ചെന്നൈ: ശൈത്യകാലത്ത് ചെന്നൈയിലെ തീരങ്ങളിൽ മുട്ട ഇടാൻ എത്തുന്ന ഒലിവ് റിഡ്‌ലി കടലാമകളുടെ സംരക്ഷണത്തിന് ഒരുങ്ങി എലൈറ്റ് മറൈൻ ഫോഴ്‌സ്. ആമകളുടെ പ്രജനന കേന്ദ്രമായ തീരദേശ മേഖലയെ സംരക്ഷിക്കുക എന്നതാണ് ഇതിൻ്റെ ഉദ്ദേശ്യം. ഈ മാസം അവസാനത്തോടെ പ്രത്യേക പട്രോളിങ് യൂണിറ്റ് തീരപ്രദേശത്ത് പ്രവർത്തനം ആരംഭിക്കും.
തെക്ക് മുട്ടുകാട് മുതൽ വടക്ക് എന്നൂർ വരെയുള്ള 60 കിലോമീറ്റർ തീരപ്രദേശത്തായിരിക്കും സേന കാവൽ നിൽക്കുക. കൂടാതെ, തീരത്ത് നിന്നും അഞ്ച് നോട്ടിക്കൽ മൈലിനുള്ളിൽ വരുന്ന ഇടങ്ങളിലെ ട്രോളിങ് തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
പലപ്പോഴും കടലാമകളേയും കുഞ്ഞുങ്ങളേയും പിടികൂടി കൊല്ലുന്ന വലകൾ ജലാശയങ്ങളിൽ അനുവദിക്കാറുണ്ട്. ഇത് സമുദ്രജീവികളുടെ നാശത്തിന് കാരണമാകും, ഇവയുടെ സംരക്ഷണത്തിനായി, പുതിയ യൂണിറ്റിൽ മൂന്ന് പട്രോളിങ് കപ്പലുകൾ സജ്ജീകരിക്കുന്നുണ്ട്. ഒരു ഹൈ സ്‌പീഡ് ഇൻ്റർസെപ്റ്റർ ക്രാഫ്റ്റും നിയമലംഘകരെ പിടികൂടി കൊണ്ടുപോകുന്നതിനായുള്ള രണ്ട് ബോട്ടുകളും ഇതിൽ ഉള്‍പ്പെടുന്നു.
കൂടാതെ, ആമകളുടെ ഇണചേരൽ സമയങ്ങളിൽ സേന 24 മണിക്കൂർ ഇവയെ നിരീക്ഷിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. എല്ലാ വർഷവും നവംബർ മുതൽ ജനുവരി വരെ, ഒലിവ് റിഡ്‌ലി കടലാമകൾ ബംഗാൾ ഉൾക്കടലിലേക്ക് പോകും. പിന്നീട് ചെന്നൈയിലെ തീരങ്ങളിൽ മുട്ട ഇടാൻ എത്തുന്നതാണ് പതിവ്.
അരിബാഡ – ഒഡീഷയിലെ ഗഹിർമാത, റുഷികുല്യ, ദേവി നദീമുഖം എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും പ്രജനനത്തിനായി എത്താറുള്ളത്. ആഗോളതലത്തിൽ, മെക്‌സിക്കോയിലും കോസ്റ്റാറിക്കയിലും മാത്രമേ ഇവ മുട്ടയിടാൻ എത്താറുള്ളൂ.
ഇവിടെ പ്രജനനം നടത്തുന്നവയുടെ എണ്ണം കുറവാണെങ്കിലും, ചെന്നൈയിലെ ബീച്ചുകൾ ഈ ജീവിവർഗങ്ങളുടെ നിലനിൽപ്പിന് നിർണായകമാണെന്ന് സംരക്ഷകർ പറയുന്നു. പതിറ്റാണ്ടുകളായി സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംരക്ഷണ പരിപാടികളിലൂടെ തമിഴ്‌നാട് കടലാമ സംരക്ഷണത്തിൽ മുൻപന്തിയിലാണ്.
വിവിധ ആക്‌ടിവിസ്റ്റ് ഗ്രൂപ്പുകളും സംസ്ഥാന വനം വകുപ്പിൻ്റെ രാത്രി പട്രോളിങ് സംഘങ്ങളും ആയിരക്കണക്കിന് മുട്ടകളെ വേട്ടയാടലിൽ നിന്നും മറ്റു ഭീഷണികളിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. എന്നിരുന്നാലും, തീരത്തിനടുത്തുള്ള മത്സ്യബന്ധന വലകളിൽ ചത്ത് ഒടുങ്ങുന്ന പ്രായം ചെന്ന ആമകളുടെ എണ്ണം ഒരു വെല്ലുവിളിയായി തുടരുകയാണ്.
കഴിഞ്ഞ സീസണിൽ ഒരുപാട് കടലാമകൾ ചത്ത് ഒടുങ്ങിയിരുന്നു. ട്രോള്‍ വലകളിൽ കുടുങ്ങിയാണ് ഭൂരിഭാഗം ആമകളും ചാവുന്നത്. നിലവിലുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെയും സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലൂടെയും എലൈറ്റ് പട്രോളിങിന് കീഴിലെ ഈ പദ്ധതി ഒരു വഴിത്തിരിവായി മാറുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ കരുതുന്നത്. ആമകൾക്ക് വേണ്ടി മാത്രമല്ല, മുഴുവൻ തീരദേശ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് കൂടിയാണ് ഇത് എന്നും ചെന്നൈയിലെ ഒരു സമുദ്ര ജീവശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടു.







