പൂരപ്പൊലിമ കഴിഞ്ഞാൽ പുലിപ്പെരുമയാർന്ന തൃശൂരിലേക്ക് പുലി വേഷം കെട്ടി താളം ചവിട്ടുന്ന പുലിപ്പടയെ കാണാൻ കേരളത്തിൻ്റെ നാനാഭാഗത്തു നിന്നും നിരവധി ആസ്വാദകരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
തൃശൂര്‍: പുലി മടകളിൽ പുലികൾ ആവേശത്തിലാണ്. രാവിലെ 6 മുതൽ ആരംഭിച്ച പുലി വരക്ക് വേണ്ടി പുലി വേഷം കെട്ടുന്ന കലാകാരന്മാർ ഒറ്റനിൽപ്പാണ്. എട്ടു മണിക്കൂറുകളെടുത്താണ് ഓരോ പുലികളും ചായം പൂശി തയ്യാറാവുക. ഇനാമൽ പെയിൻ്റ് ദേഹത്ത് ഒട്ടിപ്പിടിക്കാതിരിക്കാൻ രണ്ടു കയ്യും മരക്കമ്പിൽ തങ്ങിയാണ് നിൽപ്പ്. ഇത് വൈകിട്ട് പുലിക്കളിക്ക് ഇറങ്ങുന്നത് വരെ നീളും.
മാവേലിക്കര ഫൈൻ ആർട്‌സ് കോളേജിലെ വിദ്യാർഥിയായ തനിക്ക് ബോഡി ആർട്ടിലുള്ള താത്പര്യമാണ് പുലികളി കലാകാരൻമ്മാർക്ക് ചായം പൂശാൻ കാരണമായതെന്ന് ഇത്തവണ കുട്ടൻ കുളങ്ങര ദേശത്തിനായി ആദ്യമായി ചമയം ചെയ്യുന്ന ഇളമുറക്കാരി ഗ്രീഷ്‌മ പറയുന്നു.
അതേസമയം, പുലികൾക്കുമുണ്ട് പെരുമ പറയാൻ. കഴിഞ്ഞ 50 വർഷത്തിലേറെയായി പുലിവേഷം കെട്ടുന്ന തൃശൂർ സ്വദേശി നൗഷാദിന് ഇതൊരു ജീവിതചര്യയാണ്. എല്ലാ വർഷവും ഈ പുലികളി ദിനത്തിനായി കാത്തിരിക്കുമെന്നും, ഈ പുലികളിക്കിടെ തന്നെ മരിക്കണമെന്നതാണ് തൻ്റെ ആഗ്രഹമെന്നും നൗഷാദ് പറഞ്ഞു.
വൈകിട്ട് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെഗോപുരനടയിൽ വെളിയന്നൂർ ദേശം സംഘത്തിന് മേയർ എം.കെ. വർഗീസിൻ്റെ അധ്യക്ഷതയിൽ ജില്ലയിലെ മന്ത്രിമാരും എംഎൽഎമാരും സംയുക്തമായി ഫ്ലാഗ്ഓഫ് ചെയ്‌ത പുലിക്കളിക്ക് തുടക്കമാകും. പൂരവും ബോൺനത്താലെയുമൊക്കെ അരങ്ങേറുന്ന സ്വരാജ് റൗണ്ടിൽ ഇന്ന് പുലിയിറങ്ങും.
പുലിക്കളിയിൽ വെളിയന്നൂർ ദേശം, കുട്ടൻകുളങ്ങര ദേശം, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങരദേശം, അയ്യന്തോൾ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മിൽ ദേശം, നായ്ക്കനാൽ ദേശം, പാട്ടുരായ്ക്കൽദേശം എന്നീ ടീമുകൾ പങ്കെടുക്കും. കഴിഞ്ഞതവണ 7 സംഘങ്ങളാണ് പങ്കെടുത്തത്. ഓരോ പുലിക്കളി ടീമിനൊപ്പവും രണ്ട് നിശ്ചല ദൃശ്യങ്ങളും സ്വരാജ് റൗണ്ടിലേക്ക് എത്തും.
