പ്രതിവര്‍ഷം വിദേശത്തേക്ക് ചേക്കേറുന്നത് നാല് ലക്ഷം വിദ്യാര്‍ത്ഥികളാണ്. എന്‍ജിനീയറിങ്, ശാസ്‌ത്ര വിഷയങ്ങള്‍, മാനേജ്മെന്‍റ് തുടങ്ങിയവയില്‍ ബിരുദാനന്തര ബിരുദ പഠനത്തിനായാണ് വിദേശത്തേക്ക് പോകുന്നത്. മിക്ക കുടുംബങ്ങള്‍ക്കും ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്‌ടിക്കുന്നത്.
പലപ്പോഴും ഈ സ്വപ്‌ന സാഫല്യത്തിനായി മുപ്പത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വേണ്ടി വരുന്നു. എന്നാല്‍ ഒരു പുത്തന്‍ നയ സമീപനം ഇതിനൊരു പരിഹാരമുണ്ടാക്കിയിരിക്കുന്നു. ലോകത്തെ മുന്‍നിര സര്‍വകലാശാലകള്‍ക്ക് ഇന്ത്യ വാതിലുകള്‍ തുറന്ന് നല്‍കിയിരിക്കുന്നു. അവര്‍ക്കിപ്പോള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ തുറക്കാം. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ സുപ്രധാന മാറ്റമാണ് ഇത്. യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍റെ കൂടി പിന്തുണ ലഭിച്ചതോടെ ഈ നടപടി യാഥാര്‍ത്ഥ്യമാകുകയാണ്.
പലായന വെല്ലുവിളി
രാജ്യത്തെ പതിമൂന്ന് ലക്ഷം വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിക്കുന്നത് വ്യക്തിപരമായ താത്‌പര്യങ്ങള്‍ക്കുപരി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കനത്ത വിടവ് കൂടിയാണ് വ്യക്തമാക്കുന്നത്. ഈ കുടിയേറ്റം പ്രതിവര്‍ഷം 2000-3000 കോടി അമേരിക്കന്‍ ഡോളര്‍ നമ്മുടെ സമ്പദ്ഘടനയില്‍ നിന്ന് ചോര്‍ത്തിക്കളയുന്നു. ഇത് വിദേശ നാണ്യ ഇടപാടില്‍ വലിയൊരു ആഘാതമാണ് സൃഷ്‌ടിക്കുന്നത്. ഇത് രാജ്യത്ത് തന്നെ വിവിധ വികസനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടതാണ്. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരിമിതമായ സീറ്റുകളാണ് ഇത്തരത്തില്‍ വിദേശത്തേക്ക് ചേക്കേറാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നത്. ഇതിന് പുറമെ ഗവേഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപതതയും ആഗോള വാണിജ്യ നിലവാരം ആവശ്യപ്പെടുന്ന ഗുണമേന്‍മ ഇല്ലാത്തതും വിദേശത്തേക്ക് ചേക്കേറാന്‍ കുട്ടികളെ നിര്‍ബന്ധിതരാക്കുന്നു.
നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗുണനിലവാരത്തിലും ശേഷിയിലും അടക്കം വിവിധ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിവര്‍ഷം നിരവധി ബിരുദധാരികളെ സൃഷ്‌ടിക്കുന്നുണ്ട്. എങ്കിലും മൊത്തം ആഗോള ആനുപാതികവുമായി തട്ടിച്ച് നോക്കുമ്പോള്‍ വളരെ കുറവാണ്. ഇത് കേവലം 27 ശതമാനം മാത്രമാണ്. 2025ഓടെ ഇത് അന്‍പത് ശതമാനമാക്കാനാണ് ദേശീയ വിദ്യാഭ്യാസ നയം 2020 ലക്ഷ്യമിടുന്നത്. ആഗോള മത്സരക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്താതെ കൂടുതല്‍ പേര്‍ക്ക് അവസരം സൃഷ്‌ടിച്ചത് കൊണ്ട് കാര്യമില്ലെന്നും അധികൃതര്‍ തിരിച്ചറിയുന്നു.
