മൂന്ന് ജീവനുകളെ ഇടിച്ച് തെറിപ്പിച്ചിട്ട് എന്ത് വന്നാലും എന്റെ വാപ്പ നോക്കിക്കൊള്ളും

0
5

പണത്തിന്റെ തിമിരും അകത്ത് ഉള്ള ലഹരിയും കാരണം തിമിരം പിടിച്ച ഒരു പേപ്പട്ടി കാരണം റോഡിൽ പൊലിഞ്ഞു വീണത് മൂന്ന് ജീവനുകളാണ്. കുടുംബം പോറ്റാൻ ജോലിക്ക് പോയ വെറും സാധാരണക്കാരായ മൂന്ന് പിള്ളേർ. ജനിപ്പിച്ച തന്തയുടെയും തള്ളയുടെയും കയ്യിൽ കോടികൾ ഉള്ളതിന്റെ അഹംഭാവം സിരകളിൽ പേറി നടന്നവൻ
അവരെ റോഡിൽ ഇടിച്ച് തെറിപ്പിക്കുന്നു. എന്നിട്ടും ചെയ്ത പാതകത്തിൽ തരിമ്പും മനസ്സ് ഇടറാതെ അവൻ വിളിച്ച് പറയുന്നു എന്ത് വന്നാലും അവന്റെ വാപ്പ നോക്കിക്കോളും എന്ന്. അതായത് അവന്റെ വാപ്പ സജീവ് ജമാലിന്റെ കയ്യിലുള്ള പൂത്ത കാശ് കൊണ്ട് മൂന്ന് ജീവനുകൾക്ക് വിലയിടും എന്ന വെല്ലുവിളി. അങ്ങനെ വെല്ലുവിളിക്കാൻ ആ പീറ ചെറുക്കന് ധൈര്യം വന്നത് എന്ത് കൊണ്ടാണെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? പണത്തിന് മീതെ ഒരു പരുന്തും പറക്കില്ല എന്നൊരു അധീശത്വം അവന് കുറുക്കി കൊടുത്ത് വളർത്തിയ അവന്റെ കുടുംബവും പിന്നെ പണം കണ്ടാൽ പലപ്പോഴും കവാത്ത് മറക്കുന്ന, പണം കൊണ്ട് മറയ്ക്കപ്പെടുന്ന നീതിബോധവും ധാർമ്മികതയും ഒപ്പം നമ്മുടെ നാറിയ വ്യവസ്ഥിതിയുമാണ്.

ഇവന്റെ അമ്മ നൂഹ സജീവ് അവരുടെ ഇഹ ഡിസൈൻ പേജിൽ പങ്ക് വച്ചൊരു വീഡിയോയിൽ കാണിച്ചിട്ടുണ്ട് ഇവന് അവർ വാങ്ങി നല്കിയ മിനി കൂപ്പർ, ആ കൊലയാളി വണ്ടി. പിറന്നാൾ സമ്മാനമായിട്ട് അത് നല്കിയിട്ട് അവർ പറയുന്നുണ്ട് ഇളയ മകൻ സുഹൈൽ കുറേ നാളായി ആഗ്രഹിച്ച വണ്ടിയാണെന്നും മൂത്ത മകനും കാറുകളോട് ക്രേസ് ആണെന്നും ഒക്കെ. ആഡംബര വാഹനം ഇരുപത് തികയാത്ത മകന് സമ്മാനമായി കൊടുക്കുന്നത് അവരുടെ ചോയ്സ്. പക്ഷേ ആഗ്രഹിച്ചത് ഒക്കെ അരുമയോടെ വാങ്ങി നല്കാൻ പഠിച്ച ആ അമ്മയും അച്ഛനും മോനെ ചൊല്ലുവിളിയോടെ വളർത്താൻ മറന്ന് പോയി. ആഡംബര വാഹനം വാങ്ങി തരുന്നത് പാവങ്ങളുടെ നെഞ്ചത്ത് കേറ്റി ഇറക്കാനും കുടിച്ച് കൂത്താടി സ്റ്റിയറിങ്ങ് പായിച്ച് ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്താനും അല്ല എന്ന് പഠിപ്പിച്ച് ചൊല്ല് വിളിയോടെ വളർത്താൻ മറന്ന് പോയി.

