ലക്‌നൗ :പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഖീംപൂർ സ്വദേശി ദിൽഷാദിനെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച സ്കോളര്‍ഷിപ്പ് ഫോം പൂരിപ്പിക്കാനായി സുഹ്യത്തിൻറെ വീട്ടിലേക്ക് പോയതാണ് പെൺകുട്ടി. ഇതിനിടെയാണ് കാണാതെയായതെന്നാണ് വീട്ടുകാർ പറയുന്നത്. പെൺകുട്ടിയും അറസ്റ്റിലായ ദിൽഷാദും തമ്മിൽ മുൻപരിചയമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സുഹ്യത്തിന്റെ വീട്ടിലേക്ക് പോകുംവഴി പെൺകുട്ടിയെ പിൻതുടർന്ന ഇയാൾ ആളൊഴിഞ്ഞ പ്രദേശത്തുവച്ച് പെൺകുട്ടിയെ തടഞ്ഞു. തുടർന്നായിരുന്നു അതിക്രമം. ബലാത്സംഗത്തിന് ശേഷം കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കുത്തിയിറക്കിയെന്നും പൊലീസ് പറയുന്നു, തുടർന്ന് മൃതദേഹം വറ്റിയ കുളത്തില്‍ സമീപം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉത്തർപ്രദേശിൽ ഉയരുന്നത്. സ്ത്രീകൾക്ക് സുരക്ഷ നൽകാൻ യോഗി സർക്കാർ പരാജയപ്പെട്ടെന്ന് എസ്പി, ബിഎസ്പി പാർട്ടികൾ കുറ്റപ്പെടുത്തി. പെണ്‍കുട്ടികളുടെ സുരക്ഷ ആരാണ് ഉറപ്പുവരുത്തുകയെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.