പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ഏപ്രിൽ നാലിന് തിരുവല്ലയിലും തിരുവനന്തപുരത്തും നടക്കുന്ന പരിപാടികളിൽ മോദി പങ്കെടുക്കും. നേരത്തെ മോദിയെ പാലായിൽ എത്തിക്കാൻ നേതൃത്വം പദ്ധതിയിട്ടിരുന്നെങ്കിലും ഇത് പിന്നീട് സുരക്ഷാ പ്രശ്നങ്ങൾ കാരണം ഒഴിവാക്കി.
- പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്.
- ഏപ്രിൽ നാലിന് എത്തും.
- തിരുവല്ലയിലും തിരുവനന്തപുരത്തും പരിപാടികൾ.
ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിലേക്കുള്ള മോദിയുടെ വരവ് പാർട്ടി പ്രവർത്തകരിൽ ആവേശം ഇരട്ടിയാക്കും. തിരുവനന്തപുരം കോർപറേഷൻ്റെ ഭരണം പിടിച്ച് 27-ാം ദിവസം സംസ്ഥാന നേതൃത്വം മോദിയെ തലസ്ഥാനത്ത് എത്തിച്ചിരുന്നു. ഇക്കഴിഞ്ഞ ആഴ്ച പാലക്കാടും തൃശൂരും പരിപാടികളിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെ ആണ് മോദി വീണ്ടും കേരളത്തിൽ എത്തുന്നത്. മാർച്ച് 11ന് കൊച്ചിയിൽ നടന്ന വിവിധ പരിപാടികളിലും മോദി പങ്കെടുത്തിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തിരുവല്ലയിൽ എത്തുന്ന മോദി തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രവർത്തക സംഗമത്തെ അഭിസംബോധന ചെയ്യും. ആറന്മുള, ചെങ്ങന്നൂർ അടക്കമുള്ള 10 സമീപ മണ്ഡലങ്ങളിലെ പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. വൈകുന്നേരം നാലുമണിയോടെ തലസ്ഥാനത്ത് എത്തുന്ന മോദി കിള്ളിപ്പാലം മുതൽ കരമന വരെ 1.5 കിലോമീറ്റർ നീളുന്ന റോഡ് ഷോയിൽ പങ്കെടുക്കും. ബിജെപിക്ക് സ്വാധീനമുള്ള തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ റോഡ് ഷോ കടന്നുപോകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് വിവരം.
മോദിയുടെ വരവ്, പ്രതീക്ഷയോടെ ബിജെപി
ബിജെപി പ്രതീക്ഷവെക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിലേക്ക് മോദി എത്തുന്നത് പ്രവർത്തകരെയും വോട്ടർമാരെയും സ്വാധീനിക്കുമെന്നാണ് നേതൃത്വം കരുതുന്നത്. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് ശക്തമായ മത്സരം നടക്കുന്നത്. കഴിഞ്ഞ ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മൂന്ന് മണ്ഡലങ്ങളിലും ബിജെപി നിർണായകമായ മേൽക്കൈ നേടിയിട്ടുണ്ട്.1
നേമത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ ശ്രീലേഖയും കഴക്കൂട്ടത്ത് മുൻ കേന്ദമന്ത്രി വി മുരളീധരനും മത്സരിക്കുന്നത്. കൂടാതെ, പാർട്ടി ജില്ലാ അധ്യക്ഷൻ കരമന ജയൻ മത്സരിക്കുന്ന തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലും ബിജെപി അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം തിരുവല്ലയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി ആണ് ബിജെപിക്കായി മത്സരിക്കുന്നത്. ഇത്തവണ തിരുവല്ലയിൽ പാർട്ടിക്ക് മുന്നേറ്റം ഉണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.








