രാജസ്ഥാന്‍ സര്‍ക്കാരിന് വിതരണം ചെയ്‌ത ജനറിക് ചുമ മരുന്ന് കഴിച്ച് രണ്ട് കുട്ടികള്‍ മരിക്കുകയും ചിലര്‍ക്ക് സുഖമില്ലാതാകുകയും ചെയ്‌ത പശ്ചാത്തലത്തില്‍ 22 ബാച്ച് മരുന്നുകള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയാണ് മരുന്ന് വിതരണം ചെയ്‌തത്. ചുമയ്ക്കുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് സുഖമില്ലാതെ ആയെന്ന് പരാതി കിട്ടിയതായി ഡ്രഗ് കണ്‍ട്രോളര്‍ അജയ് ഫാതക് പറഞ്ഞു. ഭരത്പൂര്‍സ, ഝുന്‍ഝുനു, സികാര്‍ തുടങ്ങിയ മേഖലകളില്‍ നിന്ന് ഡ്രഗ് ഇന്‍സ്‌പെക്‌ടര്‍മാര്‍ സാമ്പിളുകള്‍ ശേഖരിച്ചെന്നും മൂന്ന് ദിവസത്തിനകം ഇവയുടെ പരിശോധന ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഈ മരുന്ന് കൊടുക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സികാര്‍ ജില്ലയില്‍ നിന്നുള്ള അഞ്ച് വയസുകാരന്‍ തിങ്കളാഴ്‌ച മരണത്തിന് കീഴടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശിച്ച മരുന്ന് കഴിച്ചതിന് പിന്നാലെയാണ് കുട്ടി മരിച്ചത്. ഞായറാഴ്‌ച വൈകിട്ട് ചിരാന സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നിന്ന് മുകേഷ് ശര്‍മ്മ എന്നയാളുടെ മകന്‍ നിതീഷിനാണഅ മരുന്ന് നല്‍കിയതെന്ന് ദാദിയ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടര്‍ രോഹിതാശ്വകുമാര്‍ പറഞ്ഞു. രാത്രിയോടെ കുട്ടിയുടെ നില മോശമായി. തിങ്കളാഴ്‌ച രാവിലെ കുട്ടി മരിച്ചു.
പരാതി നല്‍കാനോ പോസ്റ്റ്‌മോര്‍ട്ടം നടത്താനോ കുട്ടികളുടെ മാതാപിതാക്കള്‍ തയാറായില്ല. കുട്ടിയുടെ അമ്മയുടെ പിതാവാണ് പരാതി നല്‍കിയത്.
സെപ്റ്റംബര്‍ 22ന് ഭരത് പൂരില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. രണ്ട് വയസുകാരനായ സമ്രത് ജാതവ് ആണ് അമ്മ മരുന്ന് നല്‍കിയതിന് പിന്നാലെ മരിച്ചത്. സ്ഥലത്തെ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് നിര്‍ദേശിച്ച മരുന്നായിരുന്നു കുട്ടിക്ക് കൊടുത്തത്. തന്‍റെ മൂന്ന് പേരക്കുട്ടികള്‍ ഈ മരുന്ന് കഴിച്ചെന്നും ഇവരുടെ അമ്മൂമ്മ നെഹ്‌നി ജാതവ് വ്യക്തമാക്കി. രണ്ട് പേര്‍ക്ക് ഛര്‍ദ്ദിലുണ്ടായി. എന്നാല്‍ സമ്രതിന് ബോധം വീണതേയില്ല. മരുന്നാണ് കാരണമെന്ന് പിന്നീടാണ് തങ്ങള്‍ക്ക് മനസിലായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മരുന്ന് സുരക്ഷിതമാണെന്ന് വരുത്തിതീര്‍ക്കാനായി സ്വയം കുടിച്ച് കാട്ടിയ മുതിര്‍ന്ന ഡോക്‌ടറും ബോധരഹിതനായെന്ന് റിപ്പോര്‍ട്ടുണ്ട്. ബയാന സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോ.താരാചന്ദ് യോഗിയാണ്സെപ്റ്റംബര്‍ 24ന് രോഗികളുടെ മുന്നില്‍ വച്ച് മരുന്ന് കുടിച്ചത്. എന്നാല്‍ എട്ടു മണിക്കൂറിന് ശേഷം ഇയാളെ അബോധാവസ്ഥയില്‍ കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ബനശ്വര ജില്ലയില്‍ കഴിഞ്ഞാഴ്‌ച ഈ മരുന്ന് കുടിച്ച എട്ട് കുട്ടികള്‍ക്ക് സുഖമില്ലാതായതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മരണങ്ങളുണ്ടായതിനെ തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ 22 ബാച്ച് മരുന്നുകള്‍ നിരോധിച്ചു. ഇവയെ തിരികെ വിളിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മരുന്ന് നിര്‍ദ്ദേശിക്കരുതെന്ന് ഡോക്‌ടര്‍മാരോടും ഉത്തരവിട്ടു. 22 ബാച്ചുകളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ച് വരികയാണ്. കയ്‌സണ്‍ ഫാര്‍മയില്‍ നിന്നുള്ള വിതരണവും നിര്‍ത്തി വച്ചെന്ന് രാജസ്ഥാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ജയ്‌സിങ് പറഞ്ഞു.
ജൂലൈ മുതല്‍ 1.33 ലക്ഷം കുപ്പി മരുന്നുകളാണ് വിതരണം ചെയ്‌തിട്ടുള്ളത്. 8200 കുപ്പികള്‍ ഇനി ജയ്‌പൂരിലെ സവായ് മാന്‍ സിങ് ആശുപത്രിയില്‍ അവശേഷിക്കുന്നുണ്ട്. ഇത് രോഗികള്‍ക്ക് നല്‍കരുതെന്ന് അധികൃതര്‍ ഉത്തരവിട്ടു വിഷയത്തില്‍ അന്വേഷണത്തിന് രാജസ്ഥാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.







