കുടകിലെ പുല്‍മേടുകളും വയലുകളും കാപ്പിത്തോട്ടങ്ങളും പര്‍വ്വതനിരകളുമെല്ലാം കാണാൻ കുടകിൻ്റെ തലസ്ഥാനമായ മടിക്കേരിയിലെ രാജാസീറ്റിലേക്ക് വരാവുന്നതാണ്.
നാഗിയമ്മയും ബാലമുരുകനും തമിഴ് നാട്ടിലെ ഹൊസൂരില്‍ നിന്ന് എത്തിയതാണ്. രാജാസീറ്റിനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നിന്ന് കേട്ടറിഞ്ഞ് വന്നതാണ്. ഇവിടെയെത്തിയപ്പോള്‍ വാരാന്ത്യം ശരിക്കും പ്രയോജനപ്പെടുത്താനായതിന്‍റെ സന്തോഷത്തിലാണ് ഇവര്‍ മടങ്ങുന്നത്. നിറയെ മേഘങ്ങളൊക്കെയായി ഭംഗിയായ സ്ഥലം. സൂര്യോദയവും അസ്‌തമയവും കാണാന്‍ ഇതിലും പറ്റിയ സ്ഥലമില്ലെന്നാണ് ഇവർ പറയുന്നത്.
മലയാളിയായ കെവി ഷാജേഷ് 10 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതാണ്. ഇദ്ദേഹമാകട്ടെ സുഹൃത്തുക്കളില്‍ നിന്ന് മടിക്കേരിയേയും രാജാ സീറ്റിനേയും പറ്റി കേട്ടറിഞ്ഞാണ് ഇവിടേക്ക് വന്നത്. വഴി നീളെ ചാറ്റല്‍ മഴ നനഞ്ഞും ചിലപ്പോഴൊക്കെ കോട മഞ്ഞ് മൂടിയും കൂര്‍ഗിന്‍റെ ഭംഗി നുകര്‍ന്നു കൊണ്ട് രാജാ സീറ്റിലെത്തി. മേഘക്കൂട്ടങ്ങളും താഴ്വാരങ്ങളും കണ്ണിന് കുളിര്‍മ പകരുന്ന പച്ചപ്പും എല്ലാം കൂടി കാണാതെ പോയാല്‍ നഷ്‌ടമെന്ന് പറയാവുന്ന ഇടം എന്നാണ് ഷാജേഷ് ഇതിനെ വിശേഷിപ്പിക്കുന്നത്. അടുത്ത തവണ കുടുംബത്തോടൊപ്പം വീണ്ടും മടിക്കേരിയിലെത്തുമെന്ന് ഉറപ്പിച്ചാണ് ഈ യുവാവ് മടങ്ങുന്നത്.
കര്‍ണാടക സ്വദേശിയായ മഞ്ജു നാഥിനും രാജാസീറ്റിന്‍റെ ഭംഗിയേക്കുറിച്ചാണ് പറയാനുള്ളത്. അസ്‌തമയം കാണാന്‍ ഇത്രയും മനോഹരമായ സ്ഥലം വേറെയില്ലെന്നാണ് മഞ്ജു നാഥ് പറയുന്നത്. ദക്ഷിണേന്ത്യയില്‍ത്തന്നെ ഇത്ര മികച്ച ഒരു ടൂറിസ്റ്റ് സ്പോട്ട് ഉണ്ടാകില്ലെന്നാണ് മഞ്ജുനാഥിന്‍റെ പക്ഷം.
മഴക്കാലത്തെ കുടകിൻ്റെ ഭംഗി ആസ്വദിച്ച് സഞ്ചാരികള്‍
മഴക്കാലത്തെ കുടകിൻ്റെ ഭംഗി ആസ്വദിക്കാനെത്തിയവരാണ് ഇവരൊക്കെ. മഴയും മഞ്ഞും പെയ്‌തിറങ്ങുന്ന കര്‍ണാടകയിലെ ടൂറിസം കേന്ദ്രങ്ങള്‍ തേടി സഞ്ചാരികളുടെ പ്രവാഹമാണ് ഇപ്പോള്‍. മഴക്കാലം കഴിയും മുൻപ് കുടക് കണ്ടിറങ്ങണം എന്നതിനാലാകാം ഇവർ ഇവിടേക്കെത്തുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളാണ് കുടകിൻ്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നതില്‍ ഭൂരിഭാഗവും.
കുടകിലെ മഴക്കാലത്തിന് വല്ലാത്തൊരു വശ്യതയാണ്. പച്ച വിരിച്ച മലനിരകള്‍ക്കിടയിലൂടെ ഊർന്നിറങ്ങി ദേഹമാസകലം പൊതിയുന്നൊരുതരം തണുപ്പ്. കാപ്പിത്തോട്ടങ്ങളുടെ ഗന്ധം, കയറ്റം കയറിയും കുത്തനെയുമുള്ള വഴികള്‍. കുളിരുകോരിയിട്ട് തണുത്ത് വിറച്ച ഓറഞ്ച് തോട്ടങ്ങള്‍. കുടകിലെ മഴക്കാലം അങ്ങനെയാണ്. പശ്ചിമഘട്ടത്തിൻ്റെ അതീവ സുന്ദരമായ കാഴ്‌ച കാണാൻ നിരവധി സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്. നഗര കാഴ്‌ചകള്‍ കണ്ട് മടുത്തവരാണ് ഇവിടേക്ക് കൂടുതലും എത്തുന്നത്.
കുടകിലെ പുല്‍മേടുകളും വയലുകളും കാപ്പിത്തോട്ടങ്ങളും പര്‍വതനിരകളുമെല്ലാം കാണാൻ കുടകിൻ്റെ തലസ്ഥാനമായ മടിക്കേരിയിലെ രാജാസീറ്റിലേക്ക് വരാവുന്നതാണ്. പഴയ രാജാസീറ്റില്‍ നിന്നും വിഭിന്നമായി തൊട്ടടുത്ത കുന്നുകളില്‍ പണിത വ്യൂ പോയിൻ്റുകളാണ് മറ്റൊരു പ്രധാന ആകർഷണം. കുടകിൻ്റെ മനോഹരമായ വിദൂര കാഴ്‌ചകള്‍ ഇവിടെനിന്നും ദര്‍ശിക്കാം.







