കയറ്റത്തിനൊരിറക്കം; പച്ചത്തേങ്ങ വിലയില്‍ ആശ്വാസം

0
50

കോഴിക്കോട്: തീപിടിച്ച് കത്തിക്കയറിയ പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞു. കിലോയ്‌ക്ക് 78 രൂപയുണ്ടായിരുന്ന വില 56 ആയി കുറഞ്ഞു. ഒരാഴ്‌ചക്കുള്ളിൽ 22 രൂപയാണ് കുറഞ്ഞത്. 78ൽ നിന്ന് 72ലേക്കും പിന്നീടത് 67, 63, 60, 59, 56 എന്നിങ്ങനെ കുറയുകയുമായിരുന്നു.

പ്രധാന വിപണിയായ ചെന്നൈയിൽ വെളിച്ചെണ്ണ വില കുറഞ്ഞതാണ് തേങ്ങ വില ഇടിയാൻ കാരണമെന്ന് കൊയിലാണ്ടിയിലെ വ്യാപാരിയായ ഹാഷിം പറഞ്ഞു. തമിഴ്‌നാട്, കേരള സർക്കാരുകൾ വെളിച്ചെണ്ണ വ്യവസായികളുമായി ചർച്ച നടത്തി വില കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് തേങ്ങയും വില കുറച്ചെടുക്കാൻ വ്യാപാരികൾ സന്നദ്ധരായത്. എന്നാൽ ഈ കുറവ് ശാശ്വതമായി തുടരണമെന്നില്ലെന്നും ഹാഷിം പറഞ്ഞു.

5 വർഷത്തിലേറെയായി 23 മുതൽ 26 വരെയായിരുന്നു പച്ച തേങ്ങ വില. 2024ലെ ഓണത്തിന് മുമ്പ് അത് 39ലെത്തി. പിന്നീടും വർധിച്ച് വില 47ലെത്തി. ആ സമയത്ത് കടകളിലേക്ക് തേങ്ങയുടെ ഒഴുക്കായിരുന്നു. അതോടെ വില 40തിലേക്ക് താഴ്ന്നു.

പിന്നീട് തേങ്ങ കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെ 2025 മാർച്ച് മാസത്തോടെ വില സർവകാല റെക്കോർഡുകളും ഭേദിച്ചു. വീണ്ടും ഒരു ഓണക്കാലം വരുമ്പോൾ തേങ്ങ വില ഇടിഞ്ഞു. വെളിച്ചെണ്ണയുടെ ‘പൊള്ളൽ’ കുറയുന്നത് അടുക്കളകളിൽ തെല്ലൊന്ന് ആശ്വാസവുമായി.
ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി നികുതി വർധിപ്പിച്ചത് മുമ്പ് വില കൂട്ടാൻ കാരണമായിരുന്നു. എന്നാൽ ആഗോളതലത്തിൽ ഉത്പാദനം കൂടുന്നത് വില കുറയാൻ സാധ്യതയുണ്ടെന്ന് ലോകബാങ്കിന്‍റെ റിപ്പോർട്ടുകളിലും സൂചന ഉണ്ടായിരുന്നു. തേങ്ങ, കൊപ്ര ഇറക്കുമതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെളിച്ചെണ്ണ മില്ലുടമകള്‍ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു.

ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് തേങ്ങ ഉത്പാദനത്തില്‍ മുന്നിലുള്ളത്. ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി നടത്തി വില പിടിച്ച് നിര്‍ത്തണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെട്ടത്. രാജ്യത്തുടനീളം 2000ത്തിലധികം വെളിച്ചെണ്ണ അനുബന്ധ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന കമ്പനികളുണ്ടെന്നാണ് കണക്ക്.

ഈ സ്ഥാപനങ്ങളിലായി 25,000ത്തിലധികം പേര്‍ ജോലി ചെയ്യുന്നുണ്ട്. തേങ്ങ ലഭ്യത കുറഞ്ഞതോടെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയിലും സംഭവിച്ചിരുന്നത്. കാറ്റുവീഴ്‌ച, മഞ്ഞളിപ്പ്, വെള്ളീച്ച തുടങ്ങിയ രോഗങ്ങൾ കാരണം ഉത്പാദനം കുറഞ്ഞതും കേരളത്തിൽ ഒരു ഘട്ടത്തിൽ തേങ്ങയുടെ വില വർധിക്കാനുള്ള കാരണമായിരുന്നു.
കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലാണ് കേരളത്തിൽ പ്രധാനമായും തേങ്ങ ഉത്പാദനമുള്ളത്. വില വർധിച്ചതോടെ തേങ്ങ മോഷണവും അടിപിടിയും പൊലീസ് കേസുകളും ഉണ്ടായിരുന്നു. അനുബന്ധമായി ചിരട്ട വിലയും വർധിച്ചു. ഒഴിവാക്കിയിട്ട പറമ്പുകളിൽ കർഷകർ തെങ്ങിനെ പരിപാലിക്കാൻ തുടങ്ങിയതോടെ വരും മാസങ്ങളിൽ തേങ്ങ ലഭ്യത കൂടാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here