ഹിമാചൽ പ്രദേശിലെ ഉനയിലെ പിഎം ശ്രീ സ്‌കൂളിലെ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അനുരാഗ് താക്കൂർ.
ഷിംല: ആദ്യ ബഹിരാകാശ യാത്രികന്‍ ഹനുമാനാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂര്‍. ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ഹിമാചൽ പ്രദേശിലെ ഉനയിലെ പിഎം ശ്രീ സ്‌കൂളിലെ വിദ്യാർഥികളോട് സംവദിക്കവേയാണ് താക്കൂറിന്‍റെ പ്രസ്‌താവന. വിദ്യാർഥികളോട് സംസാരിക്കുന്ന വീഡിയോ അനുരാഗ് തൻ്റെ എക്‌സിൽ ‘പവൻസുത് ഹനുമാൻ ജി’ ആദ്യത്തെ ബഹിരാകാശ യാത്രികൻ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചു.
പരിപാടിക്കിടെ അനുരാഗ് താക്കൂർ വിദ്യാർഥികളോട് ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരായിരുന്നുവെന്ന് ചോദിച്ചു. വിദ്യാർഥികളെല്ലാം നീൽ ആംസ്‌ട്രോങ് എന്ന് മറുപടി നൽകി. എന്നാൽ താക്കൂറിൻ്റെ മറുപടി വ്യത്യസ്‌തമായിരുന്നു. ബഹിരാകാശത്തേക്ക് ആദ്യം യാത്ര നടത്തിയത് “ഹനുമാനാണെന്നാണ് താൻ കരുതുന്നത്” എന്ന് താക്കൂർ പറഞ്ഞു.
നമ്മൾ ഇപ്പോഴും വർത്താമാന കാലത്തിലാണെന്നും ആയിരക്കണക്കിന് വർഷത്തെ നമ്മുടെ പാരമ്പര്യം, അറിവ്, സംസ്‌കാരം എന്നിവ നമുക്ക് അറിയാത്തിടത്തോളം കാലം ബ്രിട്ടീഷുകാർ നമുക്ക് കാണിച്ച് തന്നതുപോലെ തന്നെ നമ്മൾ തുടരുമെന്നും”, താക്കൂർ പറഞ്ഞു. പാഠപുസ്‌തകങ്ങൾക്ക് അപ്പുറം ചിന്തിക്കണമെന്നും രാജ്യത്തിൻ്റെ പാരമ്പര്യത്തെയും അറിവിനെയും കുറിച്ച് മനസിലാക്കണമെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു.
അതേസമയം ബഹിരാകാശത്തെത്തിയ ആദ്യ വ്യക്തി യൂറി ഗഗാറിനാണ്. 1961 ഏപ്രിൽ 12നാണ് അദ്ദേഹം ബഹിരാകാശത്തെത്തുന്നത്. ചന്ദ്രനിൽ ആദ്യമായി കാലുകുത്തുന്ന വ്യക്തിയാണ് നീൽ ആംസ്‌ട്രോങ്. ഇന്ത്യയിൽ നിന്നും ആദ്യം ബഹിരാകാശത്ത് കാലുകുത്തുന്നത് രാകേശ് ശർമ്മയാണ്. 1984 ഏപ്രിൽ 2നാണ് അദ്ദേഹം ബഹിരാകാശത്ത് എത്തുന്നത്.
ഈ വർഷം ജൂൺ 26നാണ് ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്ത് എത്തുന്നത്. ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യകാരനാണ് അദ്ദേഹം. ഇതെല്ലാം തള്ളികൊണ്ടാണ് അനുരാഗ് താക്കൂറിൻ്റെ പുതിയ അവകാശവാദം.






