മകര സംക്രന്തി, മാഘ ബിഹു, പൊങ്കൽ ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി,,

0
55

മകര സംക്രന്തി, മാഘ ബിഹു, പൊങ്കൽ എന്നീ ഉത്സവങ്ങൾ ആഘോഷിക്കുന്ന എല്ലാവർക്കും ആശംസ നേർന്ന് മോദി. സമൂഹ മാധ്യമം വഴിയാണ് ആശംസ അറിയിച്ചത്.

ന്യൂഡൽഹി: രാജ്യത്ത് മകര സംക്രാന്തി, മാഘ ബിഹു, പൊങ്കൽ ആഘോഷങ്ങളിൽ ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്.

“എല്ലാവർക്കും മകര സംക്രാന്തി ആശംസകൾ. ഇന്ത്യൻ സംസ്‌കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ദിവ്യ സന്ദർഭം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വിജയവും കൊണ്ടുവരട്ടെ. സൂര്യദേവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ”- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

വിളവെടുപ്പ് കാലമായ മകര സംക്രാന്ത്രിയിൽ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ രാഷ്‌ട്രത്തെ പോഷിപ്പിക്കുന്നവരോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണ് ഈ ഉത്സവമെന്നും കർഷകരുടെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. അസമീസ് സംസ്‌കാരത്തിൻ്റെ ഭാഗമായ മാഘ ബിഹുവിനെ സന്തോഷത്തിൻ്റെയും സഹോദര്യത്തിൻ്റെയും ആഘോഷമായാണ് മോദി വിശേഷിപ്പിച്ചത്. വിളവെടുപ്പ് കാലത്തെ അടയാളപ്പെടുത്തുന്ന മാഘ ബിഹു കൃതജ്ഞതയെയും സംതൃപ്‌തിയെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.

പൊങ്കൽ ദിനത്തിൽ ജനങ്ങളെ ‘വണക്കം’ എന്ന് അഭിസംബോധന ചെയ്‌തുകൊണ്ടാണ് മോദി ആശംസിച്ചത്. “തമിഴ് സംസ്‌കാരത്തിൻ്റെയും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധത്തിൻ്റെയും ഊർജ്ജസ്വലമായ ആഘോഷമാണ് പൊങ്കൽ. എല്ലാവരുടെയും ജീവിതത്തിൽ ഈ ഉത്സവം സമൃദ്ധിയും സന്തോഷവും കൊണ്ടുവരട്ടെ”- മോദി എക്‌സിൽ കുറിച്ചു. അതേസമയം കേന്ദ്രമന്ത്രി എൽ മുരുകൻ്റെ വസതിയിൽ ഇന്ന് നടക്കുന്ന പൊങ്കൽ ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.

ഇന്ത്യ മുഴുവൻ ആഘോഷിക്കുന്ന ഉത്സവമാണ് മകര സംക്രാന്തി. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്കുള്ള സൂര്യഭഗവാൻ്റെ സഞ്ചാരം ആരംഭ കുറിക്കുന്ന ദിവസമാണ് മകര സംക്രാന്തിയായി ആഘോഷിക്കുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച് അസുരന്മാര്‍ക്കെതിരെയുള്ള വിഷ്‌ണുവിൻ്റെ വിജയമായിട്ടാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്.

തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ആഘോഷമാണ് സംക്രാന്തി. മൂന്ന് ദിവസമായാണ് ആഘോഷം കൊണ്ടാടുന്നത്. ഭോഗി, മകര സംക്രാന്തി, കനുമ എന്നിങ്ങനെയാണ് ആഘോഷങ്ങള്‍ അറിയപ്പെടുന്നത്.

മാഘ ബിഹു

അസം സംസ്ഥാനത്തിലെ വിളവെടുപ്പ് ഉത്സവമാണ് മാഘ ബിഹു. ഇതിൽ മെജി (വൈക്കോൽ കൂന) കത്തിക്കുന്നതും. ബേലാഘർ (താത്‌കാലിക ഷെഡ്) ഉണ്ടാകുന്നതും പിതാ (അരി പലഹാരങ്ങൾ) ഉണ്ടാക്കി കഴിക്കുന്നതും പ്രധാനമാണ്.

പൊങ്കൽ

തമിഴ്‌നാട്ടിലെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. നാല് ദിവസത്തെ ഉത്സവമായാണ് ഇത് ആഘോഷിക്കുന്നത്. സൂര്യദേവനോടും പ്രകൃതിയോടും കന്നുകാലികളോടും ഈ ദിവസത്തിലാണ് നന്ദി അർപ്പിക്കുന്നത്. കർഷകൻ തൻ്റെ അധ്വാന ഫലത്തിൻ്റെ ഒരു പങ്ക് പ്രകൃതിക്ക് സമർപ്പിക്കുന്നു. കൃഷിയിൽ നിന്ന് ലഭിക്കുന്ന ആദ്യ വിളവാണ് പ്രകൃതിക്ക് നൽകുന്നത്. ഭോഗി പൊങ്കൽ, തൈ പൊങ്കൽ, മാട്ടു പൊങ്കൽ, കാണും പൊങ്കൽ എന്നിങ്ങനെ നാലു ദിവസമായാണ് ആഘോഷങ്ങൾ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here