ഹൈദരാബാദ് : അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി. നവംബർ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യ സന്ദർശിക്കാനിരിക്കെയാണ് നിർമാണ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കിയത് എന്നാണ് വിവരം.
രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠയെ അനുസ്‌മരിപ്പിക്കുന്ന ഒരു കൊടി പ്രധാനമന്ത്രി രാമക്ഷേത്രത്തിന് മുകളിൽ സ്ഥാപിക്കും. അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്‌ഘാടനം 2024 ജനുവരി 22 ന് വലിയ ചടങ്ങോടെയാണ് നടന്നത്. ജനുവരി 23 ന് പൊതുജനങ്ങൾക്കായി ഔദ്യോഗികമായി ക്ഷേത്രം തുറന്നുകൊടുക്കുകയും ചെയ്‌തു.
“ക്ഷേത്രത്തിന്‍റെ എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി എന്ന് ശ്രീ രാംലല്ലയുടെ ഭക്തരെ അറിയിക്കുന്നതില്‍ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്,” ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രം അധികൃതർ എക്‌സ് ഹാൻഡിലിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഭക്തരെ നേരിട്ട് ബാധിക്കാത്ത ചില ജോലികൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് എക്‌സ് പോസ്റ്റില്‍ പറയുന്നു. “3.5 കിലോമീറ്റർ നീളമുള്ള അതിർത്തി മതിൽ, ട്രസ്റ്റ് ഓഫിസ്, ഗസ്റ്റ് ഹൗസ്, ഓഡിറ്റോറിയം തുടങ്ങിയ പൊതുജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത പ്രവൃത്തികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്,” പോസ്റ്റില്‍ കൂട്ടിച്ചേർത്തു.
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര അധികാരികള്‍ പങ്കുവച്ച വിവര പ്രകാരം, പ്രധാന ക്ഷേത്രത്തിന്‍റെ നിർമാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ശേഷാവതർ മന്ദിറിന് പുറമെ മറ്റ് ക്ഷേത്രങ്ങൾ ശിവൻ, ഗണേശൻ, ഹനുമാൻ, സൂര്യദേവൻ, ഭഗവതി ദേവി, അന്നപൂർണ്ണ ദേവി, എന്നിവർക്ക് സമർപ്പിച്ചിരിക്കുന്നു. ഈ ക്ഷേത്രങ്ങളിൽ കൊടികളും കലശങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്ന് രാം മന്ദിർ ട്രസ്റ്റ് പറഞ്ഞു. ഇതിനുപുറമെ, വാൽമീകി, മസിഷ്‌ഠ മുനി, വിശ്വാമിത്രൻ, അഗസ്‌ത്യ മുനി, നിഷാദ്‌രാജ്, ശബരി, ദേവി അഹല്യ എന്നിവർക്ക് സമർപ്പിച്ചിരിക്കുന്ന ഏഴ് മണ്ഡപങ്ങളുടെയും നിർമാണം പൂർത്തിയായി. തുളസീദാസ് മന്ദിറും പൂർത്തിയായി. ജടായുവിന്‍റേതടക്കം പ്രതിമകളും സ്ഥാപിച്ചു എന്ന് ട്രസ്റ്റ് കൂട്ടിച്ചേർത്തു.
‘ക്ഷേത്രത്തില്‍ ഭക്തർക്ക് അസൗകര്യമുണ്ടാക്കുന്ന നിർമാണ ജോലികളൊന്നും ഇനി ബാക്കിയില്ല. അവ പൂർണമായും പൂർത്തിയായിട്ടുണ്ട്.’ -ട്രസ്റ്റ് പറയുന്നു. പാത നിർമാണവും നിലത്ത് കല്ലുപാകുന്ന ജോലിയും പുരോഗമിക്കുകയാണ്. ക്ഷേത്രത്തിന് ചുറ്റും ലാൻഡ് സ്‌കേപ്പിങ്, പഞ്ചവടിയുടെ നിർമാണം എന്നിവയും നടക്കുന്നുണ്ട്. ജിഎംആർ ആണ് ഈ പ്രവൃത്തികള്‍ ചെയ്യുന്നത്. “പദ്ധതി പ്രകാരം, എൽ ആൻഡ് ടി ആണ് റോഡ് നിർമാണവും തറയിലെ കല്ല് പാകലും നടത്തുന്നത്, അതേസമയം ലാൻഡ്സ്കേപ്പിങ്, 10 ഏക്കറിൽ കൂടുതലുള്ള പഞ്ചവടിയുടെ നിർമാണം എന്നിവ ജിഎംആറും വേഗത്തിൽ നടപ്പിലാക്കുന്നു,” ശ്രീ രാം ജന്മഭൂമി തീർഥക്ഷേത്ര അധികൃതർ പറഞ്ഞു.