തന്ത്രപരമായ നയ പ്രതികരണം
വിശ്വസ്‌തമായ ആഗോള സ്ഥാപനങ്ങളെ ക്ഷണിക്കാനുള്ള തീരുമാനം ആവശ്യകതയും തന്ത്രപരമായ അഭിലാഷവുമാണ്. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഇന്ത്യന്‍ മണ്ണിലേക്ക് കൊണ്ടു വരുന്നതിലൂടെ വിവിധ വെല്ലുവിളികളാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നേരിടാന്‍ ലക്ഷ്യമിടുന്നത്. ഒപ്പം കഴിവുള്ള യുവത്വത്തെ ഇന്ത്യയില്‍ തന്നെ നിലനിറുത്തുകയും കുടംബങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കുകയും ഒപ്പം രാജ്യത്തിന്‍റെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുകയും ഗവേഷണവും നൂതനതയുമുള്ള ഒരു വിദ്യാഭ്യാസ പരിസരം സൃഷ്‌ടിക്കുകയും ലക്ഷ്യം വയ്ക്കുന്നു. രാജ്യത്തെ ആഗോള തലത്തില്‍ വൈജ്ഞാനികമായി വന്‍ ശക്തിയാക്കുക എന്ന 2020ലെ വിദ്യാഭ്യാസ നയവുമായി ചേര്‍ന്ന് പോകുന്ന കാഴ്‌ചപ്പാടാണ് ഇത്. ഒപ്പം ഗുണമേന്‍മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുകയും താങ്ങാനാകുന്നത് ആക്കുകയും ചെയ്യാനും ഈ നയം മാറ്റത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു.
ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും കൂടുതല്‍ പേരെ കൊണ്ടു വരാനും പുതിയ ഉദ്യമം ലക്ഷ്യമിടുന്നു. വിദേശ പങ്കാളിത്തത്തിലൂടെ ശേഷി വര്‍ദ്ധിപ്പിക്കുക വഴിരാജ്യത്ത് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനും ഇവര്‍ക്ക് രാജ്യാന്തര പഠന സമീപനങ്ങളും ആഗോളതലത്തിലെ മികച്ച നടപടികളും ലഭ്യമാക്കാനാകുന്നു.
പരസ്‌പരാകര്‍ഷണീയത
വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യ വലിയ അവസരമാണ് ഒരുക്കുന്നത്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി വിപണിയാണ്. ആഗോള സ്ഥാപനങ്ങളിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഇടത്തരം വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് ഇഷ്‌ടം പോലെയുണ്ട്. ഇന്ത്യയില്‍ വിദേശ സര്‍വകലാശാലകളുടെ കാമ്പസ് വരുന്നതിലൂടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്തേക്ക് പോകാതെ തന്നെ മികച്ച വിദ്യാഭ്യാസം നേടാനാകുന്നു.ഒപ്പം ദക്ഷിണേഷ്യയിലെ അയല്‍ രാജ്യങ്ങളിലെയും ആഫ്രിക്കയിലെയും വിദ്യാര്‍ത്ഥികളെ ഇങ്ങോട്ട് ആകര്‍ഷിക്കാനുമാകുന്നു.
ക്വാണ്ടം സാങ്കേതികത,നിര്‍മ്മിത ബുദ്ധി, ബയോടെക്‌നോളജി, ഹരിതോര്‍ജ്ജം, ഡിജിറ്റല്‍ സാങ്കേതികത തുടങ്ങിയവ സഹകരണത്തിനും വാണിജ്യ ബന്ധമുള്ള ഗവേഷണങ്ങള്‍ക്കും ഇന്ത്യയില്‍ വളക്കൂറുള്ള മണ്ണൊരുക്കുന്നു. ആഗോള സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന സര്‍വകലാശാലകള്‍ക്ക് രാജ്യത്തിന്‍റെ തന്ത്രപരമായ കിടപ്പും വര്‍ദ്ധിച്ച് വരുന്ന സാമ്പത്തിക പ്രാധാന്യവും കൂടുതല്‍ ആകര്‍ഷകമായ കേന്ദ്രമാക്കി മാറ്റുന്നു.
അക്കാദമിക മാറ്റങ്ങള്‍
ഏറ്റവും കൂടുതല്‍ ആവശ്യമേറി വരുന്ന ഡേറ്റ സയന്‍സ്, റോബോട്ടിക്‌സ്, ബയോടെക്‌നോളജി, ആഗോള വ്യവസായം, സാമ്പത്തികം, സര്‍ഗാത്മക കലകള്‍, ഡിസൈന്‍ തുടങ്ങിയവയ്ക്ക് ഇവ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നാണ് പ്രതീക്ഷ. ഇരട്ടബിരുദ മാതൃകയാണ് മിക്ക സര്‍വകലാശാലകളും വിഭാവന ചെയ്യുന്നത്. കോഴ്‌സിന്‍റെ ഒരു ഭാഗം ഇവിടെ പൂര്‍ത്തിയാക്കുകയും ബാക്കി വിദേശത്തും എന്നതാണ് ലക്ഷ്യമിടുന്നത്. ഇ് രണ്ട് രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്നും വിലയിരുത്തുന്നു.
