ഉറുമ്പിനെ പേടിച്ച് ആത്മഹത്യ, മിർമിക്കോഫോബിയ അത്ര നിസാരമല്ല;

0
40

ഉറുമ്പുകളോടുള്ള പേടി അഥവാ മിർമിക്കോഫോബിയ എന്ന രോഗം വളരെ ഗൗരവം നിറഞ്ഞതാണ്. രോഗത്തെ എങ്ങനെ തടയാമെന്ന് ഡോക്‌ടർമാർ നിർദേശിക്കുന്നത് ശ്രദ്ധിക്കുക.

റുമ്പുകളെ പേടിച്ച് ആത്മഹത്യ ചെയ്‌തു എന്ന് കേട്ടിട്ടുണ്ടോ? എന്നാൽ ഇങ്ങനെയും സംഭവമുണ്ട്. തെലങ്കാനയിലെ സംഗറെഡിയില്‍ ഒരു യുവതി ആത്മഹത്യ ചെയ്‌തിരിക്കുന്നു. കാരണം ഉറുമ്പുകളോടുള്ള പേടി തന്നെ. മനീഷ എന്ന ഇരുപത്തിയഞ്ചുകാരിയാണ് വീട്ടിലെ ഉറുമ്പുകളെ പേടിച്ച് ആത്മഹത്യ ചെയ്‌തത്. പൊലീസ് അന്വേഷണത്തിൽ ചെറുപ്പം മുതൽ മനീഷയ്‌ക്ക് ഉറുമ്പുകളോട് ഭയം അഥവാ മിർമിക്കോഫോബിയ എന്ന രോഗം ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തി.

മനുഷ്യർക്ക് പല തരത്തിലുള്ള പേടിയുണ്ട്. ആളുകൾ, ജീവികൾ, വസ്‌തുക്കൾ, അവസ്ഥകൾ എന്നിങ്ങനെ പലവിധമാണ് പേടികൾക്കുള്ള കാരണങ്ങൾ. എന്നാൽ നമ്മൾ വളരെ നിസാരമായി കാണുന്ന ഉറുമ്പുകളെ പേടിക്കുന്നു എന്ന് പറയുന്നത് വളരെ അതിശയം തന്നെ. ഉറുമ്പുകളോടുള്ള പേടി അത്മഹത്യ വരെ എത്തിച്ചു എന്ന് പറയുന്നതും അത്ര നിസാരമല്ല. ഈ ഒരു ഗൗരവപരമായ വിഷയത്തെപ്പറ്റി വളരെയധികം ചിന്തിക്കേണ്ടിയിരിക്കുന്നു. മിർമിക്കോഫോബിയയെ നേരത്തെ തന്നെ കണ്ടെത്തണമെന്നും, കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ വഷളാകുന്ന അവസ്ഥയിലേക്ക് എത്തുമെന്നും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് സർവീസിലെ കൺസൾട്ടൻ്റ് സൈക്കാട്രിസ്‌റ്റ് ഡോക്‌ടർ കിരൺ പി എസ് പറയുന്നു.

എന്താണ് മിർമിക്കോഫോബിയ?

മിർമിക്കോഫോബിയ എന്നത് ഉറുമ്പുകളോടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ജീവികളോടോ ഉള്ള അമിതമായ ഭയത്തിൽ നിന്നോ വെറുപ്പിൽ നിന്നോ ഉടലെടുക്കുന്ന അവസ്ഥയാണ്. ഇതൊരു പ്രത്യേകതരം ഫോബിയയാണ്. ഉറുമ്പുകൾ ഭക്ഷണത്തിൽ കയറുമെന്നും, വീട്ടിൽ കയറുമെന്നുമുള്ള തോന്നലും ഉത്‌കണ്‌ഠയും എല്ലാം മിർമിക്കോഫോബിയയിലേക്ക് നയിക്കുന്നു.

മിർമിക്കോ ഫോബിയയിലേക്ക് നയിക്കുന്ന മറ്റ് കാരണങ്ങള്‍ എന്തെല്ലാം?

ഒരു വ്യക്തിക്ക് എന്ത് വസ്‌തുവിനോടും ജീവികളോടും സാഹചര്യങ്ങളോടും ഭയം ഉണ്ടാകാം. ജീവിതത്തില്‍ ഉണ്ടായിട്ടുള്ള എന്തെങ്കിലും സംഭവങ്ങളോ, സാഹചര്യങ്ങളോ ഒക്കെ ഫോബിയയെ സ്വാധീനിക്കാറുണ്ട്. എന്നാലിത് ഓരോ വ്യക്തിക്കും വ്യത്യസ്‌തമായിരിക്കും. ചിലർക്ക് ഭൂതാകാലത്തിലെ പ്രശ്‌നങ്ങളാവാം അല്ലെങ്കിൽ മുൻപ് ഉണ്ടായിട്ടുള്ള ഉത്‌കണ്‌ഠയും ഒരു കാരണമാകാം. ഇതിൽ തന്നെ ജനിതക ഘടകങ്ങളും ഉൾപ്പെടാം. ഇത് ഓരോ വ്യക്തിയിലും വ്യത്യസ്‌തമായാണ് പ്രകടമാകുന്നത് എന്ന് ഡോക്‌ടർ കിരൺ പറയുന്നു.

മിർമിക്കോ ഫോബിയ മരണത്തിലേക്ക് പോലും നയിക്കുന്ന തരത്തില്‍ ഭയാനകമാണോ?

