അമിത വണ്ണമുള്ള കുട്ടികളുടെ എണ്ണം കൂടുന്നു; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു,

0
42

പോഷകാഹാരക്കുറവുള്ള കുട്ടികളെക്കാൾ അമിത വണ്ണമുള്ള കുട്ടികളുടെ എണ്ണം പ്രതിവർഷം കുത്തനെ ഉയരുന്നതായി പുതിയ റിപ്പോർട്ട്. ലോകമെമ്പാടുമുള്ള സ്‌കൂൾ കുട്ടികളിലും കൗമാരക്കാരിലും നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി യൂണിസെഫ് (യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻ ഫണ്ട്) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

ഐക്യരാഷ്‌ട്രസഭയുടെ കണക്കനുസരിച്ച് 2025 പൂര്‍ത്തിയാകുമ്പോഴേക്കും 5നും 19നും ഇടയിൽ പ്രായമുള്ള 10 കുട്ടികളിൽ ഒരാൾക്ക് വിട്ടുമാറാത്ത രോഗം ഉണ്ടാകുമെന്നാണ് പറയുന്നത്. പോഷകാഹാരക്കുറവുള്ള കുട്ടികളുള്ള രാജ്യങ്ങളിൽ ജങ്ക് ഫുഡുകളുടെ എളുപ്പത്തിലുള്ള ലഭ്യതയാണ് ഇതിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലോകമെമ്പാടുമായി 188 ദശലക്ഷം കുട്ടികൾക്ക് അമിത വണ്ണമുണ്ടെന്നും അത് ടൈപ്പ് -2 പ്രമേഹം, ഹൃദ്രോഗങ്ങൾ, ചില അർബുദങ്ങൾ തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

“കുട്ടികളുടെ ആരോഗ്യത്തെയും വികാസത്തെയും ബാധിക്കുന്ന വളർന്നുവരുന്ന ആശങ്കയാണ് അമിത വണ്ണം. കുട്ടികളുടെ വളർച്ച, വൈജ്ഞാനിക വികസനം, മാനസികാരോഗ്യം എന്നിവയിൽ പോഷകാഹാരം നിർണായക പങ്ക് വഹിക്കുന്നു. ഇക്കാലത്ത്, പഴങ്ങൾക്കും പച്ചക്കറികൾക്കും പ്രോട്ടീനുകൾക്കും പകരമായി അൾട്രാ-പ്രൊസസ്‌ഡ് ഭക്ഷണം കുട്ടികളുടെ മെനുവിൽ വർധിക്കുകയാണ്.” യൂണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കാതറിൻ റസൽ പറഞ്ഞു.

190ലധികം രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ‘ഫീഡിങ് പ്രോഫിറ്റ്: ഹൗ ഫുഡ് എൻവയോൺമെൻ്റ്സ് ആർ ഫെയിലിങ് ചിൽഡ്രൻ’ എന്ന റിപ്പോർട്ടിലാണ് വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. 5-19 വയസുള്ള കുട്ടികളിൽ വേണ്ടവിധത്തിലുള്ള പോഷകാഹാരം ലഭിക്കാതെയുള്ളവരുടെ എണ്ണം 13 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞു. എന്നാൽ അതേ പ്രായപരിധിയിലുള്ള അമിതവണ്ണമുള്ളവരുടെ എണ്ണം ഇരട്ടിയായി വർധിച്ചൂവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രമേഹം, ചിലതരം അർബുദങ്ങൾ, ഉത്കണ്‌ഠ, വിഷാദം തുടങ്ങിയവ ഉള്ളവരിലാണ് ഈ വർധനവ് കൂടുതൽ പ്രകടമായതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 5-19 വയസ് വരെയുള്ളവരിൽ 163 ദശലക്ഷം പേർ അമിതവണ്ണമുള്ളവരാണെന്ന് 2022ലെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ 2000ൽ ഇത് വെറും മൂന്ന് ശതമാനം മാത്രമായിരുന്നുവെന്ന് കണക്കുകൾ രേഖപ്പെടുത്തുന്നു.

2000ൽ 5 മുതൽ 19 വയസ് വരെ പ്രായമുള്ളവരിൽ പോഷകാഹാര കുറവുള്ളവരുടെ എണ്ണം 13 ശതമാനത്തിൽ നിന്ന് 9.2 ശതമാനമായി കുറഞ്ഞു. അതേ കാലയളവിൽ അമിത വണ്ണമുള്ളവരുടെ എണ്ണം മൂന്നിരട്ടിയായതായും റിപ്പോർട്ടിൽ പറയുന്നു. സഹാറൻ ആഫ്രിക്കയും ദക്ഷിണേഷ്യയും ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും അമിത വണ്ണമുള്ള കുട്ടികളുടെ നിരക്ക് പോഷകാഹാരക്കുറവിനേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പസഫിക് ദ്വീപുകളിലെ സ്ഥിതി രൂക്ഷമാണ്. പരമ്പരാഗത ഭക്ഷണക്രമങ്ങൾക്ക് പകരം വിലകുറഞ്ഞതും ഇറക്കുമതി ചെയ്‌തതുമായ ഭക്ഷണങ്ങളാണ് ലഭ്യമാകുന്നത്.

ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലും സമാന സ്ഥിതി:

ചിലിയിലെ കുട്ടികളിൽ 27 ശതമാനവും അമേരിക്കൻ, അറബ് രാജ്യങ്ങളിൽ 21 ശതമാനവും അമിത വണ്ണമുള്ളവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവരില്‍ ഇൻസുലിൻ ഉത്പാദനത്തിലെ കുറവ്, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അമിത വണ്ണത്തിന് കാരണമാകുന്ന ചില വസ്‌തുക്കളിലേക്കും റിപ്പോർട്ട് വിരൽ ചൂണ്ടുന്നുണ്ട്. പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പുകൾ, അഡിറ്റീവുകൾ എന്നിവ കൂടുതലായി അടങ്ങിയ അൾട്രാ-പ്രോസസ്‌ഡ്, ഫാസ്റ്റ് ഫുഡുകൾ കുട്ടികളുടെ ഭക്ഷണക്രമത്തിൽ ആധിപത്യം സ്ഥാപിക്കുകയും കുട്ടികളുടെ ഭക്ഷണക്രമത്തെ സ്വാധീനിക്കുകയും ചെയ്യുന്നു.

170 രാജ്യങ്ങളിലായി 64,000 യുവാക്കളിൽ യൂണിസെഫ് നടത്തിയ പരിശോധനയില്‍ 75 ശതമാനം പേരും പഞ്ചസാര പാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവയുടെ പരസ്യങ്ങൾ കണ്ടതായി റിപ്പോർട്ട് ചെയ്‌തു. അതില്‍ 60 ശതമാനം പേർ പരസ്യങ്ങളിലെ ഉത്‌പന്നങ്ങൾ തങ്ങളെ സ്വാധീനിച്ചതായും പറയുന്നു. സംഘർഷബാധിത രാജ്യങ്ങളിൽ പോലും 68 ശതമാനം യുവാക്കളും ഈ പരസ്യങ്ങൾ കണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കി.ഇത്തരം പ്രവണതകൾ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യൂണിസെഫ് മുന്നറിയിപ്പ് നൽകി.

സർക്കാർ നടപടിയെടുക്കണം: നിർബന്ധിത ഭക്ഷണ ലേബലിങ്, മാർക്കറ്റിങ് നിയന്ത്രണങ്ങൾ, അനാരോഗ്യകരമായ ഉത്‌പന്നങ്ങൾക്ക് നികുതി, സ്‌കൂളുകളിലെ ജങ്ക് ഫുഡ് നിരോധനം, ശക്തമായ സാമൂഹിക സംരക്ഷണ പരിപാടികൾ, വ്യവസായ ഇടപെടലുകളിൽ നിന്ന് നയരൂപീകരണത്തെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികൾ എന്നിവ ഉൾപ്പെടെ വിപുലമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ലോകമെമ്പാടുമുള്ള സർക്കാരുകളോട് യൂണിസെഫ് ആവശ്യപ്പെട്ടു.

“ഓരോ കുട്ടിക്കും അവരുടെ വളർച്ചയ്ക്കും വികാസത്തിനും പിന്തുണ നൽകുന്നതിനായി പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമായിരിക്കണം. കുട്ടികൾക്ക് പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണങ്ങൾ ലഭ്യമാക്കുന്നതിന് മാതാപിതാക്കളെ പിന്തുണയ്ക്കുന്ന നയങ്ങൾ നമുക്ക് അടിയന്തരമായി ആവശ്യമാണെന്നു” റസൽ കൂട്ടിച്ചേർത്തു.

അടിയന്തര നടപടികൾ: വികസിത രാജ്യങ്ങളിലാണ് അമിത വണ്ണമുള്ള കുട്ടികളുടെ എണ്ണം കൂടുതലുള്ളതെന്ന് റിപ്പോർട്ട് പറയുന്നു. ചില സംഘർഷ മേഖലകളിലോ മാനുഷിക പ്രതിസന്ധികളുള്ള പ്രദേശങ്ങളിലോ, വലിയ ഭക്ഷ്യ-പാനീയ കമ്പനികൾ അത്തരം സാഹചര്യങ്ങൾ മുതലെടുത്ത് സ്വന്തം ഇമേജും മാർക്കറ്റിങ് തന്ത്രങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി അൾട്രാ-പ്രോസസ്‌സഡ് ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here