ഇന്‍റര്‍ഡിസിപ്ലിനറി പഠന സംവിധാനമാകും ഇവര്‍ പിന്തുടരുക. ഇത് മിക്ക ഇന്ത്യന്‍ സ്ഥാപനങ്ങളിലുമില്ല. വിമര്‍ശനാത്മക ചിന്തകള്‍, നൂതനത, പ്രശ്‌ന പരിഹാരം തുടങ്ങിയ വിശാലമായ മാറ്റങ്ങളിലൂടെ ഇന്ത്യയുടെ പഠന സംസ്‌കാരം തന്നെ മാറുമെന്നാണ് വിലയിരുത്തല്‍. പരമ്പരാഗത രീതികളില്‍ നിന്ന് മാറി കൂടുതല്‍ ഗവേഷണാധിഷ്‌ഠിത പഠനങ്ങള്‍ക്കാകും വിദേശ സര്‍വകലാശാലകള്‍ മുന്‍ തൂക്കം നല്‍കുന്നത്.
നിലവാരവും നിലവാര നിയന്ത്രണവും
പ്രവേശനത്തിന് കര്‍ശന മാനദണ്ഡങ്ങളാണ് യുജിസി നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഗുണനിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. ലോകത്തെ ആദ്യ അഞ്ഞൂറ് സര്‍വകലാശാലകളില്‍ പെടുന്നവയ്ക്ക് മാത്രമേ രാജ്യത്ത് പ്രവര്‍ത്തനാനുമതി ഉണ്ടാകൂ. ഗുണനിലവാരം ഉറപ്പാക്കാനുള്ള പ്രാഥമിക നിബന്ധനയാണിത്. പ്രധാന അധ്യാപകില്‍ അറുപത് ശതമാനത്തിനെങ്കിലും ഡോക്‌ടറേറ്റ് ഉണ്ടാകണ. ഇത് ആഗോള അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നുമാകണം. അക്കാദമിക വിശ്വാസ്യത ഉറപ്പാക്കാനാണ് ഈ നിബന്ധന. പ്രാദേശിക ഗവേഷണങ്ങള്‍ക്കായി പത്ത് ശതമാനം ബജറ്റ് നീക്കി വയ്ക്കണം. പതിനഞ്ച് ശതമാനം സീറ്റുകള്‍ സ്‌കോളര്‍ഷിപ്പുകളുടെ അടിസ്ഥാനത്തിലും ഗവേഷണ വികസനവും ലഭ്യതയും പ്രോത്സാഹിപ്പിക്കും വിധമാകണം.
രാജ്യത്തെ നിബന്ധനകള്‍ക്ക് വിധേയമായിരിക്കണം പരീക്ഷാ നടപടികള്‍. ബിരുദ നിഷ്‌കര്‍ഷകള്‍ പാലിക്കണം. വിസിറ്റിംഗ് വിദ്യാഭ്യാസ വിചക്ഷണരും ദീര്‍ഘകാല പ്രവാസികളുമായവരായിക്കണം അധ്യാപകര്‍. ഒപ്പം ഇന്ത്യയില്‍ നിന്നുള്ള പ്രശസ്‌ത അധ്യാപകരെയും വാണിജ്യ രംഗത്തെ വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തണം. ആഗോള നിലവാരം ഉറപ്പും വരുത്തും വിധമുള്ള ഗ്രേഡിങ് സംവിധാനമാകണം.
ഫീസ് സുതാര്യത, കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനം, ഇന്ത്യന്‍ സര്‍വകലാശാലകളുമായി ചേര്‍ന്നുള്ള ഗവേഷണ -അധ്യാപക വികസന പരിപാടികള്‍. സ്ഥാപനങ്ങള്‍ പരിശോധനകള്‍ക്ക് വിധേയമായിരിക്കണം. വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. ഒപ്പം എല്ലാവര്‍ഷവും പ്രവര്‍ത്തന ലൈസന്‍സും പുതുക്കണം.
