കുട്ടികളുടെ ജീവിതത്തിലേ ഓരോ തടസവും മാതാപിതാക്കള്‍ തന്നെ ഇല്ലാതാക്കുന്നതിനെയാണ് സ്നോപ്ലോ പാരൻ്റിങ് എന്ന് പറയുന്നത്. കുട്ടികളെ യാതൊരു പ്രയാസങ്ങളും അറിയാതെ വളര്‍ത്താനാവും ഇതുവഴി അവര്‍ ലക്ഷ്യം വയ്‌ക്കുന്നത്. എന്നാല്‍ ഇത് ഭാവിയില്‍ തിരിച്ചടിച്ചേക്കാം
പാരൻ്റിങ്ങുമായി ബന്ധപ്പെട്ട നിരവധി വാക്കുകള്‍ എന്ന് ഏവര്‍ക്കും സുപരിചിതമാണ്. അതോറിറ്റേറിയന്‍ പാരൻ്റിങ്, പെര്‍മിസീവ് പാരൻ്റിങ്, ടോക്‌സിക്ക് പാരൻ്റിങ് തുടങ്ങിയ നിരവധി വാക്കുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇതിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കലാണ് കേട്ടാല്‍ വളരെ ഗുണകരമെന്ന് തോന്നുന്ന “സ്നോപ്ലോ പാരൻ്റിങ്” (Snowplow Parenting) എന്നത്.
മഞ്ഞുമൂടിയ പ്രദേശങ്ങളിലെ പാതകളില്‍ നിന്നും സ്‌നോപ്ലോ വാഹനം ഉപയോഗിച്ചാണ് ഇതു നീക്കം ചെയ്യാറുള്ളത്. ഇതോടെ പാതയിലെ എല്ലാ തടസവും മാറുന്നു. ഈ രീതിക്ക് സമാനമായതിനാലാണ് ഈ പാരൻ്റിങിനെ സ്നോപ്ലോ പാരൻ്റിങ് എന്ന് വിളിക്കുന്നത്. ഇവിടെ കുട്ടികള്‍ക്ക് വേണ്ടി അവരുടെ തടസങ്ങള്‍ നീക്കുന്ന സ്‌നോപ്ലോ പോലെ മാതാപിക്കള്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികളോടുള്ള മാതാപിക്കളുടെ പെരുമാറ്റം അടിസ്ഥാനമാക്കിയാണ് അവരുടെ സ്വഭാവവും രൂപീകൃതമാകുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്താണ് സ്നോപ്ലോ പാരൻ്റിങ്
സ്നോപ്ലോ പാരൻ്റിങ് എന്നത് കുട്ടികളുടെ ജീവിതത്തിലേ ഓരോ തടസവും നീക്കം ചെയ്യുന്നതിനെ വിളിക്കുന്ന പേരാണ്. സ്നോപ്ലോ പാരൻ്റിങ് ചെയ്യുന്ന മാതാപിതാക്കളുടെ ലക്ഷ്യം അവരുടെ കുട്ടിക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടോ, പരാജയമോ, നിരാശയോ വരാതിരിക്കുക എന്നതാണ്. അവരുടെ വഴിയിലെ എല്ലാ തടസങ്ങളും നീക്കം ചെയ്‌ത് കുട്ടികളുടെ ജീവിതം പൂർണമായി സുഖകരം ആക്കുക എന്നതാണ്.
ഈ കുട്ടികള്‍ പരീക്ഷയിൽ ടോപ്പർ ആകുന്നെങ്കിലും ചെറിയ പ്രശ്‌നങ്ങൾ വന്നാൽ തളർന്നുപോകുന്നു എന്നതാണ് വാസ്‌തവം. ഈ മാതാപിതാക്കൾ ഒരിക്കലും മോശം ആളുകളല്ല. അവർ കൂടുതലായി സ്നേഹിക്കുന്നവരും കുട്ടികളെ ഓര്‍ത്ത് ആശങ്കയുള്ളവരും ആണ്. അവർ കുട്ടികളെ വിജയിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അവരുടെ അത്യധികമായ “സഹായം” കുട്ടികളിൽ ആത്മവിശ്വാസവും പ്രശ്‌ന പരിഹാരശേഷിയും വളരാനുള്ള അവസരം ഇല്ലാതാക്കുന്നു.
