ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

0
5

ഹൈദരാബാദ് : ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം. വിമാനത്തിലെ ഓവർഹെഡ് ലഗേജ് കംപാർട്ട്‌മെന്റിൽ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിക്കുകയും തീപിടിക്കുകയുമായിരുന്നു. വിമാനത്തിൽ നിന്ന് തീയും പുകയും ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി.

വിമാന ജീവനക്കാർ വേഗത്തിൽ ഫയർ എക്സ്റ്റിംഗുഷറുകൾ ഉപയോഗിച്ച് തീയണച്ചു. യാത്രക്കാരിലൊരാൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളിൽ, തീ പടരുന്നത് തടയാൻ ചില യാത്രക്കാർ സ്വന്തം ബാഗുകൾ ഉപയോഗിച്ച് തട്ടുന്നത് കാണാം.

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇൻഡിഗോ അറിയിച്ചു. സുരക്ഷയെ മുൻനിർത്തി വിമാനം ഉടൻ തന്നെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് ലാൻഡ് ചെയ്യിപ്പിക്കുകയായിരുന്നു. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പൈലറ്റുമാർ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടതെന്ന് ഇൻഡിഗോ അറിയിച്ചു.

സംഭവത്തിൽ ആർക്കും പരിക്കുകളില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 – ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട എയർബസ് വിമാനത്തിലാണ് സംഭവം നടന്നത്. വൈകുന്നേരം 4 – ന് വിമാനം ചെന്നൈയിൽ എത്തേണ്ടതായിരുന്നു. ഉച്ചയ്ക്ക് 1.10 – ന് പുറപ്പെടേണ്ട വിമാനം 1.30 – നാണ് ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. ഹൈദരാബാദിൽ ഇറക്കിയ യാത്രക്കാരെ ചെന്നൈയിൽ എത്തിക്കുന്നതിനായി ഇൻഡിഗോ മറ്റൊരു ബദൽ വിമാനം ക്രമീകരിച്ചു. യാത്രക്കാർക്ക് ആവശ്യമായ ലഘുഭക്ഷണവും മറ്റും നൽകിയിട്ടുണ്ട്.

പവർ ബാങ്കുകൾ വിമാനത്തിൽ അനുവദിക്കുമോ?

വിമാനത്തിൽ പവർ ബാങ്കുകൾ കൊണ്ടുപോകാൻ അനുമതിയുണ്ട്. ഹാൻഡ് ലഗേജിൽ മാത്രമേ ഇവ വെക്കാവൂ എന്നുണ്ട്. ചെക്ക്-ഇൻ ലഗേജിൽ പവർ ബാങ്കുകൾ വെക്കുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. പൊട്ടിത്തെറിയുണ്ടായാൽ കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിനാണ് അവ ഹാൻഡ് ലഗേജിൽ വെക്കണമെന്ന് പറയുന്നത്. 100 വാട്ട് വരെയുള്ള പവർ ബാങ്കുകൾ പ്രത്യേക അനുമതി ഇല്ലാതെ തന്നെ ഹാൻഡ് ലഗേജിൽ കൊണ്ടുപോകാം. ഒരാൾക്ക് 2 എണ്ണം വരെ കൊണ്ടുപോകാവുന്നതാണ്. വിമാനക്കമ്പനിയുടെ മുൻകൂട്ടിയുള്ള പ്രത്യേക അനുമതിയോടെ മാത്രമേ ഇവ കൊണ്ടുപോകാൻ കഴിയൂ എന്നുമുണ്ട്.

അതെസമയം 160 വാട്ടിന് മുകളിലുള്ള പവർ ബാങ്കുകൾ വിമാനത്തിൽ കൊണ്ടുപോകാൻ അനുമതിയില്ല. തകരാറുള്ളതോ, വീർത്തതോ, കേടുപാടുകൾ സംഭവിച്ചതോ ആയ പവർ ബാങ്കുകൾ കൊണ്ടുപോകരുതെന്നുമുണ്ട്. യാത്രയ്ക്കിടയിൽ വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്ക് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ വിമാനക്കമ്പനികൾ നിർദ്ദേശിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here