ഓണാഘോഷത്തിന് പിന്നാലെ വീണ്ടും അവധി; ഈ ജില്ലകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് കലക്‌ടര്‍മാര്‍

0
45

ഇന്നും നാളെയുമായാണ് ചില ജില്ലകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ചില ജില്ലകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് കലക്‌ടർമാർ. ഇന്നും നാളെയുമായാണ് ചില ജില്ലകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 8 തിങ്കളാഴ്‌ച പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ 9 ചൊവ്വാഴ്‌ച തിരുവനന്തപുരത്ത് ഓണാഘോഷയാത്ര യോടനുബന്ധിച്ച് ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ ആറന്മുളയിൽ വള്ളം കളിയുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 9 ന് പ്രാദേശിക അവധി നല്‍കി. ഇവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും പ്രാദേശിക അവധി ബാധകമായിരിക്കുമെന്ന് കലക്‌ടര്‍മാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

തിരുവനന്തപുരത്തെ അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചക്ക് ശേഷം നഗരത്തിലെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെ ഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരം അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

തൃശൂരിലെ പ്രാദേശിക അവധി

പുലിക്കളി മഹോത്സവത്തിനോടനുബന്ധിച്ച് സെപ്തംബർ എട്ടിന് (തിങ്കൾ) ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പുലിക്കളിയുമായി ബന്ധപ്പെട്ട് നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി

  • ആറൻമുള ഊതൃട്ടാതി വള്ളംകളി നടക്കുന്ന സെപ്റ്റംബർ 9 ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായിരിക്കും. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

  • സാംസ്‌കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ നാളെ ഓണം വാരാഘോഷ സമാപനം

  • സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷ സമാപനം കുറിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര ഒമ്പതാം തീയതി ചൊവ്വാഴ്‌ച വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കും. തലസ്ഥാനനഗരിയെ താളലയ- വിസ്‌മയങ്ങളിൽ ആറാടിച്ചുകൊണ്ട് ആയിരത്തിൽപ്പരം കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ അറുപതോളം ഫ്‌ളോട്ടുകളും ഘോഷയാത്രയിൽ അണിനിരക്കുന്നതാണ്.

  • ചൊവ്വാഴ്‌ച വൈകിട്ട് 4 മണിക്ക് വെള്ളയമ്പലത്തെ മാനവീയം വീഥിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് അമ്പത്തിയൊന്ന് കലാകരന്മാർ ശംഖനാദം മുഴക്കുകയും തുടർന്ന് വാദ്യോപകരണമായ കൊമ്പ്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറിക്കൊണ്ട് സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.

  • സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ചിത്രീകരിച്ചുകൊണ്ട് വിവിധ വകുപ്പുകൾ തയാറാക്കുന്ന അറുപതോളം ഫ്‌ളോട്ടുകൾ ഘോഷയാത്രയുടെ പ്രത്യേകതയാണ്. കൂടാതെ തൊണ്ണൂറ്റിയൊന്ന് ദൃശ്യ- ശ്രവ്യകലാരൂപങ്ങളും ഇന്ത്യൻ ആർമിയുടെ ബാൻ്റ് സംഘവും ഘോഷയാത്രയ്ക്ക് നിറവേകും.

  • നാനത്വത്തിൽ ഏകത്വം എന്ന പ്രമേയം മുൻനിർത്തി ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഗ്രാമീണ കലാ രൂപങ്ങളും ഘോഷ യാത്രയിൽ ഒത്തുചേരും.

  • കേരളീയ പൈതൃകവും, സിനിമയും, സാഹിത്യവും, സ്ത്രീശാക്തീകരണവും, സ്ത്രീ സുരക്ഷയും ആരോഗ്യശീലങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യയും, വിവിധ തരത്തിലുള്ള ജീവ സുരക്ഷാ സന്ദേശങ്ങളും ഫ്‌ളോട്ടുകളുടെ വിഷയങ്ങളായി അവതരിപ്പിക്കപ്പെടും.

  • കാണികളിൽ വിജ്ഞാനവും വിസ്മയവും കൗതുകവുമുണർത്തുന്നതുമായ ഈ സാംസ്‌കാരിക ഘോഷയാത്ര ഒരു പോയിന്റ് കടക്കാൻ ഉദ്ദേശം ഒന്നര മണിക്കൂർ വേണ്ടിവരുമെന്ന് കണക്കാക്കുന്നു. ആനുകാലിക പ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്‌ളോട്ടുകളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

  • ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഫ്‌ളോട്ടുകൾ വിഭാവനം ചെയ്‌തിരിക്കുന്നത്. പബ്ലിക് ലൈബ്രറിക്ക് മുന്നിൽ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വി.വി.ഐ.പി. പവലിയന് മുന്നിലും യൂണിവേഴ്‌സിറ്റി കോളജിന് മുൻവശത്തെ വി.ഐ.പി. പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങൾ അവതരിപ്പിക്കും.

  • ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, വിശിഷ്ടവ്യക്തികൾ,സാംസ്കാരിക നായകന്മാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ഘോഷയാത്ര വീക്ഷിക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ വിദേശ വിനോദ സഞ്ചാരികൾക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനായി വി.വി.ഐ.പി. പവലിയനു സമീപമായി പ്രത്യേക പവലിയനും ഒരുക്കുന്നതാണ്.

  • ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെങ്കിലും കാണികളായി എത്തുന്നവർക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനു വേണ്ടി സൗകര്യപ്രദമാംവിധം ക്രമീകരിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here