പാരസെറ്റമോൾ കരളിന് ഹാനികരമെന്ന് കണ്ടെത്തിയിരിക്കുകയാണ് മെഡിക്കൽ വിദഗ്‌ധരുടെ സംഘം. പാരസെറ്റമോളിൻ്റെ അമിതമായ ഉപയോഗം കരളിനെ ഗുരുതരമായി ബാധിക്കുമെന്നും ആരോഗ്യ വിദഗ്‌ധർ നിർദേശിക്കുന്നു.
ചെറിയൊരു പനി, അല്ലെങ്കില്‍ ശരീരത്തില്‍ എവിടെയെങ്കിലും ഒരു വേദന, അതുമല്ലെങ്കില്‍ ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകള്‍… ഇതിനൊക്കെ പരിഹാരമെന്നോണം ഉടൻ പാരസെറ്റമോൾ കഴിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക. പണി പിന്നാലെ വരുന്നുണ്ട്.
എന്തിനും ഏതിനും പാരസെറ്റാമോൾ കഴിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് പുതിയ പഠനം പറയുന്നത്. പാരസെറ്റമോൾ കരളിന് ഹാനികരമെന്ന് കണ്ടെത്തിയിരിക്കുകയാണ് മെഡിക്കൽ വിദഗ്‌ധരുടെ സംഘം. പാരസെറ്റമോളിൻ്റെ അമിതമായ ഉപയോഗം കരളിനെ ഗുരുതരമായി ബാധിക്കുമെന്നും ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നല്‍കുന്നു.
ഹൈദരാബാദിലെ സ്റ്റാർ ഹോസ്‌പിറ്റലിൽ ശനിയാഴ്‌ച സംഘടിപ്പിച്ച ‘ലിവർ ടോക്‌സ്’ എന്ന ദേശീയ സമ്മേളനത്തിലാണ് കണ്ടെത്തലുകൾ പങ്കിട്ടത്. നിരവധി മെഡിക്കൽ വിദഗ്‌ധർ സംസാരിച്ചു. തെലുഗു ചലച്ചിത്ര താരം ചിരഞ്ജീവി മുഖ്യാതിഥിയായിരുന്നു.
കരൾ രോഗങ്ങളിൽ 30 ശതമാനവും ഉണ്ടാകുന്നത് ഫാറ്റി ലിവർ മൂലമാണെന്ന് ശസ്ത്രക്രിയാ വിദഗ്‌ധൻ മെട്ടു ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. “ഫാസ്റ്റ് ഫുഡ്, വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ, എണ്ണ അധികമുള്ള ഭക്ഷണങ്ങൾ എന്നിവ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു. കൂടാതെ, വ്യായാമക്കുറവ് കരളിനെ തകരാറിലാക്കുന്നു. നിങ്ങൾക്ക് പ്രമേഹമോ അമിതഭാരമോ ഉണ്ടെങ്കിൽ, വർഷത്തിലൊരിക്കൽ കരൾ പരിശോധന നിർബന്ധമാണ്” – സ്റ്റാർ ഹോസ്‌പിറ്റൽ സീനിയർ ലിവർ ട്രാൻസ്പ്ലാൻ്റ് സർജൻ മെട്ടു ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.
കൊഴുപ്പ് അധികമുള്ള വറുത്ത ഭക്ഷണങ്ങൾ കുറയ്ക്കണമെന്നും ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കണമെന്നും വിദഗ്‌ധർ നിർദേശിച്ചു. 151 മിനിറ്റെങ്കിലും ഒരു ആഴ്‌ചയിൽ വ്യായാമം ചെയ്യണമെന്നും സീനിയർ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് കെ. രവീന്ദ്രനാഥ് പറഞ്ഞു.
“കരൾ തകരാറിലായാൽ ഹൃദയപേശികൾ ദുർബലമാകുകയും മാരകമായ രോഗത്തിന് കാരണമാകുകയും ചെയ്യും. ഹൃദയസംബന്ധമായ പ്രശ്‌നമുണ്ടെങ്കിൽ, കരളിൽ ദ്രാവകം അടിഞ്ഞുകൂടുകയും കരൾ വീക്കത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. അധിക കൊഴുപ്പ് മെറ്റബോളിക് സിൻഡ്രോമിലേക്ക് നയിക്കുകയും കരളിനെയും ഹൃദയത്തെയും തകരാറിലാക്കുകയും ചെയ്യും,” സ്റ്റാർ ഹോസ്‌പിറ്റലിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. രമേശ് ഗുഡപതി പറഞ്ഞു. രോഗാവസ്ഥ കൃത്യസമയത്ത് കണ്ടെത്തിയാൽ കരളിൻ്റെ ആരോഗ്യം നിലനിർത്താൻ കഴിയുമെന്ന് മെഡിക്കൽ വിദഗ്‌ധർ ഉറപ്പുനൽകുന്നു.








