‌മർ എന്നിവരുടെ പടുകൂറ്റൻ കട്ടൗട്ട് ഉയർന്നപ്പോൾ 2022ൽ പുള്ളാവൂർ ആയിരുന്നു ആരാധക ശ്രദ്ധ പിടിച്ചു പറ്റിയെങ്കിൽ ഈ തവണ അമ്പലക്കണ്ടി വയലാണ് താരം. സി ആർ സെവൻ്റെ തല ഉയർന്നത്തോടെ തന്നെ നാട്ടുകാർക്ക് പുറമേ മറ്റു പല പ്രദേശങ്ങളിൽ നിന്നും ആളുകൾ ഈ വയൽക്കരയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട് ഈ കായിക വിരുന്ന് ആസ്വദിക്കാൻ.
ഓമശ്ശേരിയിൽ എന്ത് പ്രായം ഭായ്! വികാരമല്ലേ…
ഫുട്ബോൾ കളിക്കാരെക്കൊണ്ട് സമ്പന്നമാണ് ഓമശേരി അമ്പലക്കണ്ടി പ്രദേശം. പ്രായഭേദമന്യേ നിരവധിപേർ ടെറസിൽ അടക്കം ഫുട്ബോൾ കളിക്കാൻ എത്തുന്നുണ്ട്. നിരവധി ഫുട്ബോൾ ടൂർണമെൻ്റുകളും ഇവിടെ നടക്കാറുണ്ട്. ലോകകപ്പ് ഫുട്ബോളും ഈ നാട്ടിൽ ആവേശം ഒട്ടും ചോർത്തിയിട്ടില്ല. ഓരോ ടീമുകളുടെയും ആരാധകർ തമ്മിലുള്ള വലിയ തരത്തിലുള്ള വാശിയും മത്സരങ്ങളും ഇവിടെ നടക്കുന്നുണ്ട്. അത് തന്നെയാണ് ഈ നാടിൻ്റെ സൗന്ദര്യവും.
കേരളത്തിലെ പ്രത്യേകിച്ചും മലബാറിലെ ഫുട്ബോൾ ആരാധകരുടെ കടുത്ത ആവേശം ഫിഫയുടെയും അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി ആയിരിക്കേ രാജീവ് ഗാന്ധി ഹെലികോപ്റ്ററിൽ വന്നിറങ്ങിയതിലൂടെ പ്രശസ്‌തമായ അമ്പലക്കണ്ടി വയൽ ഫുട്ബോൾ താരങ്ങളുടെ തലയെടുപ്പ് കൊണ്ടാണ് നിലവിൽ വൈറലാകുന്നത്.









