ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകള്‍ പാക് അധീന കശ്‌മീരിൽ നിന്ന് താവളങ്ങൾ മാറ്റുന്നതായി റിപ്പോർട്ടുകള്‍. ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദും ഹിസ്ബുൾ മുജാഹിദീനും (എച്ച്എം) തങ്ങളുടെ താവളങ്ങൾ ഖൈബർ പഖ്‌തുൻഖ്വ (കെപികെ) പ്രവിശ്യയിലേക്ക് മാറ്റാൻ തുടങ്ങിയതായി പ്രതിരോധ, സൈനിക വൃത്തങ്ങൾ അറിയിച്ചു.
പാകിസ്ഥാനിലെ ചില സ്ഥലങ്ങളിൽ അടുത്തിടെ ജെയ്‌ഷെ മുഹമ്മദിൻ്റെ ഒത്തുചേരലുകൾ പൊലീസ് സംരക്ഷണത്തിൽ നടന്നതായും ഇതിൽ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജെയുഐ) പോലുള്ള രാഷ്ട്രീയ-മത സംഘടനകളുടെ ഇടപെടൽ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. പാക് അധിനിവേശ കശ്‌മീരിന് (പിഒകെ) നേരെ കൂടുതൽ ഇന്ത്യൻ ആക്രമണങ്ങൾ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലുള്ള തന്ത്രപരമായ ഇടപെടലായാണ് ഇതിനെ വിലയിരുത്തുന്നത്.
അതേസമയം ഖൈബർ പഖ്‌തുൻഖ്വ അഫ്‌ഘാൻ അതിർത്തിയോട് ചേർന്നു നിൽക്കുന്നതും തീരുമാനത്തിന് കാരണമായിട്ടുണ്ടാകുമെന്നും പറയുന്നു. സെപ്റ്റംബർ 14 ന് ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നതിന് ഏകദേശം ഏഴ് മണിക്കൂർ മുമ്പ് കെപികെയിലെ മൻസെഹ്ര ജില്ലയിലെ ഗാർഹി ഹബീബുള്ള നഗരത്തിൽ ജെയ്‌ഷെ മുഹമ്മദ് പൊതു റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് നടത്തിയതായും വൃത്തങ്ങൾ പറഞ്ഞു.
നിരവധി ഇന്ത്യൻ സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികൾ സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ ഭാഗമാണ് ഈ വിശദാംശങ്ങൾ. ജെയ്‌ഷെ മുഹമ്മദും ജെയുഐയും സംയുക്തമായി നയിച്ച ഏകോപിത നീക്കമായിരുന്നു റിക്രൂട്ട്‌മെൻ്റ് ഡ്രൈവ്. ജെയ്‌ഷെ മുഹമ്മദിൻ്റെ മുതിർന്ന നേതാവായ അബു മുഹമ്മദ് എന്ന മുലാന മുഫ്‌തി മസൂദ് ഇല്യാസ് കശ്‌മീരിയുടെ സാന്നിധ്യത്തിലായിരുന്നു ഡ്രൈവ് നടന്നത്. അതുകൊണ്ട് തന്നെ പാകിസ്ഥാൻ്റെ പൂർണ പിന്തുണയോടെ ആണ് ഭീകര സംഘടനകളുടെ താവള മാറ്റമെന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഇല്യാസ് കശ്മീരി ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്ന കൊടും ഭീകരരിലൊരാളാണ്. ജെയ്‌ഷെ മുഹമ്മദിൻ്റെ സ്ഥാപകൻ മൗലാന മസൂദ് അസറുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. എം4 റൈഫിളുകൾ ധരിച്ച ജെയ്‌ഷെ മുഹമ്മദിൻ്റെ കേഡറുകളുടെയും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരുടെയും സുരക്ഷയിൽ നടന്ന പൊതു റാലിയിൽ ഇയാളുടെ സാന്നിധ്യം ഉണ്ടായത് പാക്കിസ്ഥാൻ ഭരണകൂടം ജെയ്‌ഷെ മുഹമ്മദിന് നൽകുന്ന പിന്തുണയെ ആണ് പ്രതിഫലിപ്പിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ, പാകിസ്ഥാനിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് മെയ് 7 ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടിക്കുന്നത്. ആക്രമണത്തിനിടെ ബഹവൽപൂർ, മുരിദ്കെ, മുസാഫറാബാദ് തുടങ്ങി നിരവധി ഇടങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ നശിപ്പിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി നാല് ദിവസത്തെ തീവ്രമായ ഏറ്റുമുട്ടലുകള്‍ നടന്നു. മെയ് 10 ന് സൈനിക നടപടികൾ നിർത്തലാക്കുന്നത് സംബന്ധിച്ച് ധാരണയായി.