ഉദാഹരണത്തിന്, ഡൽഹിയിൽ താമസിക്കുന്ന ഒരു വീട്ടമ്മ ആണ് മീര. തൻ്റെ മകൻ ആരവിൻ്റെ എല്ലാ അധ്യാപകരുടെയും മൊബൈല്‍ നമ്പര്‍ സൂക്ഷിക്കുന്നത് അവരാണ്. പത്താം ക്ലാസിലെ ബോർഡ് പരീക്ഷാ സിലബസിനെക്കുറിച്ച് ആരവിനേക്കാൾ കൂടുതൽ മീരയ്ക്ക് അറിയാം. തൻ്റെ മകന്‍ വളരെ സെന്‍സിറ്റീവും സമ്മർദം സഹിക്കാന്‍ കഴിയാത്ത ഒരാളാണെന്നുമാണ് മീരയുടെ അവകാശവാദം. ആരവിന് ഒരു സുഹൃത്തുമായി തർക്കമുണ്ടായാൽ പോലും മാപ്പ് സന്ദേശം എഴുതുന്നതും മീര തന്നെ.
മീരയുടെ അഭിപ്രായത്തില്‍ അവൾ തൻ്റെ മകനെ ജീവിതത്തിലെ എല്ലാ കഠിനതകളിൽ നിന്ന് രക്ഷിക്കുകയായിരുന്നു. എന്നാൽ മകന് പതിനെട്ട് വയസായപ്പോഴേക്കും അവള്‍ക്ക് പല തിരിച്ചറിവുകളും ഉണ്ടാകുന്നു. തൻ്റെ മകന്‍ പഠിക്കാന്‍ മിടുക്കനാണ്. എന്നാല്‍ ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോലും മകന് കഴിയുന്നില്ല. സ്നോപ്ലോ പാരൻ്റിങ് എന്നത് അമിത സംരക്ഷണത്തിലൂന്നിയ പാരൻ്റിങ് ശൈലിയാണ്. ഇത് കുട്ടികളെ പരാജയങ്ങളിൽ നിന്ന് കാത്തുസൂക്ഷിക്കുമ്പോഴും അവരുടെ സ്വതന്ത്രതയും സഹനശേഷിയും വളരുന്നതിന് തടസമാകുന്നു.
എന്തുകൊണ്ട് ആധുനിക കാലത്ത് മാതാപിതാക്കൾ ‘സ്നോപ്ലോ പാരൻ്റിങ്’ തെരഞ്ഞെടുക്കുന്നു?
1.അത്യന്തം സംരക്ഷണ മനോഭാവം
തങ്ങളുടെ കുട്ടിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഒരു അപകടം സംഭവിക്കുന്നത് പോലെയാണ് മാതാപിതാക്കള്‍ കാണുന്നത്. ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ടാകുമ്പോള്‍ കുട്ടികള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പേ മാതാപിതാക്കള്‍ അതില്‍ നിന്ന് അവരെ രക്ഷിക്കുന്നു.
2. 24/7 മോശം വാർത്തകൾ
സ്നോപ്ലോ പാരൻ്റിങ് ഉടലെടുക്കുന്നതില്‍ ഇൻ്റർനെറ്റും ഒരു കാരണമാണ്. ലോകത്തില്‍ പല അപകടങ്ങളും നടക്കുന്നു. അത് കുട്ടികളെയും സ്വാധീനിക്കുന്ന ഘടകമാണെന്ന് മാതാപിതാക്കള്‍ ചിന്തിക്കുന്നു. വാര്‍ത്തകള്‍ മാതാപിതാക്കളില്‍ ആശങ്ക ഉണ്ടാക്കുന്നു. ഇത് കുട്ടികളോടുള്ള അതിരു കടന്ന കരുതലിലേക്ക് നീങ്ങുന്നു.
3. സ്വന്തം ബാല്യകാല മുറിവുകൾ
ചിലർക്കു ബാല്യകാലത്ത് അനുഭവിച്ച കഠിനതകൾ കുട്ടികൾക്ക് വരരുത് എന്ന് തോന്നും. അതിനാൽ അവർ “വേദന രഹിതമായ ബാല്യം” കുട്ടികള്‍ക്ക് നൽകാൻ ശ്രമിക്കുന്നു.
