ചെന്നൈ : പീഡിപ്പിക്കാൻ ശ്രമിച്ച സ്വയം പ്രഖ്യാപിത സ്വാമിയെ തല്ലി ശെരിയാക്കി വിദേശ വനിത. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. സ്വാമിയാണന്ന് സ്വയം പ്രഖ്യാപിച്ച് ക്ഷേത്രത്തിന് സമീപം കഴിയുന്ന നാമക്കൽ സ്വദേശി മണികണ്ഠനാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ആയോധന കലയിൽ വിദഗ്ധയായ യുവതി മണികണ്ഠനെ മർദിച്ചവശനാക്കിയ ശേഷം പൊലീസിന് കൈമാറി.
അമേരിക്കൻ പൗരയായ യുവതി തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായാണ് തിരുവണ്ണാമലയിൽ എത്തിയത്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതായി. തുടർന്ന് യുവതി രമണ മഹർഷിയുടെ ആശ്രമത്തിനും അരുണാചല ക്ഷേത്രത്തിനും സമീപം വീട് വാടകയ്ക്ക് എടുത്തു തനിച്ചു താമസിച്ചു വരികയായിരുന്നു.
യുവതിയുടെ പ്രത്യാക്രമണത്തിൽ സാരമായി പരുക്കേറ്റ മണികണ്ഠനെ പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണികണ്ഠനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ചു കയറൽ, ആക്രമിച്ചു പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.