ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് 33 ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും കേന്ദ്രം ഇതുവരെ വാക്സിൻ ലഭ്യമാക്കുന്നതിനെ കുറിച്ച് വേണ്ടത്ര തയാറെടുപ്പുകൾ എടുത്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സർക്കാരിന്റെ തയാറെടുപ്പുകൾ ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിനെതിരെ വാക്സിൻ വികസിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാവും ഇന്ത്യ. വാക്സിന്റെ ലഭ്യതയും വിതരണവും ഉറപ്പുവരുത്താൻ വ്യക്തവും കൃത്യതയുമുള്ള ആസൂത്രണം ആവശ്യമുണ്ട്. എന്നാൽ ഇതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടില്ല. ഈ മുന്നൊരുക്കമില്ലായ്മ അപകടകരമാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.