വർധിച്ചു വരുന്ന പ്ലാസ്‌റ്റിക് മാലിന്യത്തിൽ നിന്ന് പോളിമർ ഷീറ്റുകൾ, പ്ലൈവുഡുകൾ എന്നിവ നിർമിക്കുകയാണ് കൊഗന്തി സുനിൽ കൃഷ്‌ണ എന്ന വ്യവസായി.
അമരാവതി: പ്ലാസ്റ്റിക്കിനെതിരെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് തന്നെ ഉത്‌പന്നങ്ങള്‍ നിർമിച്ച് ശ്രദ്ധനേടുകയാണ് ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിയായ കൊഗന്തി സുനിൽ കൃഷ്‌ണ. വർധിച്ചു വരുന്ന പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ തൻ്റെ ഫക്‌ടറിയിൽ അതേ പ്ലാസ്റ്റിക് മാലിന്യവുമായി പൊരുതുകയാണ് ഈ വ്യവസായി. അടുത്തിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കാക്കിനട ജില്ലയിൽ ഒരു സ്‌റ്റാൾ സന്ദർശിക്കുകയുണ്ടായി. ഇവിടെ വച്ച് തൻ്റെ ഉത്‌പന്നത്തെപ്പറ്റി മുഖ്യമന്ത്രിയോട് സുനില്‍ കൃഷ്‌ണ വിവരിക്കുകയും ചെയ്‌തു.
പ്ലാസ്‌റ്റിക് മാലിന്യത്തിൽ നിന്ന് പോളിമർ ഷീറ്റുകൾ, പ്ലൈവുഡുകൾ എന്നിവ നിർമിക്കുകയാണ് ഇദ്ദേഹം. തൻ്റെ ഫാക്‌ടറിയിൽ നിർമിക്കുന്ന വസ്‌തുക്കൾക്ക് പോറലുകൾ ഏൽക്കില്ല, ചിതലിൻ്റെ പ്രശ്‌നവുമില്ല എന്നതിനപ്പുറം ഏത് ആകൃതിയിലും ഇതിനെ പരുവപ്പെടുത്തി എടുക്കാം എന്ന സവിശേഷതും ഉണ്ടെണ്ടെന്ന് അദ്ദേഹം പറയുന്നു. സാധാരണ പ്ലൈവുഡിനേക്കാൾ കൂടുതൽ കാലം ഈടുനിൽക്കും എന്ന സവിശേഷതയും സുനില്‍ കൃഷ്‌ണ അവകാശപ്പെടുന്നു.
വളരെ മികച്ച രീതിയിലുള്ള പ്ലൈവുഡ് നിർമാണമാണ് ഇവിടെ നടക്കുന്നത്. നിർമാണത്തിനായി യൂക്കാലിപ്റ്റസും മറ്റു ചില മരങ്ങളും മുറിക്കുന്നു. ഇത് വനങ്ങളുടെ വിസ്‌തൃതി കുറയ്ക്കുന്നു. മറുവശത്ത് സിമൻ്റും വളങ്ങളും പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ ദൈനംദിന മാലിന്യത്തിൻ്റെ ഒരു പ്രധാന ഭാഗമാകുന്നു. എന്നാലിവ ദീർഘ കാലമായി മണ്ണിൽ അവശേഷിക്കും എന്ന കാരണം കൊണ്ട് പുനരുപയോഗ മാർഗം തെരഞ്ഞെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി ഉപയോഗശൂന്യമായ പ്ലാസ്‌റ്റിക് ബാഗുകളും മറ്റും കണ്ടെത്തിയാണ് സുനില്‍ കൃഷ്‌ണ വ്യവസായ രംഗത്തേക്കിറങ്ങിയത്.
ആദ്യം തെരഞ്ഞെടുത്ത പ്ലാസ്‌റ്റിക് ബാഗുകൾ മെഷീനിൽ ഇട്ടു വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നു. പിന്നീട് ഇത് ചെറിയ കഷണങ്ങളായി മുറിച്ച് ഒരു ഡ്രയറിൽ ഉണക്കും. എന്നിട്ട് വീണ്ടും ഇത് ചൂടാക്കുന്നു. ആവശ്യമെങ്കിൽ കാൽസ്യം കാർബണേറ്റ്, മരപ്പൊടി, പുനരുപയോഗിച്ച പ്ലാസ്റ്റിക് പൊടി തുടങ്ങിയവ ചേർക്കുന്നു. അവസാനം അത് ഒരു മോൾഡിങ് മെഷീനിൽ ഇട്ട് ഒരു ഷീറ്റാക്കി മാറ്റുന്നു.
ഇപ്പോൾ പുതുതായി നിർമിക്കുന്ന വീടുകളിൽ പ്ലൈവുഡിന് പകരം കബോർഡുകൾ ഉൾപ്പെടെയുള്ള മറ്റ് ഇൻ്റീരിയറുകൾ തയാറാക്കാൻ പോളിമർ ഷീറ്റുകൾ ആണ് ഉപയോഗിക്കുന്നത്. വീടിൻ്റെ തൂണുകൾ നിർമിക്കാനും സ്ലാബ് വർക്കിനും നിർമാണ മേഖലയിൽ ഇവ ഉപയോഗിക്കുന്നുണ്ട്.
നിലവിൽ ഇറ്റലി, യുകെ, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം സംരംഭങ്ങൾ വ്യാപകമായി നടപ്പിലാക്കുന്നുണ്ട്. പുനരുപയോഗിക്കാവുന്ന വസ്‌തുക്കളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി ചില കോർപ്പറേറ്റുകൾ നിക്ഷേപം നടത്താൻ മുന്നോട്ട് വരുന്നുണ്ട്.
അടുക്കളകളിൽ ഉപയോഗിക്കുന്ന ഭക്ഷണ പാത്രങ്ങളുടെയും പ്ലാസ്‌റ്റിക് ഉകരണങ്ങളുടെയും 23 ശതമാനം വരെ പുനരുപയോഗം ചെയ്യാൻ കഴിയുന്നവയാണ്. ക്ലീനിങ് ഉത്‌പന്നങ്ങളുടെ 20 ശതമാനവും സൗന്ദര്യവർധക വസ്‌തുക്കളുടെ 19 ശതമാനവും പുനരുപയോഗം ചെയ്യാൻ കഴിയുമെന്നാണ് വിദഗ്‌ധർ പറയുന്നത്.







