പരിപാടിയിൽ വരാതിരുന്ന അഞ്ച് ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം കട്ട് ചെയ്യാനും മറ്റ് വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും ഡിവിഷണൽ കമ്മീഷണർ അനിൽ ധിംഗ്ര പറഞ്ഞു.
ലഖ്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുക്കാതിരുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി. അവലോകന യോഗത്തിൽ നിന്ന് വിട്ടുനിന്ന അഞ്ച് ഉദ്യോഗസ്ഥർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസ് (സിഎംഒ) അറിയിച്ചു. ഇന്നലെ (24 ഓഗസ്‌റ്റ്) ഗോരഖ്‌പൂരിലായിരുന്നു യോഗം.
പരിപാടിയിൽ വരാതിരുന്ന അഞ്ച് ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം പിടിക്കാനും മറ്റ് വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും ഡിവിഷണൽ കമ്മിഷണർ അനിൽ ധിംഗ്ര പറഞ്ഞു. പ്രോജക്‌ട് മാനേജർമാർ, ഒരു എഞ്ചിനീയർ, ബിആർഡി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ തുടങ്ങി അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാതിരുന്നത്.
ഉടൻ പരാതികൾ പരിഹരിക്കും: യോഗി ആദിത്യനാഥ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ (24 ഓഗസ്‌റ്റ്) ജനങ്ങളുമായി സംവാദം നടത്തി. പരാതികൾ ഉടനടി പരിഹരിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്‌തു. ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ രാത്രി ചെലവഴിച്ചതിനു ശേഷമായിരുന്നു സന്ദർശനം. മഹന്ത് ദിഗ്‌വിജയനാഥ് സ്‌മൃതി ഭവന് പുറത്ത് സംഘടിപ്പിച്ച ജനതാ ദർശനിൽ അദ്ദേഹം സംസാരിച്ചു.
പൊതുജന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കാലതാമസം പാടില്ല. എല്ലാ പരിഹാരങ്ങളും ഗുണപരവും സുതാര്യവും തൃപ്‌തികരവുമായിരിക്കണം. ജനങ്ങളുടെ എല്ലാ ആശങ്കകളും പരിഹരിക്കാൻ സർക്കാർ തായാറാണ് എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഏകദേശം 200 വ്യക്തികളെ കാണുകയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നിയമവിരുദ്ധമായി ഭൂമി കയ്യേറുകയോ ദുർബലരെ ചൂഷണം ചെയ്യുകയോ ചെയ്യുന്നവരെ ഒരു സാഹചര്യത്തിലും വെറുതെ വിടരുതെന്നും അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. വൈദ്യചികിത്സയ്ക്ക് സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകുകയും അപേക്ഷകൾ അധികൃതർക്ക് കൈമാറുകയും ചെയ്‌തു. ചികിത്സയ്ക്കുള്ള ചെലവും മറ്റും വേഗത്തിൽ പരിഹരിക്കണം എന്ന് നിർദേശിക്കുകയും ചെയ്‌തു.
ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തി
ഗോവിന്ദ് ബല്ലഭ് പന്തിൻ്റെ റെക്കോർഡ് മറികടന്ന് യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിച്ചതിൻ്റെ റെക്കോർഡ് യോഗി സ്വന്തമാക്കി. എട്ട് വർഷമാണ് അദ്ദേഹം തുടർച്ചയായി മുഖ്യമന്ത്രിയായത്. 2017 മാർച്ച് 19 നാണ് ആദ്യമായി അധികാരത്തിൽ വരുന്നത്.





