തീപ്പൊരി സെഞ്ചുറി, സൂപ്പര്‍ ക്ലെെമാക്‌സില്‍ കൊല്ലത്തിനെതിരെ ബ്ലൂടൈഗേഴ്‌സിന് വിജയം

0
92

കേരള ക്രിക്കറ്റ് ലീഗിലെ ആവേശപ്പോരാട്ടത്തില്‍ കൊല്ലത്തിനെതിരെ ബ്ലൂടൈഗേഴ്‌സിന് ഉജ്ജ്വല വിജയം

തിരുവനന്തപുരം: കെസിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കത്തിക്കയറി സഞ്ജു സാംസണ്‍. ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരായ പോരാട്ടത്തിലാണ് തകര്‍പ്പന്‍ സെഞ്ച്വറിയടിച്ച് താരം തിരിച്ചുവരവ് ഗംഭീരമാക്കിയത്. 51 പന്തുകൾ നേരിട്ട സഞ്ജു 121 റൺസെടുത്താണു തിളങ്ങിയത്. മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് വീഴ്‌ത്തി. 237 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയെ അവസാന പന്തില്‍ മൊഹമ്മദ് ആഷിഖ് നേടിയ സിക്‌സറാണ് വിജയത്തിലെത്തിച്ചത്.

സെഞ്ച്വറി നേടിയ സഞ്ജു സാംസനാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്‌ത കൊല്ലം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്. ആവേശം മിന്നിത്തിളങ്ങിയ പോരാട്ടത്തിനായിരുന്നു കാര്യവട്ടം സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇരുടീമുകളും അവസാന പന്ത് വരെ തകര്‍ത്താടിയപ്പോള്‍ കൊച്ചിക്ക് വിജയമൊരുക്കിയത് സഞ്ജുവിന്‍റേയും ആഷിക്കിന്‍റേയും മികച്ച ഇന്നിങ്‌സുകളാണ്. 237 റണ്‍സെന്ന കെസിഎല്ലിലെ വലിയ ലക്ഷ്യവുമായിറങ്ങിയ കൊച്ചിക്ക് സഞ്ജു തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.

പവന്‍ രാജ് എറിഞ്ഞ ആദ്യ പന്ത് തന്നെ താരം ബൗണ്ടറി കടത്തി. ആ ഓവറില്‍ തന്നെ വീണ്ടുമൊരു ഫോറും സിക്‌സും. മൂന്നാം ഓവറില്‍ ഷറഫുദ്ദീനെതിരെ തുടരെ നാല് ബൗണ്ടറികള്‍. എതിരാളികളെ ഞെട്ടിച്ച്, സ്റ്റേഡിയത്തിലെ ആരാധകരെ ആവേശത്തിലാഴ്‌ത്തി ഫോറും സിക്‌സും പിന്നാലെ തുടര്‍ക്കഥയായി. വെറും 16 പന്തുകള്‍ മാത്രമാണ് സഞ്ജുവിന് ഫിഫ്‌റ്റിയിലേക്കെത്താന്‍ വേണ്ടി വന്നത്. അഞ്ചാം ഓവറില്‍ വിനൂപ് മനോഹരന്‍ മടങ്ങിയപ്പോള്‍ പകരമെത്തിയത് മൊഹമ്മദ് ഷാനുവാണ്. പന്തുകള്‍ അതിര്‍ത്തി കടത്തി സഞ്ജുവിന് മികച്ച പിന്തുണ നല്കിയ ഷാനു 28 പന്തുകളില്‍ 39 റണ്‍സെടുത്തു.

ആദ്യ പവര്‍പ്ലേയില്‍ തന്നെ നൂറ് റണ്‍സാണ് കൊച്ചി അടിച്ചുകൂട്ടിയത്. കെസിഎല്‍ സീസണ്‍ -2 വില്‍ ഇതാദ്യമായാണ് ഒരു ടീം ആദ്യ പവര്‍പ്ലേയില്‍ തന്നെ വലിയ സ്‌കോര്‍ നേടുന്നത്. ഷാനുവും സാലി സാംസനും നിഖിലും അടുത്തടുത്ത ഇടവേളകളില്‍ മടങ്ങിയത് ആരാധകരുടെ നെഞ്ചിടിപ്പേറ്റി. എന്നാല്‍ പകരമെത്തിയ ആഷിഖ് അവസാന പന്ത് വരെ കൂറ്റന്‍ ഷോട്ടുകള്‍ പറത്തി. ഇതിനിടയില്‍ 42 പന്തുകളില്‍ നിന്ന് സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കി. 19ആം ഓവറില്‍ ആദ്യ പന്തില്‍ 121 റണ്‍സെടുത്ത സഞ്ജു മടങ്ങി. അയജ്‌ഘോഷിന്റെ പന്തില്‍ താരം ബൗള്‍ഡാവുകയായിരുന്നു. 51 പന്തുകളില്‍ 14 ഫോറും ഏഴ് സിക്‌സുമടക്കമാണ് സഞ്ജു 121 റണ്‍സ് നേടിയത്.

ഒടുവില്‍ അവസാന ഓവര്‍ തുടങ്ങുമ്പോള്‍ കൊച്ചിയ്ക്ക് ജയിക്കാന്‍ വേണ്ടത് 17 റണ്‍സായിരുന്നു. ഷറഫുദ്ദീന്‍ എറിഞ്ഞ ആദ്യ രണ്ട് പന്തുകളില്‍ ആഷിഖ് ഫോറും സിക്‌സും നേടി. എന്നാല്‍ നാലാം പന്തില്‍ ആല്‍ഫി ഫ്രാന്‍സിസ് റണ്ണൌട്ടായി. അഞ്ചാം പന്തില്‍ റണ്‍ നേടാനാകാതെ വന്നതോടെ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സായിരുന്നു. ഷറഫുദ്ദീന്റെ പന്ത് ലോങ് ഓണിലേക്ക് പറത്തി ആഷിഖ് കൊച്ചിക്ക് മിന്നും വിജയം സമ്മാനിക്കുകയായിരുന്നു. 18 പന്തുകളില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുമടക്കം 45 റണ്‍സാണ് ആഷിഖ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത കൊല്ലത്തിന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വിഷ്‌ണു വിനോദിന്‍റേയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൂറ്റന്‍ സ്‌കോര്‍ നല്കിയത്. 44 പന്തുകളില്‍ നിന്ന് ആറ് ഫോറും ആറ് സിക്‌സും അടക്കം സച്ചിന്‍ 91 റണ്‍സ് നേടി. തുടര്‍ന്നങ്ങോട്ട് കൂറ്റന്‍ അടികളുടെ ചുമതല വിഷ്ണു വിനോദ് ഏറ്റെടുത്തു. 94 റണ്‍സെടുത്ത വിഷ്‌ണു ആല്‍ഫി ഫ്രാന്‍സിസ് പിടിച്ചു മടങ്ങി. 41 പന്തില്‍ മൂന്ന് ഫോറും ഒന്‍പത് സിക്‌സുമടക്കം 94 റണ്‍സാണ് വിഷ്ണു വിനോദ് നേടിയത്. ഷറഫുദ്ദീന്‍ എട്ടും എ ജി അമല്‍ 12ഉം റണ്‍സുമായി പുറത്താകാതെ നിന്നു. കൊച്ചിയ്ക്ക് വേണ്ടി പി എസ് ജെറിന്‍ രണ്ടും സാലി സാംസനും കെ എം ആസിഫും മൊഹമ്മദ് ആഷിക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മൂന്ന് മത്സരത്തില്‍ മൂന്ന് ജയം നേടിയ കൊച്ചി 6 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here