മൂന്ന് ജീവനുകളെ ഇടിച്ച് തെറിപ്പിച്ചിട്ട് എന്ത് വന്നാലും എന്റെ വാപ്പ നോക്കിക്കൊള്ളും എന്ന് പറയാൻ ഉള്ള അഹന്ത അവനിൽ ഉണ്ടാക്കിയത് അവനെ ഇമ്മാതിരി പടച്ചു വിട്ട വീട്ടുകാർ തന്നെയാണ്. ആ പാവം മൂന്ന് കുഞ്ഞുങ്ങൾക്കും ഇവനും എല്ലാം ഏകദേശം ഒരേ പ്രായമാണ്. എന്നാൽ അവരും ഇവനും തമ്മിൽ ഉണ്ടായ വ്യത്യാസം ഇവന്റെ വാപ്പയ്ക്ക് ഇവനെ ഇട്ട് മൂടാൻ ഉള്ള കോടികൾ ഉണ്ട്, അത് എടുത്ത് അർമാദിച്ച് നടന്നാൽ മതി. പക്ഷേ ആ കുഞ്ഞുങ്ങൾക്ക് അങ്ങനെയല്ല. ഇളം പ്രായത്തിലെ ജോലി ചെയ്ത് പൈസ ഉണ്ടാക്കിയാൽ മാത്രം മുന്നോട്ട് പോവുന്ന കുടുംബ ഭാരം അവരുടെ ചുമലിലുണ്ട്. അങ്ങനെയുള്ള മൂന്ന് കുടുംബത്തെയാണ് ഒരൊറ്റ നിമിഷം കൊണ്ട് ഇവന്റെ തിമിർ, ഹുങ്ക് ഇല്ലാതെ ആക്കിയത്.

പണമില്ലാത്ത, പ്രിവിലേജില്ലാത്ത ഏതൊരാളും തൻ്റെ കാൽക്കീഴിൽ ഞെരിഞ്ഞമരപ്പെടണമെന്ന ധാർഷ്ട്യ ബോധം ഉള്ളൊരുത്തൻ കാരണം ഒരു മനുഷ്യൻ പാമ്പിൻ ത്തോലിട്ട ബൂട്ടിനടിയിൽ ഞെരിഞ്ഞമർന്നതിന് നമ്മൾ സാക്ഷ്യം വഹിച്ചിരുന്നു. നിസാം എന്ന വ്യവസായി ക്രിമിനൽ ചന്ദ്രബോസ് എന്ന പാവം സെക്യൂരിറ്റി ജീവനക്കാരനെ കാൽക്കീഴിൽ ഇട്ട് ചവിട്ടിയരച്ചു കൊന്നു. അന്നും അവൻ്റെ പണവും പ്രിവിലേജും കണ്ട നിയമപാലനം അവനു മുന്നിൽ ഓച്ഛാനിച്ചു നിന്നതാണ്. പക്ഷേ സോഷ്യൽ മീഡിയയിൽ കത്തി ജ്വലിച്ച പ്രതികരണങ്ങൾ കൊണ്ട് മാത്രം അവൻ അകത്തായി; പുറത്തിറങ്ങാൻ കഴിയാത്ത വണ്ണം പൂട്ടി. കോടികൾ കയ്യിലിട്ട് അമ്മാനം ആടിയവൻ, എട്ടു വയസ്സ് ഉള്ള മോന്റെ കയ്യിൽ ആഡംബര വാഹനം ഓടിക്കാൻ കൊടുത്ത് അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ട നിസാം ഇന്ന് ജയിലിൽ വെറും തറയിൽ കിടപ്പുണ്ട്.

