ചരിത്രനേട്ടം സ്വന്തമാക്കി സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

0
31

കോടികളുടെ പുസ്‌തക വില്‍പ്പന നടത്തി സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ ഇതുവരെയുള്ള ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ പുസ്‌തക വില്‌പനയാണിത്.

 

 കഴിഞ്ഞ ഒരു വർഷം കൊണ്ട് മൂന്നേകാൽ കോടി രൂപയുടെ പുസ്തക വിൽപന നടത്തി പുതിയ ചരിത്രം സൃഷ്ടിച്ച് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് . ഒരു വർഷത്തെ അവധികൾ ഒഴിവാക്കിയാൽ പ്രവൃത്തി ദിവസങ്ങൾ 325 ആണ്.

ഒരു ദിവസത്തെ ശരാശരി പുസ്തക വിൽപന ഒരു ലക്ഷം രൂപയുടേതാണ്. കണ്ണൂർ സ്വദേശിയും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടറുമായ പള്ളിയറ ശ്രീധരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ 20,000 കോപ്പി വരെ അച്ചടിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, 2,000 കോപ്പിയിൽ കുറഞ്ഞ് ഒരു പുസ്തകവും ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചരിത്രത്തിൽ പുസ്തക വിൽപനയിൽ ഇത് സർവകാല റെക്കോർഡാണ്.

കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് 3,000-ത്തോളം പുസ്തകങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതും ചരിത്രത്തിൽ ആദ്യമാണ്. ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്താണ് പള്ളിയറ ശ്രീധരൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടറായി ചുമതലയേറ്റത്.

ഇന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ ഗണിത ശാസ്ത്ര കൃതികൾ രചിച്ചുവെന്ന ഖ്യാതിയും ശ്രീധരന് സ്വന്തമാണ്. ഇതുവരെയായി 125 ഗണിത ശാസ്ത്ര ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളത്തിൽ ഗണിത ശാസ്ത്ര സാഹിത്യ ശാഖ രൂപപ്പെടുത്തിയതും പള്ളിയറ ശ്രീധരനാണ്.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴും സർക്കാറിന് കീഴിലുള്ള അക്കാദമികളുടെയും ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും മേധാവികളെ മാറ്റിയപ്പോൾ, പള്ളിയറ ശ്രീധരനെ തുടരാൻ അനുവദിക്കുകയായിരുന്നു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രവർത്തനം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപിപ്പിച്ചതിൻ്റെ അംഗീകാരവും ശ്രീധരനാണ്.

എല്ലാ ജില്ലകളിലും കുട്ടികൾക്കായി മൂന്ന് ക്യാമ്പുകളെങ്കിലും നടത്തിയിട്ടുണ്ട്. അടുത്ത കാലത്തായി ലഹരിക്കെതിരെ പത്ത് പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചിത്രരചനാ മത്സരങ്ങളും ജില്ലാ തലത്തിൽ നടത്തിവരുന്നു.

കണ്ണൂർ ജില്ലയിലെ കൂടാളി ഹൈസ്‌കൂളിൽ അധ്യാപകനായിരിക്കേ ജോലിയിൽ നിന്ന് വോളണ്ടറി റിട്ടയർമെൻ്റ് എടുത്ത് ഗ്രന്ഥരചനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ശ്രീധരൻ. ഡൽഹിയിൽ നിന്ന് സി.സി.ആർ.ടി. ഓറിയൻ്റേഷൻ കോഴ്‌സും എൻ.സി.ഇ.ആർ.ടി. ട്രെയിനിങ് കോഴ്‌സും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്.

പാഠപുസ്തകങ്ങൾ ഉൾപ്പെടെ സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടിയും എൻ.സി.ആർ.ടിക്ക് വേണ്ടിയും സഹകരിച്ചു പ്രവർത്തിച്ചു. ബാലസാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള സർക്കാർ അവാർഡ്, ഭീമ പുരസ്‌കാരം, ഭാരത് എക്‌സലൻസ് അവാർഡ്, സുഭദ്ര കുമാരി ചൗഹാൻ ജന്മശതാബ്ദി പുരസ്‌കാരം, ഹൈസ്‌കൂൾ അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വൈജ്ഞാനിക സാഹിത്യ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

125 ഗണിത ശാസ്ത്ര കൃതികൾ ഉൾപ്പെടെ 155 ഗ്രന്ഥങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. ശാസ്ത്ര വിജ്ഞാന കോശം, ഗണിത ശാസ്ത്ര പ്രതിഭകൾ, വേദഗണിതം, പൂജ്യത്തിൻ്റെ കഥ, ഗണിതം മധുരം, കണക്ക് കൊണ്ട് കളിക്കാം തുടങ്ങിയവയാണ് പള്ളിയറ ശ്രീധരൻ്റെ പ്രധാന ഗ്രന്ഥങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here