ജീവിതത്തില്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ് മടി. പലർക്കും പല തരത്തിലാണ് മടിയുള്ളത്. എന്നാല്‍ ഇനി മടി മാറ്റാൻ വളരെ എളുപ്പം.
എന്തിനും ഏതിനും മടിയുള്ള ആളാണോ നിങ്ങള്‍? മടിയൻ എന്നോ മടിച്ചി എന്നോ ഉള്ള വിളി കേള്‍ക്കാറുണ്ടോ? മടി മാറ്റാൻ പോലും നിങ്ങള്‍ക്ക് മടിയാണോ? പ്രതിവിധി ഉണ്ട്.
ജീവിതത്തില്‍ എപ്പോഴെങ്കിലും ഒക്കെ മടിപിടിച്ചിരുന്നവരാകും ഏറെപേരും. പലർക്കും പല കാര്യങ്ങള്‍ക്കാവും മടി. ചിലർക്ക് പഠിക്കാനാണെങ്കില്‍ മറ്റുചിലർക്ക് പാചകം ചെയ്യാനാകും മടി. ജോലി ചെയ്യാൻ മടിയുള്ളവരുണ്ട്. കുളിക്കാൻ മടി, അലക്കാൻ മടി, പുറത്തിറങ്ങാൻ മടി, എന്തിനധികം എഴുന്നേല്‍ക്കാൻ പോലും മടിയുള്ളവർ നമുക്ക് ചുറ്റും ഉണ്ട്.
മടി അത്ര നിസാരമായി കാണേണ്ട ഒന്നാണോ? അല്ല എന്നുതന്നെയാണ് പല സൈക്കോളജിസ്റ്റുകളും പറയുന്നത്. മടിപിടിച്ചിരുന്നു എത്ര സമയമാണ് നാം പാഴാക്കുന്നത്. ജീവിതത്തില്‍ സമയം മറ്റെന്തിനെക്കാളും പ്രധാനമാണ്. ഒരിക്കല്‍ നഷ്‌ടപ്പെടുത്തിയാല്‍ പിന്നീട് ആ സമയമൊന്നും നമുക്ക് തിരിച്ച് കിട്ടില്ല.
മടി പിടിച്ചിരിക്കുക എന്നത് ഒരു കംഫർട്ട് സോണാണ്. അതില്‍ നിന്ന് പുറത്ത് വരാൻ പലർക്കും സാധിക്കാറില്ല എന്നത് വാസ്‌തവം. ഒന്ന് മനസ് വച്ചാല്‍ മാറ്റാവുന്നതേ ഉള്ളൂ ഈ മടിയൊക്കെ. സ്വയം മനസുവയ്‌ക്കണമെന്ന് മാത്രം. മറ്റുള്ളവർക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ല. മടിമാറ്റാൻ എന്തുചെയ്യണം? സൈക്കോളജിസ്റ്റുകള്‍ പറയുന്നത് കേള്‍ക്കാം.
വേരറിയണം…
മടിയുടെ മൂലകാരണം തിരിച്ചറിയലാണ് ആദ്യ കടമ്പ. പലപ്പോഴും മടി ഒരു ലക്ഷണമാണ്. നിങ്ങളുടെ മടി ഏത് തരത്തിലുള്ളതാണെന്ന് തിരിച്ചറിയാൻ സ്വയം പരിശോധന അത്യാവശ്യമാണ്. നിങ്ങള്‍ ക്ഷീണിതനാണോ എന്ന് പരിശോധിക്കുക. ജോലി ഭാരം ഉണ്ടോ എന്നും ഉണ്ടെങ്കില്‍ നിങ്ങളെ അലട്ടുന്നുണ്ടോ എന്നും അറിയുക. താത്‌പര്യ കുറവ് തോന്നുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും അനിവാര്യം. പരാജയപ്പെടുമെന്നോ വിലയിരുത്തപ്പെടുമെന്നോ ഉള്ള ഭയം നിങ്ങള്‍ക്കുണ്ടോ? അല്ലെങ്കില്‍ വിഷാദം, ഉത്‌കണ്‌ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നും തിരിച്ചറിയണം. ഇത്തരം കാര്യങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നതിലൂടെ പരിഹാരം കണ്ടെത്താൻ സാധിക്കും.