ഈ വിഷയത്തിൽ പൊതു സമൂഹം ഒറ്റക്കെട്ടായി നില്ക്കണം. ഇവന്റെ പേരിൽ മനഃപൂർവം അല്ലാത്ത ഒരു നരഹത്യ കേസ് ഇട്ട് കൊടുത്ത് രക്ഷിച്ചെടുക്കാൻ ചരട് വലികൾ തുടങ്ങി കാണും .പണവും പ്രിവിലേജും ആവോളം ഉള്ളവനെ രക്ഷിച്ചെടുക്കാൻ അടവുകൾ പത്തൊമ്പത് ഉണ്ട് ഇവിടെ., അത് എടുത്ത് പയറ്റാൻ തോനെ ആളുകളും ഉണ്ടാവും. കേവലം കൈ അബദ്ധം കൊണ്ട് പറ്റിപ്പോയ പിഴവ് അല്ലിത്. സിസിടിവി ഫൂട്ടേജിൽ ആ ദൃശ്യം കണ്ടാൽ നടുങ്ങി പോകും. ലഹരി സിരകളിൽ പടർന്നപ്പോൾ വായു വേഗത്തിൽ പായിക്കുന്ന വണ്ടി. മൂന്ന് ജീവനുകളെ ഇടിച്ച് തെറിപ്പിച്ചിട്ടും കുറ്റബോധത്തിന്റെ നേരിയ ലാഞ്ചന പോലും ഇല്ലാതെ കാണിച്ച പണത്തിന്റെ തിമിർ ഉള്ള കൂസാത്ത ഭാവം. അവൻ അറിയണം അവന്റെ വാപ്പാന്റെ കയ്യിലുള്ള കടലാസ് കെട്ടുകൾക്ക് പാവപ്പെട്ടവരുടെ ജീവൻ എടുക്കാൻ അവകാശം ഇല്ലെന്ന്. പണം ഇല്ലാത്തവരുടെ വിലാപങ്ങൾക്ക്, അവരുടെ നെഞ്ച് പിടഞ്ഞു പൊടിയുന്ന കണ്ണുനീരിന് കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം തറപ്പറ്റിക്കാൻ കഴിയുമെന്ന് അവൻ ഓർക്കണം. വാപ്പാന്റെ കയ്യിൽ പൂത്ത കാശ് ഉണ്ടെങ്കിൽ ഇവിടുത്തെ നിയമങ്ങളെ കാറ്റിൽ പറത്താമെന്ന മൂഢ ചിന്തയെ, നിയമത്തെ കയ്യിലെടുക്കാം കഴിയും എന്ന അധീശ ബോധത്തെ കശക്കിയെറിയാൻ നമ്മൾ ഒറ്റക്കെട്ടായി നില്ക്കണം.

ഇന്ന് ആ മക്കൾക്ക് സംഭവിച്ചത് നാളെ നമ്മുടെ വീട്ടിലും സംഭവിക്കാം. നിരത്തുകളിൽ പൊലിയുന്ന ഓരോ ജീവനും കേവലം വായിച്ച് കളയേണ്ട വാര്‍ത്തയല്ല, മറിച്ച് ഒട്ടനവധി കുടുംബങ്ങളുടെ തകർന്നുടഞ്ഞ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. പണത്തിന്റെ ഹുങ്കും ലഹരിയും അശ്രദ്ധമായ ഡ്രൈവിംഗും നമ്മുടെ റോഡുകളെ ചോരക്കളമാക്കുമ്പോൾ, പൊലിയുന്നത് കുടുംബങ്ങളുടെ പ്രതീക്ഷകളാണ്. ഇത്തരം സംഭവങ്ങൾക്ക് എതിരെ ശക്തമായ നിയമനടപടികളും സമൂഹം ഒറ്റക്കെട്ടായുള്ള പ്രതിരോധവുമാണ് ആവശ്യം. ആ കുഞ്ഞുങ്ങൾക്ക് നീതി ലഭിക്കണം. അതിന് വേണ്ടി നമ്മൾ ഒരുമിച്ച് പോരാടണം.!!

അകാലത്തിൽ പൊലിഞ്ഞ മൂന്ന് മക്കൾക്ക് കണ്ണുനീർ പ്രണാമം 🙏🙏🙏💐

LEAVE A REPLY

Please enter your comment!
Please enter your name here