പോഷകഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള സൂപ്പർഫുഡാണ് ചിയ വിത്തുകൾ. സസ്യാധിഷ്‌ഠിത പ്രോട്ടീൻ, കാത്സ്യം, ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്‌സിഡന്റുന്‍റുകൾ, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവയുടെ സമ്പന്ന ഉറവിടമാണിത്. ചിയ സീഡ്‌സിന്‍റെ ഉപഭോഗം ഹൃദയാരോഗ്യം പിന്തുണയ്ക്കുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും. എന്നാൽ ആരോഗ്യ ഗുണങ്ങൾ നിരവധിയുണ്ടെങ്കിലും ചിയ വിത്തുകൾ എല്ലാവർക്കും അനുയോജ്യമല്ല. ചിയ വിത്തുകൾ ഒഴിവാക്കേണ്ട ആളുകൾ ആരൊക്കെയെന്നും എന്തുകൊണ്ടെന്നും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. ശുഭം വാത്സ്യ പങ്കുവയ്ക്കുന്നു.
ചിയ വിത്തുകളുടെ ആരോഗ്യ ഗുണങ്ങൾ
ചിയ വിത്തുകൾ പോഷകസമൃദ്ധമായതിനാൽ ഊർജ്ജം വർധിപ്പിക്കാൻ വളരെയധികം സഹായിക്കും. നിരവധി വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കാനുള്ള കഴിവും ഇതിനുണ്ട്. രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നാരുകളുടെ മികച്ച സ്രോതസായതിനാൽ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഇത് നിർണായക പങ്ക് വഹിക്കുന്നു. പതിവായി ചിയ വിത്തുകൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും തടയാനും ഗുണം ചെയ്യും.
ഇതിലെ ആന്‍റി ഓക്‌സിഡന്‍റുകൾ ചർമത്തെ പോഷിപ്പിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യും. ബേക്ക് ചെയ്‌ത ഭക്ഷണങ്ങളിലും മറ്റും ചിയ സീഡ്‌സുകൾ ചേർക്കുന്നത് പോഷക ഗുണങ്ങൾ വർധിപ്പിക്കാൻ സഹായിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ചിലതരം അർബുദങ്ങൾ തടയാനും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ചിയ സീഡുകളിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ശക്തി, സാന്ദ്രത എന്നിവ നിലനിർത്താൻ ഫലപ്രദമാണ്.
ചിയ വിത്തുകൾ ഒഴിവാക്കേണ്ടവർ ആരൊക്കെ ?
കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ
ചിയ വിത്തുകളിലെ ഒമേഗ 3 ആസിഡുകളും വാസോഡിലേറ്ററി ഫലങ്ങളും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദമുള്ള (ഹൈപ്പർടെൻഷൻ) ആളുകൾക്ക് ഇത് ഗുണം ചെയ്യുമെങ്കിലും ഹൈപ്പോടെൻഷൻ ഉള്ളവർ ഡയറ്റിൽ ചിയ സീഡ്‌സ് ഉൾപ്പെടുത്തുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം രക്തസമ്മർദ്ദം അപകടകരമാം വിധം താഴാനും തലകറക്കം, ബോധക്ഷയം, ക്ഷീണം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. അതിനാൽ ദിവസേന ചിയ വിത്തുകൾ കഴിക്കുന്ന ആളുകൾ പതിവായി രക്തസമ്മർദ്ദം നിരീക്ഷക്കണമെന്ന് ഡോ. വാസ്ത്യ പറയുന്നു.
രക്തം നേർപ്പിക്കുന്ന മരുന്നുകൾ കഴിക്കുന്നവർ
ഉയർന്ന അളവിൽ ഒമേഗ 3 അടങ്ങിയിട്ടുള്ളതിനാൽ രക്തം കട്ടപിടിക്കുന്നത് തടയാൻ ചിയ വിത്തുകൾ സഹായിക്കും. രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കാനുള്ള കഴിവും ഇതിനുണ്ട്. ആസ്‌പിരിൻ, വാർഫറിൻ, മറ്റ് ആന്‍റികോഗുലന്‍റുകൾ എന്നീ രക്തം കട്ടപിടിക്കുന്നത് തടയാൻ ഉപയോഗിക്കുന്ന മരുന്നുകൾ കഴിക്കുന്നവർ ചിയ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തരുത്. ഇത്തരം മരുന്നുകളുമായി ചിയ വിത്തുകൾ സംയോജിക്കുമ്പോൾ രക്തം കട്ടപിടിക്കാനുള്ള കഴിവ് കൂടുതൽ കുറയ്ക്കുകയും അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ദഹനപ്രശ്‌നങ്ങളുള്ള ആളുകൾ
ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ് ചിയ വിത്തുകൾ. അമിത അളവിൽ കഴിക്കുന്നത് വയറുവേദന, വയറു വീർക്കൽ, ഗ്യാസ്, വയറിളക്കം, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകും. നിലവിൽ ദഹന പ്രശ്‌നങ്ങൾ നേരിടുന്ന ആളുകൾ ചിയ വിത്തുകൾ കഴിക്കുന്നത് അസ്വസ്ഥതകൾ കൂടുതൽ ത്വരിതപ്പെടുത്താൻ കാരണമാകും. അതിനാൽ ഇത്തരം പ്രശ്‌നങ്ങളുള്ള ആളുകൾ ചിയ വിത്തുകൾ ഡയറ്റിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ളവർ
ഫോസ്‌ഫറസ്, പൊട്ടാസ്യം, ഓക്‌സലേറ്റുകൾ എന്നിവയാൽ സമ്പുഷ്‌ടമാണ് ചിയ വിത്തുകൾ. അസ്ഥികളുടെ ആരോഗ്യം നിലനിർത്താനും ഹൃദയത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. എന്നാൽ വിട്ടുമാറാത്ത വൃക്കരോഗമോ, ഏതെങ്കിലും തരത്തിൽ വൃക്കസംബന്ധമായ പ്രശ്‌നങ്ങളോ ഉള്ള ആളുകൾ ചിയ വിത്തുകൾ കഴിക്കരുത്. കാരണം ഇതിൽ അടങ്ങിയിട്ടുള്ള ധാതുക്കൾ സംസ്‌കരിക്കാൻ വൃക്കകൾക്ക് പ്രയാസമുണ്ടാകും. ഇത് വൃക്കകളുടെ പ്രവർത്തനത്തെ കൂടുതൽ ദോഷകരമായി ബാധിക്കും.
ചിയ വിത്തുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
ഡയറ്റിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്ന് ഡോ. വാത്സ്യ പറയുന്നു. അവ എന്തൊക്കെയെന്ന് നോക്കാം
- പൂർണ ആരോഗ്യമുള്ള ആളുകൾ പോലും മിതമായ അളവിൽ മാത്രമേ ചിയ വിത്തുകൾ കഴിക്കാൻ പാടുള്ളൂ
- നന്നായി കുതിർത്തതിന് ശേഷം മാത്രം കഴിക്കുക
- ആദ്യമായി ചിയ വിത്തുകൾ കഴിച്ച് തുടങ്ങമ്പോൾ പ്രതിദിനം ഒന്നോ രണ്ടോ ടേബിൾ സ്‌പൂൺ എന്ന അളവിൽ ഡയറ്റിൽ ഉൾപ്പെടുത്തുക.








