പുകവലി, പാരിസ്ഥിതിക പ്രശ്നങ്ങൾ തുടങ്ങിയവയാണ് ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ. പാരമ്പര്യ ഘടകങ്ങളും അണുബാധയും അലർജിയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ പുകവലിക്കാത്തവരിലും ശ്വാസകോശ അർബുദവും മറ്റ് രോഗങ്ങളും വരാൻ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, ഇക്കാലത്ത് വായു മലിനീകരണം ശ്വാസകോശ അർബുദത്തിന് പ്രധാന കാരണമാകുന്നു.
നാഷണൽ സ്ക്രീനിങ് പ്രോഗ്രാം നടത്തണമെന്ന് ആവശ്യം
പുകവലിക്കാത്തവരിൽ പോലും ശ്വാസകോശ അർബുദ കേസുകൾ വർധിക്കുന്നതിൽ ഗുജറാത്ത് ബിജെപി എംപി ബാബുഭായ് ജെസാങ്ഭായ് ആശങ്ക പ്രകടിപ്പിച്ചു. വായു മലിനീകരണം കൂടുന്നതാണ് ഇതിന് പ്രധാന കാരണം. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനും ശരിയായ ചികിത്സ ഉറപ്പാക്കുന്നതിനും ‘നാഷണൽ സ്ക്രീനിങ് പ്രോഗ്രാം’ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ (എയിംസ്) കണ്ടെത്തലുകൾ പ്രകാരം രാജ്യത്ത് പ്രതിവർഷം ഒരു ലക്ഷത്തിലധികം ശ്വാസകോശ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അവയിൽ 40 ശതമാനവും പുകവലിക്കാത്തവരാണ്. ദ്രുതഗതിയിലുള്ള നഗരവൽക്കരണം, വ്യാവസായിക വികാസം, വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം എന്നിവ വായുവിന്‍റെ ഗുണനിലവാരത്തെ ബാധിക്കുന്നു. ഇത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ടെന്നും ബാബുഭായ് ജെസാങ്ഭായ് ചൂണ്ടിക്കാട്ടി.
വായു മലിനീകരണം മൂലം ഏകദേശം 3,200 പേർക്ക് അർബുദവും മറ്റ് രോഗങ്ങളും പിടിപെടുന്നു. അതേസമയം, പലപ്പോഴും രോഗനിർണയം വൈകുന്നതാണ് മറ്റൊരു വെല്ലുവിളി. മിക്ക കേസുകളിലും രോഗം കണ്ടെത്തുന്നത് അവസാന ഘട്ടത്തിലായിരിക്കും. പൊതു അവബോധമില്ലാത്തതും ലക്ഷണങ്ങൾ നിസ്സാരമായി കാണുന്നതുമാണ് ഇതിന് പ്രധാന കാരണം. അതിനാൽ ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്തുന്നതിനായി ദേശീയതലത്തിൽ ഒരു സ്ക്രീനിങ് പ്രോഗ്രാം നടത്തണമെന്ന് സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
എന്താണ് അഡിനോകാർസിനോമ?
പുകവലിക്കാത്തവരിലും ശ്വാസകോശ അർബുദത്തിന് സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന വിഭാഗമാണ് അഡിനോകാർസിനോമ (Adenocarcinoma). 2022-ലെ കണക്കുപ്രകാരം ലോകത്ത് പുകവലിക്കാത്തവരിൽ 53-70 ശതമാനം വരെ ശ്വാസകോശ അർബുദം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള അർബുദ മരണങ്ങളുടെ പ്രധാന കാരണം ശ്വാസകോശ അർബുദമാണ്. 2022-ൽ ഏകദേശം 2.5 ദശലക്ഷം ആളുകൾക്ക് ഈ രോഗം സ്ഥിരീകരിച്ചു. പുരുഷന്മാരിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 7,17,211 എണ്ണം (45.6%) അഡിനോകാർസിനോമയാണ്. സ്ത്രീകളിൽ റിപ്പോർട്ട് ചെയ്ത 9,08,630 പുതിയ കേസുകളിൽ 5,41,971 എണ്ണം (59.7%) പുകവലിക്കാത്തവരിലെ അഡിനോകാർസിനോമയാണെന്ന് കണക്കാക്കപ്പെടുന്നു.
അവഗണിക്കരുതാത്ത ലക്ഷണങ്ങൾ
തുടർച്ചയായ ചുമ, നെഞ്ചുവേദന, വിട്ടുമാറാത്ത ശ്വാസകോശ അണുബാധകൾ, തളർച്ച, അകാരണമായി ഭാരം കുറയൽ എന്നിവ കണ്ടാൽ ഉടൻ തന്നെ വിദഗ്ദ്ധ ഡോക്ടറുടെ ഉപദേശം തേടുക. പുകവലി ഒഴിവാക്കുക, പുകവലിക്കുന്നവരിൽ നിന്നും അകന്നുനിൽക്കുക, മാസ്ക് ധരിച്ച് സ്വയം സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കണം.
ന്യൂമോണിയയ്ക്കും പനികൾക്കുമെതിരെയുള്ള വാക്സിനുകൾ സ്വീകരിക്കുന്നത് നല്ലതാണ്. നിരന്തരം വ്യായാമം ചെയ്യുന്നത് ശ്വാസകോശ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിനെതിരെ ശക്തമായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും വേണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.







