ഹൈദരാബാദ്: ലോകമെമ്പാടുമുള്ള ആരാധകർ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അടുത്തിടെ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ മൂന്ന് മത്സരങ്ങളിലും വിജയിച്ചു. ഇനി, വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും പരസ്‌പരം ഏറ്റുമുട്ടും. ടൂർണമെന്‍റിലെ മൂന്നാമത്തെ മത്സരത്തിലാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ടി20 ലോകകപ്പിനായി ഗ്രൂപ്പില്‍ ഇന്ത്യയും പാകിസ്ഥാനും യുഎസ്എ, നമീബിയ, നെതർലാൻഡ്‌സ് എന്നിവയ്‌ക്കൊപ്പമാണ്.
മുന്‍ ലോകകപ്പിലേതുപോലെ ഇത്തവണയും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ-പാക് പോരാട്ടമുണ്ട്. ഫെബ്രുവരി 15ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാവും ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. 2026 ലെ ഐസിസി ടി20 ലോകകപ്പിന്‍റെ ഷെഡ്യൂൾ ഇന്ന് വൈകുന്നേരം 6:30 ന് ഐസിസി പ്രഖ്യാപിക്കും. ഉദ്ഘാടന ദിവസമായ ഫെബ്രുവരി 7 ന് മുംബൈയിൽ യുഎസ്എയ്‌ക്കെതിരാണ് ഇന്ത്യയുടെ പോരാട്ടം ആരംഭിക്കുക. പിന്നാലെ 12 ന് നമീബിയയ്‌ക്കെതിരായ മത്സരത്തിനായി ടീം ഇന്ത്യ ഡൽഹിയിലേക്ക് പോകും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നെതർലാൻഡ്‌സിനെതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം.
ആതിഥേയരായ ഇന്ത്യക്കും ശ്രീലങ്കക്കും പുറമെ അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, പാകിസ്ഥാൻ, അയർലൻഡ്, കാനഡ, ഇറ്റലി, നെതർലാൻഡ്‌സ്, നമീബിയ, സിംബാബ്‌വെ, നേപ്പാൾ, ഒമാൻ, യുഎഇ ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുക.
ടി20 ലോകകപ്പ് ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് നടക്കുക. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കും. പാകിസ്ഥാൻ അവരുടെ എല്ലാ മത്സരങ്ങളും കൊളംബോയിലോ കാണ്ടിയിലോ ആയിരിക്കും കളിക്കുക. ടൂർണമെന്‍റില്‍ 20 ടീമുകളെ അഞ്ച് പേരടങ്ങുന്ന നാല് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിൽ നിന്നും മികച്ച രണ്ട് ടീമുകൾ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും, അവിടെ ടീമുകളെ നാല് പേരടങ്ങുന്ന നാല് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിൽ നിന്നും മികച്ച രണ്ട് ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും.
ഇന്ത്യ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് കടന്നാൽ, മത്സരങ്ങൾ അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നടക്കും. ഇന്ത്യ സെമി ഫൈനലിൽ എത്തിയാൽ, മുംബൈയിലായിരിക്കും മത്സരം. പാകിസ്ഥാനോ ശ്രീലങ്കയോ യോഗ്യത നേടുന്നതിനെ ആശ്രയിച്ച്, രണ്ടാമത്തെ സെമി കൊളംബോയോ കൊൽക്കത്തയോ ആയിരിക്കും നടക്കുക. ലോകകപ്പ് ഫൈനൽ അഹമ്മദാബാദിൽ നടക്കും. എന്നാൽ പാകിസ്ഥാൻ കിരീട പോരാട്ടത്തിൽ എത്തിയാൽ, കൊളംബോയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.






