ഇന്ത്യ വേഗതയേറിയ സമ്പദ്‌വ്യവസ്ഥയായി തുടരും;

0
29

ആഗോള സമ്പദ്‌വ്യവസ്ഥ ഈ വർഷം 2.7 ശതമാനം വളർച്ച നേടും. ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദന) നിരക്കിൽ ചെറിയ ഇടിവുണ്ടാകുമെന്നും എന്നാൽ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ഇന്ത്യ മറികടക്കുമെന്നും റിപ്പോർട്ടിൽ പരാമർശം.

ന്യൂയോർക്ക്: ആഗോള സമ്പദ്‌വ്യവസ്ഥ ഈ വർഷം 2.7 ശതമാനം വളർച്ച നേടുമെന്ന് യുഎൻ റിപ്പോർട്ട്. അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ വേഗതയേറിയ സമ്പദ്‌വ്യവസ്ഥ കൈവരിക്കുമെന്നും തീരുവ സമ്മർദ്ദം മറികടക്കുമെന്നും യുഎൻ റിപ്പോർട്ട്.

ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദന) നിരക്കിൽ ചെറിയ ഇടിവുണ്ടാകുമെന്നും. എന്നാൽ ഉയർന്ന യുഎസ് താരിഫുകൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയുടെ ആഘാതം ഇന്ത്യ മറികടക്കുമെന്നും റിപ്പോർട്ടിൽ പരാമർശം.

യുഎൻ സാമ്പത്തിക സാമൂഹികകാര്യ വകുപ്പ് വ്യാഴാഴ്‌ചയാണ് (ജനുവരി 08) വേൾഡ് ഇക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രോസ്പെക്റ്റ്സ് 2026 റിപ്പോർട്ട് പുറത്തിറക്കിയത്. റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ജിഡിപി 2025-ലെ 7.4 ശതമാനത്തിൽനിന്ന് ഈ വർഷം 6.6 ശതമാനമാകുമെന്നും വിലയിരുത്തുന്നു. കൂടാതെ ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യ ഉൾപ്പെടെ ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിലേയും സമ്പദ്‌വ്യവസ്ഥകൾ ശക്തമായ വളർച്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎൻ സാമ്പത്തിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയുടെ അധികതീരുവ ചില ഉത്പന്നങ്ങൾക്കുമേൽ ബാധിച്ചാലും കയറ്റുമതി വ്യാപാരത്തെ അത് ബാധിക്കില്ലെ.

“സുസ്ഥിര സ്വകാര്യ ഉപഭോഗം, പൊതു നിക്ഷേപം, സമീപകാല നികുതി പരിഷ്‌കാരങ്ങൾ, കുറഞ്ഞ പലിശ നിരക്കുകൾ എന്നിവ ദീർഘകാല വളർച്ചയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള മൊത്തം കയറ്റുമതിയുടെ 18 ശതമാനത്തോളം യുഎസ് വിപണിയാണ്. നിലവിലെ നിരക്കുകൾ തുടരുകയാണെങ്കിൽ ഉയർന്ന യുഎസ് താരിഫുകൾ 2026 ലെ കയറ്റുമതിയെ ബാധിച്ചേക്കാം.

ചില ഉൽപ്പന്ന വിഭാഗങ്ങളെ താരിഫ് പ്രതികൂലമായി ബാധിച്ചേക്കാമെങ്കിലും, ഇലക്ട്രോണിക്‌സ്, സ്‌മാർട്ട്‌ഫോണുകൾ പോലുള്ള പ്രധാന കയറ്റുമതികളെ ഒഴിവാക്കിയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വളർച്ചയ്ക്ക് കരുത്തുറ്റ ഉപഭോഗവും ശക്തമായ പൊതുനിക്ഷേപവും സഹായകമാകും” – റിപ്പോർട്ടിൽ പറയുന്നു.

ദക്ഷിണേഷ്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയായി തുടരുമെന്നും 5.6 ശതമാനം വളർച്ച കൈവരിക്കുമെന്നും ഈ വളർച്ചയുടെ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നാണ് വരുന്നതെന്നും സീനിയർ ഇക്കണോമിസ്റ്റായ ഇംഗോ പിറ്റെർലെ മാധ്യമങ്ങളോട് പറഞ്ഞു.

