തൃശൂർ: സെല്ലിൽ കയറാൻ പറഞ്ഞതിന് ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച് തടവുകാർ. വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരാണ് ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ജീവനക്കാരനായ അഭിനവ്, തടവുകാരനായ റെജി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മാവോയിസ്‌റ്റ് കേസിലെ പ്രതി മനോജ്, കാപ്പാ കേസ് പ്രതി അസറുദ്ദീൻ എന്നിവരാണ് ജയിലിലെ ഉദ്യോഗസ്ഥനെയും മറ്റൊരു തടവുകാരനെയും ആക്രമിച്ചത്. ഇവർക്കെതിരെ വിയൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. തീവ്രവാദ കേസുകളിൽ ഉൾപ്പെട്ട പ്രതികളെയും കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം (കാപ്പ) തടവുകാരെയും പാർപ്പിച്ചിരിക്കുന്ന വിയ്യൂരിലെ ഹൈ സെക്യൂരിറ്റി ജയിലിൽ ഇന്നലെ (നവംബർ 13) വൈകിട്ടാണ് സംഭവം.
അസറുദ്ദീൻ, മനോജ് എന്നീ രണ്ട് തടവുകാരോട് അവരുടെ സെല്ലുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആക്രമിച്ചത്. ഇരുവരും കയറാൻ വിസമ്മതിക്കുകയായിരുന്നു. നിർദേശത്തിൽ പ്രകോപിതനായ അസറുദ്ദീൻ ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു. പിന്നാലെ രക്ഷിക്കാൻ എത്തിയ മറ്റൊരു തടവുകാരനായ റെജിയേയും ഇവർ ആക്രമിച്ചു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചത്. കഴുത്തിലും കൈയിലും മുറിവേറ്റിട്ടുണ്ടെന്ന് എഫ്ഐആറിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ മറ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും ഉടൻ തന്നെ അഭിനവിനെയും റെജികുമാറിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്‌തു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. അവരുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നും ആക്രമണം നടത്തിയ തടവുകാരെ അവരുടെ സെല്ലുകൾക്കുള്ളിൽ പൂട്ടിയിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളുടെ അറസ്‌റ്റ് ഉടൻ തന്നെ ഔദ്യോഗികമായി രേഖപ്പെടുത്തുമെന്നും അതിനുശേഷം റിമാൻഡ് നടപടികൾക്കായി കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
അഭിനവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ തടവുകാർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കെതിരെ വിയ്യൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. അതിൽ 109(1) (കൊലപാതകശ്രമം), 117(2) (ഗുരുതരമായ പരിക്കേൽപ്പിക്കൽ), 118(1) (അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് സ്വമേധയാ പരിക്കേൽപ്പിക്കൽ), 115(2) (മനപ്പൂർവ്വം പരിക്കേൽപ്പിക്കൽ), 126(2) (തെറ്റായ നിയന്ത്രണം), 121(2) (പൊതുപ്രവർത്തകനെ സ്വമേധയാ ഗുരുതരമായ പരിക്കേൽപ്പിക്കൽ), 132 (ഒരു പൊതുപ്രവർത്തകനെ ആക്രമിക്കൽ), 296 (അശ്ലീല പ്രവൃത്തികൾ) (പൊതു ഉദ്ദേശ്യത്തോടെ ഒന്നിലധികം വ്യക്തികൾ ചെയ്യുന്ന ക്രിമിനൽ പ്രവൃത്തികൾ) എന്നിവയും ഉൾപ്പെടുന്നു.







