തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ ആശ്വാസം. 500 രൂപയായിരുന്ന വെളിച്ചെണ്ണക്ക് ഇപ്പോൾ വില കുറഞ്ഞതായാണ് വ്യാപാരികള്‍ പറയുന്നത്. വരും ദിവസങ്ങളിൽ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറയുന്നു.
അതേസമയം സംസ്ഥാനത്തെ വെളിച്ചെണ്ണ വിലയിൽ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തലത്തിലും നടപടിയായിട്ടുണ്ട്. സംരംഭകരുമായി ചർച്ച നടത്തിയ ശേഷം ഭക്ഷ്യസുരക്ഷാ മന്ത്രി ജി ആർ അനിലാണ് ഈ കാര്യം അറിയിച്ചത്. കേരഫെഡ് ഇനി മുതൽ ഹോൾസെയിൽ വില മാത്രമേ ഈടാക്കുകയുള്ളു എന്നും മന്ത്രി വ്യക്തമാക്കി.
നാളെ (ഓഗസ്‌റ്റ് 11) മുതൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഒരു കാർഡിന് ഒരു ലിറ്റർ എന്ന രീതിയിലായിരിക്കും വെളിച്ചെണ്ണ ലഭിക്കുക. സപ്ലൈകോയിൽ ശബരി വെളിച്ചെണ്ണയും ഒരു ലിറ്റർ കണക്കിൽ വിൽക്കുമെന്ന് മന്ത്രി അറിയിച്ചു.
തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ കൊപ്ര എത്തിയത്തോടെയാണ് വെളിച്ചെണ്ണ വിലയിൽ കുറവ് വരാൻ കാരണമായത്. 90 ലക്ഷത്തിലധികം റേഷൻ കാർഡ് ഉടമകളിലേക്ക് സപ്ലൈകോ വഴി വെളിച്ചെണ്ണ എത്തുന്നതോടെ വിപണിയിൽ ഇതിൻ്റെ ആവശ്യം കുറയും. വെളിച്ചെണ്ണ വില വർധനവ് ആളുകളെ പാം ഓയിൽ പോലുള്ള എണ്ണകൾ ഉപയോഗിക്കാൻ നിർബന്ധിതരാക്കിയതും വെളിച്ചെണ്ണയുടെ വിലക്കുറവിനെ സ്വാധീനിച്ചിട്ടുണ്ട്.
കൊപ്രക്കും വിലക്കുറവ്
280 രൂപ വരെ ആയിരുന്ന കൊപ്ര വില ഇപ്പോൾ 220 ആയിട്ടുണ്ട്. വരും ദിവസങ്ങളിലും വിലക്കുറവ് തുടരുമെന്നാണ് സൂചന. പരമ്പരാഗതമായി കേരളത്തിലേക്ക് വെളിച്ചെണ്ണയും കൊപ്രയും എത്തിയിരുന്നത് തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നായിരുന്നു. കേരഫെഡിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് കൊപ്രയുടെ വിലക്കുറവ്. ഉയർന്ന വിലക്ക് കൊപ്ര ശേഖരിക്കേണ്ടി വന്ന കേരഫെഡിന് സംഭരിച്ചതിലും താഴ്‌ന്ന നിരക്കിൽ ഇനി എണ്ണ വിൽക്കേണ്ടി വരും.







