ഏഷ്യാ കപ്പ് ജേതാക്കളായതോടെ അടുത്ത വർഷത്തെ ലോകകപ്പ് ഹോക്കിക്ക് ഇന്ത്യ യോഗ്യത നേടി.
രാജ്‌ഗീര്‍: ഏഷ്യാ കപ്പ് പുരുഷ ഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലിൽ 4–1 ന് നിലവിലെ ചാമ്പ്യന്മാരായ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം ഉയര്‍ത്തിയത്. ജയത്തോടെ അടുത്ത വർഷത്തെ എഫ്‌ഐഎച്ച് ലോകകപ്പിന് ഇന്ത്യ യോഗ്യത നേടി. 2026 ഓഗസ്റ്റ് 14 മുതൽ 30 വരെ ബൽജിയത്തിലും നെതർലൻഡ്‌സിലുമായാണ് പുരുഷ ഹോക്കി ലോകകപ്പ്.
നാല് കിരീടങ്ങളുമായി, അഞ്ച് തവണ ചാമ്പ്യന്മാരായ കൊറിയയ്ക്ക് പിന്നിൽ ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ രണ്ടാമത്തെ ടീമായി ഇന്ത്യ മാറി. 2003 (ക്വാലലംപൂർ), 2007 (ചെന്നൈ) എന്നീ കോണ്ടിനെന്‍റൽ ടൂർണമെന്‍റുകളിലെ വിജയങ്ങൾക്ക് ശേഷം 2017 ൽ ധാക്കയിലാണ് ഇന്ത്യ അവസാനമായി കിരീടം നേടിയത്. രാജ്‌ഗിര്‍ സ്‌പോർട്‌സ് കോംപ്ലക്‌സില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ദിൽപ്രീതും (28, 45 മിനിറ്റ്) സുഖ്‌ജീത് സിംഗും (ഒന്നാം മിനിറ്റ്) മികച്ച ഫീൽഡ് ഗോളുകൾ നേടിയപ്പോൾ, അമിത് രോഹിദാസ് (50) പെനാൽറ്റി കോർണർ ഗോളാക്കി മാറ്റി. 51-ാം മിനിറ്റിൽ ഡെയ്ൻ സൺ ആണ് കൊറിയയുടെ ഏക ഗോൾ നേടിയത്.
മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധം, മധ്യനിര, മുന്നേറ്റനിര എന്നിവ തമ്മിലുള്ള മികച്ച ഏകോപനമായിരുന്നു ഒരുക്കിയിരുന്നത്. ആദ്യ രണ്ട് ക്വാർട്ടറുകളിൽ കൊറിയയ്‌ക്ക് ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കളിയുടെ ആദ്യ 30 സെക്കൻഡിനുള്ളിൽ സുഖ്‌ജീത്തിലൂടെയാണ് ഇന്ത്യ ഗോൾവേട്ട ആരംഭിച്ചത്.
ഇടതുവശത്തുനിന്നുള്ള ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന്‍റെ മികച്ച സ്റ്റിക്ക് വർക്ക് ആണ് സുഖ്‌ജീതിന് അനുകൂലമായത്. എട്ടാം മിനിറ്റിൽ ദിൽപ്രീത് സിംഗ് ഗോളിനടുത്തെത്തിയെങ്കിലും വിവേക് സാഗർ പ്രസാദിന്‍റെ പാസിൽ നിന്ന് ലഭിച്ച ഡിഫ്ലെക്ഷൻ കൊറിയൻ ഗോൾകീപ്പർ ജെയ്ഹാൻ കിം രക്ഷപ്പെടുത്തി. പിന്നാലെ ലീഡ് ഉയർത്താനുള്ള അവസരം ജുഗ്‌രാജ് പെനാൽറ്റി പാഴാക്കിയതിലൂടെ ഇന്ത്യ നഷ്ടപ്പെടുത്തി. കൊറിയൻ പ്രതിരോധത്തെ കടുത്ത സമ്മർദ്ദത്തിലാക്കിയപ്പോൾ ഇന്ത്യൻ താരങ്ങൾ ആക്രമണ മുന്നേറ്റങ്ങളിൽ തന്നെ തുടരുകയായിരുന്നു.
ആദ്യ പകുതിയുടെ രണ്ടാം ക്വാർട്ടറിൽ ദിൽപ്രീത് സിങ്ങിലൂടെ ഇന്ത്യ ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കുമ്പോൾ കൊറിയയ്‌ക്കെതിരെ 0–2 ന് ഇന്ത്യ മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ദിൽപ്രീത് മൂന്നാം ഗോളും നേടി. പിന്നാലെ അമിത് രോഹിദാസിലൂടെ വീണ്ടും ഇന്ത്യ ലീഡ് ഉയർത്തി. രോഹിദാസ് ഒരു ശക്തമായ ഗ്രൗണ്ട് ഹിറ്റിലൂടെ ഗോൾ കണ്ടെത്തുകയായിരുന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ കൊറിയയുടെ ഡെയ്ൻ സൺ ഒരു ഗോൾ മടക്കി. 56-ാം മിനിറ്റിൽ കൊറിയയ്ക്ക് നാലാമത്തെ പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധത്തിന്‍റെ കരുത്തുറ്റ അടിത്തറ തകർക്കാൻ അവർക്ക് കഴിഞ്ഞില്ല.
താരങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു
ദക്ഷിണ കൊറിയയെ 4-1 ന് പരാജയപ്പെടുത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹോക്കി ഇന്ത്യ 3 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സപ്പോർട്ട് സ്റ്റാഫിലെ അംഗങ്ങൾക്കും 1.5 ലക്ഷം രൂപ വീതം ലഭിക്കും.
ടീമിനെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു
ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യൻ ഹോക്കിക്കും ഇന്ത്യൻ കായിക വിനോദത്തിനും ഇത് അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ബീഹാറിലെ രാജ്‌ഗീറില്‍ നടന്ന ഏഷ്യാ കപ്പിൽ മികച്ച വിജയം നേടിയ നമ്മുടെ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയതിനാൽ ഈ വിജയം കൂടുതൽ സവിശേഷമാണ്. ഇന്ത്യൻ ഹോക്കിക്കും കായിക വിനോദങ്ങൾക്കും ഇത് അഭിമാനകരമായ നിമിഷമാണ്. നമ്മുടെ കളിക്കാർ ഇനിയും കൂടുതൽ ഉയരങ്ങൾ താണ്ടുകയും രാജ്യത്തിന് കൂടുതൽ മഹത്വം കൊണ്ടുവരികയും ചെയ്യട്ടെയെന്ന് മോദി എക്‌സില്‍ കുറിച്ചു.