മടിയൻ മല ചുമക്കും…
മടിയൻ മല ചുമക്കുമെന്ന് നാം കേട്ട് പതിഞ്ഞ പഴമൊഴിയാണ്. എല്ലാം കൂട്ടിവച്ച് പലപ്പോഴും വലിയ പണികിട്ടാറാണ് പതിവ്. ചെയ്‌ത് തീർക്കാനുള്ള ജോലികള്‍ കുത്തനെ കൂടിയാല്‍ മടി കൂടാൻ ആണ് സാധ്യത. അപ്പോള്‍ എന്താണ് ചെയ്യേണ്ടത്.
ചെയ്‌ത് തീർക്കേണ്ട കാര്യങ്ങള്‍ ഘട്ടം ഘട്ടമായി ചെയ്‌ത് തീർക്കുക. ഉദാഹരണത്തിന് നിങ്ങള്‍ക്ക് പരീക്ഷയ്‌ക്ക് പഠിക്കണം എന്നിരിക്കട്ടെ. ആദ്യം പാഠപുസ്‌തകം തുറക്കുക. എന്നിട്ട് ഒരു പാഠം വായിക്കുക. ഇനി മുറി വൃത്തിയാക്കുകയാണ് വേണ്ടതെങ്കില്‍ അലക്കാനുള്ള വസ്‌ത്രങ്ങള്‍ അവ സൂക്ഷിക്കുന്ന ബാസ്‌ക്കറ്റില്‍ നിക്ഷേപിക്കുക. പിന്നീട് ടേബിള്‍ തുടച്ച് വൃത്തിയാക്കുക.
5 മിനിറ്റ് നിയമം…
ഒരു കാര്യം ഞാൻ അഞ്ച് മിനിറ്റ് കൊണ്ട് ചെയ്യുമെന്ന് സ്വയം പറയുക. ഒരു കാര്യം തുടങ്ങുക എന്നതാണ് ബുദ്ധിമുട്ടുള്ള കാര്യം. ഒരിക്കല്‍ തുടങ്ങി കഴിഞ്ഞാല്‍ പിന്നെ മുന്നോട്ട് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉദാഹരണത്തിന് നിങ്ങളുടെ വാർഡ്ഡ്രോബ് ഒതുക്കണമെന്ന് കരുതുക. പെട്ടെന്ന് തന്നെ തുണി മടക്കി തുടങ്ങുക.
ചുറ്റുപാടുകള്‍ അനുകൂലമാക്കുക
ചെയ്യേണ്ട കാര്യങ്ങളില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്ന കാര്യങ്ങളെ ഒഴിവാക്കുക. പലപ്പോഴും നമ്മുടെ മൊബൈല്‍ ഫോണ്‍ ആണ് ഇത്തരത്തില്‍ കാര്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്ന പ്രധാനവസ്‌തു. ചെയ്‌ത് തീർക്കാൻ ജോലിയുണ്ടെങ്കില്‍ ഇത്തരം വസ്‌തുക്കള്‍ മാറ്റിവയ്‌ക്കുക.
ദിനചര്യ ക്രമപ്പെടുത്തുക
ചിട്ടയായ ദിനചര്യ ഇത്തരക്കാർക്ക് ആവശ്യമാണ്. അച്ചടക്കത്തോടെ കാര്യങ്ങളെ സമീപിക്കേണ്ടത് അനിവാര്യമാണ്. ഉറക്കത്തിന്‍റെ ഷെഡ്യൂള്‍ ക്രമപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ചെയ്യേണ്ട കാര്യങ്ങള്‍ പട്ടികപ്പെടുത്തുക.
മനസിനെ പറഞ്ഞ് പഠിപ്പിക്കുക
എനിക്ക് മടിയാണ് എന്ന് നാം നമ്മോട് തന്നെ പറയാതിരിക്കുക. പകരം എനിക്ക് ഇപ്പോൾ പ്രചോദനം തോന്നുന്നില്ല എന്ന് പറയുക. ഞാൻ ഇത് പിന്നീട് ചെയ്യും എന്ന് പറയാതിരിക്കുക. പകരം ഞാൻ ഇത് അഞ്ച് മിനിറ്റുകൊണ്ട് ചെയ്‌ത് തുടങ്ങും എന്ന് പറയുക. സ്വയം സംസാരിക്കുന്നതും വാക്കുനല്‍കുന്നതും മടിയെ അകറ്റാനുള്ള മികച്ച മാർഗമാണ്.