4. നിയന്ത്രണ മനോഭാവം
നീ അത് ഒറ്റയ്ക്ക് ചെയ്യുവാൻ പ്രാപ്‌തനല്ല. അതുകൊണ്ട് ഞാൻ നിന്നെ സഹായിക്കാം എന്ന മനോഭാവം മാതാപിതാക്കള്‍ കാണിക്കുന്നു. ഇതിലൂടെ എന്ത് പ്രശ്‌നം വന്നാലും സഹായിക്കാന്‍ മാതാപിതാക്കള്‍ ഉണ്ടാകുമെന്ന തോന്നല്‍ കുട്ടികളില്‍ അവര്‍ അറിയാതെ വളരുന്നു.
5. സമ്മർദം
കുട്ടിയുടെ വിജയം മാതാപിതാക്കളുടെ കടമയായി തോന്നുന്നു. കുട്ടി ജയിക്കാത്തപ്പോൾ, “അവൻ പിന്നിലായോ?” എന്ന ആശങ്ക മാതാപിക്കളില്‍ കൂടുന്നു.
6. സോഷ്യൽ മീഡിയ താരതമ്യം
മറ്റൊരു അമ്മ തങ്ങളുടെ മകൻ്റെ നേട്ടങ്ങളും സമ്മാനങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവക്കുമ്പോൾ തൻ്റെ കുട്ടി പിറകിലാണെന്നും താൻ തൻ്റെ കുട്ടിക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നുമുള്ള തോന്നൽ വളരുന്നു. സ്നേഹവും കരുതലും ഭയവും സോഷ്യൽ മീഡിയയും ഒരുമിച്ച് ചേരുമ്പോൾ മാതാപിതാക്കൾക്ക് പാരൻ്റിങ് എന്നത് ഒരു വലിയ ഉത്തരവാദിത്തമായി മാറുന്നു.
ഈ പാരൻ്റിങ് ശൈലി എങ്ങനെ തിരിച്ചടിയാകും
1. സ്വയം പര്യാപ്‌തി കുറവ്: തനിക്കുവേണ്ടി എല്ലാം മറ്റാരെങ്കിലും ചെയ്യും എന്ന് കുട്ടികള്‍ വിശ്വസിക്കുന്നു.
2. വിശ്വാസക്കുറവ്: ചെറുപ്പം മുതലേ മാതാപിതാക്കൾ തങ്ങൾക്കുവേണ്ടി കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് തനിക്ക് സ്വയം ഒന്നും ചെയ്യുവാൻ പ്രാപ്‌തിയില്ലന്ന് അവര്‍ സ്വയം വിശ്വസിക്കുന്നു.
3. സ്വയം നിയന്ത്രിക്കുവാൻ കഴിയാതെ വരുന്നു: ചെറിയ പരാജയം ഉണ്ടാകുമ്പോൾ പോലും സ്വയം നിയന്ത്രിക്കുവാനോ സ്വയം ആശ്വസിപ്പിക്കുവാനോ കഴിയാതെ വരുന്നു.
4. ആശങ്ക വരും തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു: അമിതമായ ആശങ്കയുള്ള മാതാപിതാക്കളുടെ കുട്ടികൾ അവരുടെ തലമുറയിലേക്കും ഈ ആശങ്ക കൈമാറ്റം ചെയ്യുന്നു.
ഇതുവരെ പരാജയം നേരിട്ടിട്ടില്ലാത്ത ഒരു കുട്ടിക്ക് ചിലപ്പോള്‍ ഒരു ഫോം പൂരിപ്പിക്കാന്‍ അറിയണമെന്നില്ല. അവന് സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും ധാരണ ഉണ്ടാകണമെന്നില്ല. ചെറുപ്പം മുതല്‍ സ്നോപ്ലോ പാരൻ്റിങില്‍ വളര്‍ന്ന ഒരു 22-കാരന്‍ ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതിജീവിക്കാന്‍ കഴിയാതെ നില്‍ക്കേണ്ടി വരുമെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.