ഗവേഷണവും വാണിജ്യ സംയോജനവും
നിര്‍മ്മിത ബുദ്ധി, സുസ്ഥിരത, ഉത്പാദനം, വളര്‍ന്ന് വരുന്ന സാങ്കേതികത തുടങ്ങിയ മേഖലകളില്‍ നിര്‍ണായകമായ ഗവേഷണ നിക്ഷേപങ്ങള്‍ ആസൂത്രണം ചെയ്യുന്നു. ഇന്ത്യന്‍ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം, പ്രത്യേകിച്ച് നൂതന കേന്ദ്രങ്ങളായ ബെംഗളുരു, മുംബൈ, ഡല്‍ഹി തുടങ്ങിയ ഇടങ്ങള്‍ കൂടുതല്‍ ഗവേഷണ അവസരങ്ങള്‍ നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും നല്‍കുന്നു.
രാജ്യാന്തര ഫണ്ടിങ് കേന്ദ്രങ്ങളായ ബ്രിട്ടീഷ് റിസര്‍ച്ച് ഇന്നവേഷന്‍, ഓസ്ട്രേലിയന്‍ റിസര്‍ച്ച് കൗണ്‍സില്‍, ഇന്തോ-അമേരിക്ക സംയുക്ത പദ്ധതികള്‍ തുടങ്ങിയവ ഗവേഷണ പരിസ്ഥിതി മെച്ചപ്പെടുത്തുന്നു.
അതിര്‍ത്തി കടന്നുള്ള ഈ അക്കാദമിക സഹകരണം വൈജ്ഞാനിക കൈമാറ്റം, നൂതനത പ്രോത്സാഹിപ്പിക്കല്‍, ആഗോള ഗവേഷണ ശൃംഖലയില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്ക് സഹായകമാകുന്നു.
സാമ്പത്തിക സാമൂഹ്യ ഫലങ്ങള്‍
നിര്‍ണായകമായ സാമ്പത്തിക ഫലങ്ങളുണ്ടാകുന്നു. വിദേശത്ത് നിലവിലുള്ള പകുതിയെങ്കിലും വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാനാുന്നു. ഇതിലൂടെ വിദേശത്തേക്ക് പ്രതിവര്‍ഷം ഒഴുകുന്ന 1500 2000 കോടി അമേരിക്കന്‍ ഡോളര്‍ നമുക്ക് നേടിത്തരുന്നു. ഈ കാമ്പസുകള്‍ പതിനായിരക്കണക്കിന് നേരിട്ടും പരോക്ഷവുമായ തൊഴിലുകള്‍ ഉറപ്പ് നല്‍കുന്നു. അധ്യാപനം മുതല്‍ അനുബന്ധ സേവനങ്ങള്‍ വരെ. അടിസ്ഥാന സൗകര്യ വികസനവും സേവന ആവശ്യകതയും വര്‍ദ്ധിക്കുന്നതോടെ പ്രാദേശിക സമ്പദ്ഘടനയും മെച്ചപ്പെടുന്നു.
സാമ്പത്തികത്തിനപ്പുറം സാമൂഹ്യ രംഗത്തും നിര്‍ണായക മാറ്റങ്ങളുണ്ടാകുന്നു. ഗുണമേന്‍മയുള്ള ആഗോള വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ കൂടുല്‍ പേരിലേക്ക് എത്തുന്നു. ഇത് മുന്‍പുണ്ടായിരുന്നതിനെക്കാള്‍ ജനകീയ അവസരങ്ങള്‍ സൃഷ്‌ടിക്കുന്നു. അതേസമയം സ്‌കോളര്‍ഷിപ്പ് അവസരങ്ങള്‍ ഇല്ലെങ്കില്‍ ധനികരായ ഒരു വിഭാഗത്തിലേക്ക് മാത്രം ഇതിന്‍റെ ഗുണം പരിമിതപ്പെടും. ഇത് വിദ്യാഭ്യാസ അസമത്വം വര്‍ദ്ധിപ്പിക്കുമെന്നും വിലയിരുത്തുന്നു.
വെല്ലുവിളികളും പരിഗണനകളും
ഈ ഉദ്യമം പല വെല്ലുവിളികളും നേരിടുന്നുണ്ട്. ലോകോത്തര നിലവാരമുള്ള അധ്യാപകരെ ആഗോള മത്സര വിപണിയില്‍ നിന്ന് കണ്ടെത്തുക എന്നത് കടുത്ത വെല്ലുവിളിയാണ്. രാജ്യാന്തര നിലവാരം ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യന്‍ സാംസ്‌കാരിക പശ്ചാത്തലവും നിയന്ത്രണങ്ങളും വൈവിധ്യമാര്‍ന്ന വിദ്യാര്‍ത്ഥികളുടെ പശ്ചാത്തലവും ശ്രദ്ധാപൂര്‍വം പരിഗണിക്കേണ്ടതുണ്ട്. അര്‍ത്ഥവത്തായ വാണിജ്യപങ്കാളിത്തം ഗവേഷണ സഹകരണവും കെട്ടിപ്പടുക്കുകയും ചെയ്യുക.
