നാല് ദിവസം നീണ്ട ഛത് പൂജയ്ക്ക് സമാപനമായി. ഉദയ സൂര്യന് ഉഷ അര്‍ഘ്യ അര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്.
പട്‌ന: ദിവസങ്ങള്‍ നീണ്ടുനിന്ന ഭക്തി സാന്ദ്രമായ ഛത് പൂജ ഇന്ന് അവസാനിച്ചു. പുലര്‍ച്ചെ ഭക്തര്‍ ഉദയ സൂര്യന് ‘ഉഷ അര്‍ഘ്യ’ അർപ്പിച്ചതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. ഉദയ സൂര്യനെ കാണാനും പൂജ നടത്താനും നദി തീരങ്ങളിലേക്ക് ഭക്തര്‍ അതിരാവിലെ തന്നെ ഒഴുകിയെത്തി.
ബിഹാറിൽ “ഉഷ അർഘ്യ” അര്‍പ്പിക്കാന്‍ ആളുകൾ പട്‌ന കലക്‌ടറേറ്റ് ഘട്ടിലേക്ക് എത്തി. ഘട്ടിലെ വിവിധ സ്ഥലങ്ങളിൽ ഭക്തര്‍ പൂക്കളും പഴങ്ങളും ഉൾപ്പെടെയുള്ള വഴിപാടുകൾ അര്‍പ്പിച്ചു. വിവിധ ഘട്ടുകളില്‍ “ഉഷ അർഘ്യ”യുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വിന്യസിപ്പിച്ചു.
നാല് ദിവസം നീണ്ടുനിന്ന ഛത് പൂജയ്ക്ക് സമാപനം കുറിച്ചുകൊണ്ട് ചൊവ്വാഴ്‌ച പുലർച്ചെ ഡൽഹിയിലെ യമുന ഘട്ടിലും “ഉഷ അർഘ്യം” അർപ്പിക്കാൻ ഭക്തർ ഒഴുകിയെത്തി. പ്രകാശപൂരിതമാക്കിയ ഐടിഒയുടെ ഹാത്തി ഘട്ടില്‍ ഭക്തര്‍ ഉദയ സൂര്യനായി പൂജ ചെയ്‌തു.
ഉദയ സൂര്യനെ തൊഴാന്‍ വരുന്നവരെ വരവേല്‍ക്കാന്‍ ഹാത്തി ഘട്ട് അലങ്കാരങ്ങളാല്‍ നിറഞ്ഞിരുന്നു. അലങ്കാരങ്ങള്‍ ഭക്തരിലും മതിപ്പ് ഉളവാക്കി. ഇവിടേക്ക് ഒഴുകിയെത്തിയ ഭക്തരില്‍ ഭൂരിഭാഗവും പുഷ്‌പാലങ്കാരത്തില്‍ ആകൃഷ്‌ടരായി. “ഘാട്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു, ഇവിടെ ധാരാളം ആളുകളുണ്ട്… ഇതൊരു അത്ഭുതകരമായ അനുഭവമാണ്,” ഐടിഒ ഹാത്തി ഘട്ടിലെത്തിയ ഭക്ത ഡോളി പറഞ്ഞു.
ബിഹറിനും ഡല്‍ഹിക്കും പുറമെ നിരവധി സ്ഥലങ്ങളില്‍ ഛത് പൂജയുടെ അവസാന ദിവസം ആഘോഷിച്ചു. ശാസ്ത്രി ഘട്ടിലും ഉദയസൂര്യന് ‘ഉഷ അർഘ്യം’ അർപ്പിക്കാൻ ഭക്തർ തിങ്ങിനിറഞ്ഞിരുന്നു. ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരിലെ രപ്‌തി നദിയിലെ ഗുരു ഗോരഖ് നാഥ് ഘട്ടിലും “ഉഷ അർഘ്യം” അർപ്പിക്കാന്‍ ധാരാളം ഭക്തർ എത്തിച്ചേര്‍ന്നു.
ഛാത് പൂജയുടെ ചടങ്ങുകൾ നടത്താൻ വാരാണസിയിലെ ഘാട്ടുകളിലും വൻതോതിൽ ഭക്തർ തടിച്ചുകൂടി. സൂര്യൻ്റെ ആരാധനയ്ക്കായി സമർപ്പിച്ചിരിക്കുന്ന നാല് ദിവസത്തെ ഛത് മഹാപർവിന് ശനിയാഴ്‌ച നഹയ്-ഖയ് എന്ന പുണ്യ ആചാരത്തോടെയാണ് ആരംഭം കുറിച്ചത്. തുടർന്ന് ഞായറാഴ്‌ച ഖർണ, സന്ധ്യ അർഘ്യ (വൈകുന്നേരം അർഘ്യം) എന്നിവ നടന്നു.
ഇന്ന് രാവിലെ അർഘ്യത്തോടെ പൂജകള്‍ക്ക് പരിസമാപ്‌തി ആവുകയും ചെയ്‌തു. ഈ വർഷം, ഒക്ടോബർ 25 ആരംഭിച്ച് കാർത്തിക് ശുക്ല പക്ഷത്തിലെ ചതുർഥി തിഥിയിൽ നഹയ്-ഖയ്, പഞ്ചമിയിൽ ഖർണ, ഷഷ്‌ഠിന് ഛത് പൂജ, സപ്‌തമിയിൽ സമാപന ഉഷ അർഘ്യ എന്നിവ ഉൾപ്പെടെയുള്ള ചടങ്ങുകളോടെയാണ് ഛത് പൂജയ്‌ക്ക് സമാപനമായത്.