മത്സരം കാണാനെത്തുന്ന വിദേശികൾക്കായി പ്രത്യേക പവിലിയാനുകളും ജില്ലാ ഭരണകൂടവും സാംസ്‌കാരിക വകുപ്പും തൃശൂർ കോർപ്പറേഷനും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ബിനി ജംക്‌ഷൻ വഴി കുട്ടൻകുളങ്ങര ദേശവും കല്യാൺ ജ്വല്ലേഴ്‌സിന് സമീപത്തുനിന്നു യുവജനസംഘം വിയ്യൂരും നടുവിലാൽ ജംക്‌ഷൻ വഴി ശങ്കരംകുളങ്ങരദേശം, അയ്യന്തോൾ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മിൽ ദേശം എന്നീ നാലുടീമുകളും നായ്ക്കനാൽ ജംക്‌ഷൻ വഴി നായ്ക്കനാൽ ദേശവും പാട്ടുരായ്ക്കൽദേശവും സ്വരാജ് റൗണ്ടിൽ പ്രവേശിക്കും.
ഒരു പുലിക്കളി സംഘത്തിൽ 35 മുതൽ 51 വരെ പുലികളും ഒരു നിശ്ചലദൃശ്യവും ഒരു പുലിവണ്ടിയും ഉണ്ടായിരിക്കും. വൈകിട്ട് നാലരയോടെ പുലികൊട്ടിനൊപ്പം ചുവടുവെച്ചു പുലിക്കൂട്ടങ്ങൾ സ്വരാജ് റൗണ്ട് കീഴടക്കും. പൂരപ്പൊലിമ കഴിഞ്ഞാൽ പുലിപ്പെരുമയാർന്ന തൃശൂരിലേക്ക് പുലി വേഷം കെട്ടി താളം ചവിട്ടുന്ന പുലിപ്പടയെ കാണാൻ കേരളത്തിൻ്റെ നാനാഭാഗത്തു നിന്നും നിരവധി ആസ്വാദകരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
പുലിക്കളിയിൽ ആദ്യ മൂന്ന് സ്ഥാനത്ത് ദേശങ്ങൾക്ക് യഥാക്രമം 62,500, 50,000, 43,750 രൂപ വീതമാണ് സമ്മാനം ലഭിക്കുക. നിശ്ചല ദൃശ്യത്തിന് സമ്മാനം യഥാക്രമം 50,000, 43,750, 37,500 രൂപ. പുലികൊട്ട്, പുലിവേഷം, പുലിവണ്ടി എന്നിവയ്ക്ക് യഥാക്രമം 12,500, 9375, 6250 രൂപ വീതം സമ്മാനം ലഭിക്കും. മികച്ച രീതിയിൽ അച്ചടക്കം പാലിക്കുന്ന ടീമിന് 18,750 രൂപയാണ് സമ്മാനം.
പുലിവരയ്ക്ക് യഥാക്രമം 12,500, 9,375, 6,250 രൂപയും ചമയപ്രദർശനത്തിന് 25,001, 20,001, 15,001 രൂപയും സമ്മാനം ലഭിക്കും. പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കോർപറേഷൻ ഉറപ്പുവരുത്തിയിട്ടുണ്ട്. പതിവിൽ നിന്ന് വ്യത്യസ്‌തമായി പുലിവരയ്ക്കും ചമയ പ്രദർശനത്തിനും ഇത്തവണ സമ്മാനമുണ്ട്. പുലിക്കളി സംഘങ്ങൾക്ക് ധനസഹായമായി 3,12,500 രൂപ വീതം നൽകും. മുൻകൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറിയിട്ടുണ്ട്. കൂടാതെ പുലിക്കളിക്ക് ശേഷം പെയിൻ്റ് ദേഹത്തു നിന്നും ഒഴിവാക്കാൻ 150 ലിറ്റർ മണ്ണെണ്ണയും തൃശൂർ കോർപ്പറേഷൻ പുലിക്കളി സംഘങ്ങൾക്ക് നൽകുന്നുണ്ട്.
കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി. ഓണക്കാലങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. ഈ കലാരൂപത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുണ്ട്.






