രഞ്ജി ട്രോഫിയിൽ കരകയറി കേരളം; തിളങ്ങി അപരാജിത്-അഭിജിത് കൂട്ടുകെട്ട്,

0
20

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഏഴുവിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെന്ന നിലയില്‍. ബാബ അപരാജിത്, അഭിജിത് പ്രവീണ്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ഇന്നലെ കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അഭിഷേക് ജെ നായർ, അഭിജിത് പ്രവീൺ, ശ്രീഹരി എസ് നായർ എന്നിവർ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചു. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് മത്സരം.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി അഭിഷേക് ജെ നായരും രോഹൻ കുന്നുമ്മലും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. എന്നാൽ രണ്ടാം ഓവറിൽ തന്നെ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റ് നഷ്ടമായി. കുമാ‍‍‍‍ർ കാ‍ർത്തികേയയുടെ പന്തിൽ ഹർപ്രീത് സിങ് ക്യാച്ചെടുത്താണ് താരത്തെ മടക്കിയത്.രണ്ടാം വിക്കറ്റിൽ അഭിഷേകും അങ്കിത് ശ‍ർമ്മയും ചേർന്ന് 54 റൺസ് കൂട്ടിച്ചേ‍ർത്തു. എന്നാൽ 20 റൺസെടുത്ത അങ്കിത് ശർമ്മയെ എൽബിഡബ്ല്യൂവിൽ കുടുക്കി സരന്‍ശ് ജെയിൻ കൂട്ടുകെട്ടിന് അവസാനമിട്ടു. പിന്നാലെ തുടരെ വിക്കറ്റുകൾ വീണത് കേരളത്തിന് തിരിച്ചടിയായി.

അങ്കിതിന് ശേഷമെത്തിയ സച്ചിൻ ബേബി റണ്ണൊന്നുമെടുക്കാതെ മടങ്ങി. സരന്‍ശ് ജെയിൻ തന്നെയാണ് താരത്തേയും പുറത്താക്കിയത്. അഭിഷേകിനെയും മുഹമ്മദ് അസറുദ്ദീനെയും അഹ്മദ് ഇമ്രാനെയും മൊഹമ്മദ് അർഷദ് ഖാനും പുറത്താക്കിയതോടെ ആറ് വിക്കറ്റിന് 105 റൺസെന്ന നിലയിലായിരുന്നു കേരളം. അഭിഷേക് 47ഉം അസറുദ്ദീൻ 14ഉം അഹ്മദ് ഇമ്രാൻ അഞ്ചും റൺസായിരുന്നു നേടിയത്. തുട‍ർന്ന് ഏഴാം വിക്കറ്റിൽ ബാബ അപരാജിത്തും അഭിജിത് പ്രവീണും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തെ കരയകയറ്റിയത്.

ഇരുവരും ചേർന്ന് 122 റൺസാണ് കൂട്ടിച്ചേ‍ർത്തത്. 60 റൺസെടുത്ത അഭിജിതിനെ പുറത്താക്കി സാരാംശ് ജെയിനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. കളി നിർത്തുമ്പോൾ 83 റൺസോടെ ബാബ അപരാജിത്തും ഏഴ് റൺസോടെ ശ്രീഹരി എസ് നായരുമാണ് ക്രിസീൽ. മധ്യപ്രദേശിന് വേണ്ടി സാരാംശ് ജെയിനും മൊഹമ്മദ് അർഷദ് ഖാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

കഴിഞ്ഞ കളിയിൽ സൗരാഷ്ട്രയ്‌ക്കെതിരെ പുറത്തെടുത്ത മികച്ച പ്രകടനത്തിൻ്റെ ആത്മവിശ്വാസവുമായാണ് കേരളം കളിക്കാനിറങ്ങിയത്. ആദ്യ ഇന്നിങ്സ് ലീഡിൻ്റെ മികവിൽ മത്സരത്തിൽ നിന്ന് കേരളം മൂന്ന് പോയിൻ്റ് സ്വന്തമാക്കിയിരുന്നു. ഇതുൾപ്പടെ കേരളത്തിന് ആകെ അഞ്ച് പോയിൻ്റാണുള്ളത്. മറുവശത്ത് നാല് കളികളിൽ നിന്ന് 15 പോയിൻ്റുമായി ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ്.

മധ്യപ്രദേശിനെതിരായ മത്സരത്തിന് മുന്നോടിയായി കേരള ടീമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരിക്കിനെ തുടർന്ന് എ കെ ആകർഷിനെയും എൻ പി ബേസിലിനെയും ടീമിൽ നിന്ന് ഒഴിവാക്കി. ശുഭം ശർമ്മയുടെ കീഴിലാണ് മധ്യപ്രദേശ് ഇറങ്ങിയത്.

കേരള ടീം – മൊഹമ്മദ് അസറുദ്ദീൻ, അഭിഷേക് പി നായർ, അഭിഷേക് ജെ നായർ, കൃഷ്ണപ്രസാദ്, രോഹൻ എസ് കുന്നുമ്മൽ, അഹ്മദ് ഇമ്രാൻ, സച്ചിൻ ബേബി, ബാബ അപരാജിത്, വരുൺ നായനാർ, നിധീഷ് എം ഡി, ഏദൻ ആപ്പിൾ ടോം, അഭിജിത് പ്രവീൺ, ഹരികൃഷ്ണൻ എം യു, വൈശാഖ് ചന്ദ്രൻ, അങ്കിത് ശർമ്മ, സിബിൻ പി ഗിരീഷ്, ശ്രീഹരി.

LEAVE A REPLY

Please enter your comment!
Please enter your name here