“ദക്ഷിണേഷ്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് ഘടന. അവിടെ ശക്തമായ ആഭ്യന്തര ഡിമാൻഡ്, തുടർച്ചയായ നയ പിന്തുണ എന്നിവയാൽ പണപ്പെരുപ്പം ലഘൂകരിക്കാനും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ സഹായിക്കും.

ഇന്ത്യയ്ക്ക് ഉണ്ടായിരുന്ന മറ്റ് ശക്തമായ വളർച്ചാ ചാലകങ്ങൾക്ക് പുറമേ കാർഷിക മേഖലയിൽ നിന്ന് ജിഡിപിയിൽ ഞങ്ങൾക്ക് പോസിറ്റീവ് സ്വാധീനം ഉണ്ടായിരുന്നു. അതുകൊണ്ടാണ് വെല്ലുവിളി നിറഞ്ഞ ആഗോള അന്തരീക്ഷ പശ്ചാത്തലത്തിൽ പോലും അസാധാരണമായ ഉയർന്ന വളർച്ച നമുക്ക് കാണാൻ കഴിയുന്നത് – എന്ന് യുഎൻ ഡെസയിലെ ഗ്ലോബൽ ഇക്കണോമിക് മോണിറ്ററിംഗ് ബ്രാഞ്ച്, ഇക്കണോമിക് അനാലിസിസ് ആൻഡ് പോളിസി ഡിവിഷൻ ഇൻ ചാർജും സീനിയർ ഇക്കണോമിസ്റ്റുമായ ഇംഗോ പിറ്റെർലെ പറഞ്ഞു.

ഇന്ത്യയിൽ ഉപഭോക്തൃ വിലക്കയറ്റം പ്രതീക്ഷിച്ചതിലും കൂടുതൽ കുറഞ്ഞു. 2025-ൽ തൊഴിൽ സൂചകങ്ങൾ പൊതുവെ സ്ഥിരത പുലർത്തി. 2025 ഒക്ടോബറിൽ തൊഴിലില്ലായ്‌മ നിരക്ക് 5.2 ശതമാനമായി തുടർന്നു. 2024-ൽ ഇത് 4.9 ശതമാനമായിരുന്നു. അതേസമയം, വർഷത്തിൻ്റെ രണ്ടാം പകുതിയിൽ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും തൊഴിൽ പങ്കാളിത്ത നിരക്ക് വർധിച്ചു.

വർഷത്തിൻ്റെ ആദ്യ പകുതിയിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപ സ്ഥിരത കൈവരിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ, യുഎസിൽ പ്രതീക്ഷിച്ചതിലും ശക്തമായ വളർച്ചയും നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചർച്ചകളും കാരണം ഇന്ത്യൻ രൂപ താഴേക്ക് പോയി.

2025-ൽ ആഗോള സാമ്പത്തിക വളർച്ച 2.8 ശതമാനമായി കണക്കാക്കുന്നു. 2026-ൽ ഇത് 2.7 ശതമാനമായി നേരിയ തോതിൽ കുറയുമെന്നും 2027-ൽ 2.9 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് മഹാമാരിക്ക് മുമ്പുള്ള (2010–2019) ശരാശരിയായ 3.2 ശതമാനത്തേക്കാൾ ആഗോള സാമ്പത്തിക വളർച്ച വളരെ താഴെയാണ്.

യൂറോപ്പ്, ജപ്പാൻ, യുഎസ് എന്നിവിടങ്ങളിലെ വളർച്ച പൊതുവെ സ്ഥിരതയുള്ളതായിരിക്കുമെന്നും എന്നാൽ മിതമായ വേഗതയിൽ തുടരുമെന്നും പ്രതീക്ഷിക്കുന്നു. യുഎസിലേക്കുള്ള രാജ്യങ്ങളുടെ ചരക്ക് കയറ്റുമതിയുടെ മൂല്യത്തിലും മാറ്റം വന്നതായി അത് ചൂണ്ടിക്കാട്ടി. “ആഗോള ഇലക്ട്രോണിക്‌സ് വിതരണ ശൃംഖലകളിൽ ഇന്ത്യ അതിൻ്റെ സ്ഥാനം ശക്തിപ്പെടുത്തിയിട്ടുണ്ട്” എന്നും റിപ്പോർട്ടിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here