അക്കാദമിക സ്വാതന്ത്ര്യത്തിന് കൃത്യമായ മാര്‍ഗനിര്‍ദ്ദേങ്ങള്‍ നല്‍കുക, പ്രാദേശിക നടപടിക്‍, സാംസ്‌കാരിക ഉള്‍ക്കൊള്ളല്‍ എന്നിവയും നിര്‍ണായകമാണ്. ഹ്രസ്വകാല സംരംഭങ്ങള്‍ക്ക് സംരക്ഷണം നല്‍കുക. ദീര്‍ഘകാല ഗുണമേന്‍മയുള്ള വിദ്യാഭ്യാസവും ഗവേഷണവും ഇല്ലാതെ ബ്രാന്‍ഡിങ് അംഗീകാരം നല്‍കേണ്ടതില്ല.
മുന്നിലുള്ളത്
വാഗ്‌ദാനങ്ങള്‍ ഏറെയുണ്ട്. ബ്രിട്ടനില്‍ നിന്ന് ആറ്, അമേരിക്കയില്‍ നിന്ന് ഒന്ന്, ഓസ്‌ട്രേലിയയില്‍ നിന്ന് നാല്, ഇറ്റലിയില്‍ നിന്ന് ഒന്ന്, മലേഷ്യയില്‍ നിന്ന് ഒന്ന് തുടങ്ങി പതിമൂന്ന് സര്‍വകലാശാലകളാണ് ആദ്യഘട്ടത്തില്‍ താത്‌പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ സിംഗപ്പൂര്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും 2026-27ല്‍ ഈ രംഗത്തേക്ക് എത്തുമെന്നാ് കരുതുന്നത്.
ഏതായാലും അടുത്ത രണ്ട് വര്‍ഷങ്ങള്‍ ഏറെ നിര്‍ണായകമാണ്. ഇതൊരു താത്ക്കാലിക പ്രതിഭാസമാണോ അതോ സ്ഥിരമായ മാറ്റമാണോ ഉണ്ടാകുന്നതെന്നറിയാന്‍ അത്രയും കാത്തിരിക്കേണ്ടി വരും. ലോകത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ കയറ്റുമതി ചെയ്യുന്ന രാജ്യമെന്നതില്‍ നിന്ന് ആഗോള പഠന കേന്ദ്രമായിരാജ്യത്തിന് മാറാനാകുമോയെന്ന് അപ്പോഴറിയാം.
വിദേശ സര്‍വകലാശാലകള്‍ക്ക് മാത്രം ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ല. എന്നാല്‍ മാറ്റത്തിന്‍റെ വലിയൊരു ചാലകശക്തിയായി മാറാന്‍ അവയ്ക്കാകും. അക്കാദമിക നിലവാരം മെച്ചപ്പെടുത്താന്‍ തീര്‍ച്ചയായും അവയ്ക്ക് കഴിയും. ഗവേഷണ ക്ഷതി വര്‍ദ്ധിപ്പിക്കാനും വീടിനടുത്ത് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനും സാധിക്കും. അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കു ഈ ക്ലാസ് മുറികള്‍ പ്രാപ്യമാക്കാനായാലേ നാം വിജയിച്ചൂ എന്ന് പറയാനാകൂ. മാറ്റങ്ങളുടെ വാഗ്‌ദാനങ്ങളെ വിദ്യാഭ്യാസ മികവിനെ എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന തരത്തിലേക്ക് നാം മാറ്റേണ്ടതുണ്ട്.
ഈ കാഴ്‌ചപ്പാട് ഇനിയും നമുക്ക് സാക്ഷാത്ക്കരിക്കാനായിട്ടില്ല. ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇങ്ങോട്ടേക്ക് എത്തിച്ച് രാജ്യത്തെ ലോകോത്തര വിദ്യാഭ്യാസ കേന്ദ്രമായി ശാക്തീകരിക്കാന്‍ നാം അടിത്തറ ഇട്ടു കഴിഞ്ഞു. മാറ്റത്തിന് തുടക്കമായിരിക്കുന്നു.