മിർമിക്കോഫോബിയ അത്ര ഭയാനകമല്ല എന്നാണ് ഡോക്‌ടർ അഭിപ്രായപ്പെടുന്നത്. ഫോബിയ ഏത് തന്നെയാണെങ്കിലും ചികിത്സ എടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. ചികിത്സ എടുത്തില്ലെങ്കിൽ അസുഖം കൂടുകയും ഇതിൻ്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ഇതിൽ ചികിത്സയിലേക്ക് വ്യക്തിയെ എത്തിക്കുക എന്നതാണ് മറ്റുള്ളവർക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം.

ഫോബിയ ഉള്ള ആളിലെ ലക്ഷണങ്ങൾ

ഈ അവസ്ഥയിൽ ശാരീരികവും മാനസികവുമായ മാറ്റങ്ങളും ലക്ഷണങ്ങളും ഉടനടി കണ്ടെത്താൻ സാധിക്കില്ല. ഇത് പൂർണമായും ഒരു ഉത്‌കണ്‌ഠാ രോഗമാണ്.

  • ഉറക്കത്തിൻ്റെ പ്രശ്‌നങ്ങൾ
  • വർധിക്കുന്ന ഹൃദയമിടിപ്പ്
  • ശ്വാസ തടസം
  • അമിതമായി വിയർക്കൽ
  • ആശങ്ക

എന്നിവയും വ്യക്തിയിൽ അനുഭവപ്പെടുന്നു. ആയതിനാൽ എന്ത് കാര്യത്തിനോടാണോ ഫോബിയ ഉള്ളത് ആ കാര്യം ഒഴിവാക്കാൻ ശ്രമിക്കുക. അത്തരം സംഭവങ്ങൾ കൺമുന്നിൽപെട്ടാൽ അതിൽ അമിതമായി ശ്രദ്ധിക്കാതിരിക്കുക. അല്ലാത്ത പക്ഷം അമിതമായ ചിന്തകൾക്ക് വഴിയൊരുക്കുകയും വെപ്രാളം പ്രകടിപ്പിക്കുകയും ചെയ്യുമെന്നും.

അമിതവൃത്തി, ഒസിഡി എന്നിവയ്‌ക്ക് ഈ അവസ്ഥയുമായി എന്തെങ്കിലും ബന്ധമുണ്ടോ?

അമിതവൃത്തിയും ഒസിഡിയിയും മിർമിക്കോഫോബിയയ്‌ക്ക് ഒരു പരിധിവരെ കാരണമാകുന്നു. ചില സാഹചര്യങ്ങളിൽ മിർമിക്കോ ഫോബിയയും ഒസിഡിയും ഒരേ സമയം വ്യക്തിയിൽ കാണുന്നു. എന്നാൽ ഫോബിയ ഉള്ളവർക്ക് ഒസിഡി വരണമെന്ന് നിർബന്ധവുമില്ല.

മിർമിക്കോഫോബിയയ്‌ക്ക് എന്താണ് ചികിത്സ? എങ്ങനെ പരിചരിക്കാം?

ഈ അവസ്ഥയ്‌ക്ക് ചികിത്സയും ലഭ്യമാണ്. ഫാർമാക്കോ തെറാപ്പി (ഔഷധ ചികിത്സ), സൈക്കോ തെറാപ്പി എന്നിവയിലൂടെ രോഗത്തെ പൂർണമായും ഭേദമാക്കാൻ സാധിക്കും. എന്നാൽ ഒരു കോംബിനേഷൻ തെറാപ്പിയാണ് എപ്പോഴും നല്ലത്. ചികിത്സ ആറ് മാസം മുതൽ ഒരു വർഷം വരെയൊക്കെ സമയം എടുക്കും. മാറ്റം പെട്ടെന്ന് വന്നാലും ചികിത്സ കുറച്ച് നാളത്തേക്ക് തുടരേണ്ടതുണ്ട് എന്നും ഡോക്‌ടർ പറയുന്നു.

ഇത്തരമൊരു അവസ്ഥ ഉള്ള ഒരാളെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ എത്രയും വേഗം ചികിത്സ കൊടുക്കുക എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. എന്നാൽ ഉറുമ്പിനെ എന്തിനാണ് പേടിക്കുന്നത് എന്നെല്ലാമുള്ള കളിയാക്കലുകളും വ്യക്തികളിലെ മാനസികാവസ്ഥയെ അലട്ടുന്നതിന് വഴിയൊരുക്കും. ഇത് പിന്നീട് ആത്മഹത്യ ചെയ്യാൻ പോലും വ്യക്തിയെ പ്രേരിപ്പിച്ചെന്നിരിക്കാം. ആയതിനാൽ ഇത്തരം പ്രശ്‌നങ്ങൾ ഉള്ള ഒരു വ്യക്തിയോട് ഈ വിഷയത്തെപ്പറ്റി സംസാരിച്ച് അവബോധം സൃഷ്‌ടിക്കുക. രോഗത്തെപ്പറ്റിയുള്ള അറിവില്ലായ്‌മയും വളരെയധികം പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും എന്നും ഡോക്‌ടർ ഓർമിപ്പിക്കുന്നു.

ശ്രദ്ധിക്കുക!

മിർമിക്കോഫോബിയ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള പേടി, ഉത്‌കണ്‌ഠ, വെപ്രാളം എന്നിവ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഉടൻതന്നെ ആരോഗ്യ വിദഗ്‌ധരെ സമീപിക്കുക. നേരിട്ടെത്താൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ‘ടെലിമനസ്‌ 14416’ എന്ന നമ്പരുമായി ബന്ധപ്പെട്ട് കൗൺസിലിങ്ങിലൂടെയും മറ്റ് പ്രതിവിധികളിലൂടെയും ചികിത്സ തേടാൻ സാധിക്കുമെന്നും ഡോക്‌ടർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here