ഇമ്പശേഖറിന് അൻപോടെ മടക്കം; അർജുൻ പാണ്ഡ്യൻ ഇനി കാസർകോട് ജില്ലാ കലക്ടര്‍

0
12

കാസർകോട്: സംസ്ഥാനത്തെ മികച്ച കളക്ടറായി തിരഞ്ഞെടുക്കപ്പെട്ട തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ ഇനി കാസർകോട് ജില്ലാ കളക്ടർ. സംസ്ഥാനത്ത് ഐഎഎസ് തലപ്പത്തുണ്ടായ മാറ്റത്തെ തുടർന്നാണ് അർജുൻ പാണ്ഡ്യൻ കാസർകോട് എത്തുന്നത്. നിലവിലെ കളക്ടർ കെ. ഇമ്പശേഖറിനെ മാറ്റിയ ഒഴിവിലേക്കാണ് നിയമനം.

കാസർകോടിനെ ദേശീയ പുരസ്കാര തിളക്കത്തിൽ എത്തിച്ചാണ് ഇമ്പശേഖർ ജില്ലയിൽ നിന്നും മടങ്ങുന്നത്. സാങ്കേതികവിദ്യയെ കാര്യക്ഷമമായി വിനിയോഗിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കിയതിനുള്ള, 2026-ലെ മികച്ച ഇലക്ഷൻ ജില്ലയ്ക്കുള്ള ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുരസ്കാരം കാസർകോട് ജില്ലയ്ക്ക് ലഭിച്ചിരുന്നു. പുതിയതും പഴയതുമായ രണ്ട് കളക്ടർമാരും ഇടുക്കി ജില്ലക്കാരാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ടൂറിസം ഡയറക്ടറായ ശിഖ സുരേന്ദ്രൻ തൃശൂർ ജില്ലാ കളക്ടറാകും.

ഭരണനിർവഹണ മികവോടെ ഇമ്പശേഖർ

2023 മെയ് 19-നാണ് കെ. ഇമ്പശേഖർ കാസർകോട് കളക്ടറായി ചുമതലയേൽക്കുന്നത്. ജില്ലയുടെ 25-ാമത് കളക്ടറായിരുന്നു അദ്ദേഹം. തമിഴ്‌നാട് നീലഗിരിയിലെ പന്തല്ലൂർ പടച്ചേരിയിലെ തേയിലക്കൊളുന്ത് നുള്ളിയ ബാല്യത്തിൽ നിന്നായിരുന്നു ഇമ്പശേഖർ കാസർകോടിന്‍റെ കളക്ടറായത്. ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ജല അതോറിറ്റി എംഡിയായി പോയ ഒഴിവിലാണ് അന്ന് ഇമ്പശേഖർ ചുമതലയേറ്റത്.

മികച്ച നവീന ആശയങ്ങൾ നടപ്പാക്കിയതിനുള്ള ചീഫ് ഇലക്ഷൻ ഓഫീസറുടെ പുരസ്കാരം 2025-ൽ ജില്ലാ കളക്ടറായ ഇമ്പശേഖറിന് ലഭിച്ചിരുന്നു. കൂടാതെ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്കുള്ള മികച്ച ജില്ലാ കളക്ടർക്കുള്ള സംസ്ഥാന പുരസ്കാരത്തിനും അദ്ദേഹം അർഹനായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നൂതനാശയങ്ങൾ ആവിഷ്കരിച്ചതിനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

കളക്ടർ നേതൃത്വം നൽകിയ ‘ഐ ലീഡ്’ (i-LEAD) പദ്ധതിക്കാണ് 2024-ലെ സാമൂഹികനീതി വകുപ്പിന്‍റെ പുരസ്കാരം ലഭിച്ചത്. സാങ്കേതികവിദ്യയോടൊപ്പം തന്നെ സാമൂഹിക നീതി ഉറപ്പാക്കുന്നതിലും ജില്ലാ ഭരണകൂടം കാണിച്ച ജാഗ്രതയ്ക്കുള്ള അംഗീകാരമായിരുന്നു ഇത്. സ്കൂൾ വിദ്യാർഥികൾക്കിടയിൽ നേതൃത്വപാടവം വളർത്തുന്നതിനും ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിട്ടത്. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും തിരഞ്ഞെടുപ്പ് പ്രക്രിയയിലും മറ്റ് സർക്കാർ സേവനങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ കളക്ടർ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. ഭിന്നശേഷി സൗഹൃദ പോളിങ് ബൂത്തുകൾ ഒരുക്കുന്നതിലും വീട്ടിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലും ജില്ല മുന്നിട്ടുനിന്നു.

അർജുൻ പാണ്ഡ്യൻ യാത്ര തുടരുന്നു

ഇടുക്കി ഹൈറേഞ്ചിലെ തേയിലത്തോട്ടങ്ങൾക്കിടയിലെ ഒരു ചെറിയ ലയത്തിൽ നിന്ന് തുടങ്ങിയ യാത്രയാണ് അർജുൻ പാണ്ഡ്യനെ ഇപ്പോൾ കാസർകോട് എത്തിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് കുടിയേറിയെത്തിയ കുടുംബത്തിലെ ഏലം കർഷകൻ സി. പാണ്ഡ്യന്‍റെയും അങ്കണവാടി അധ്യാപിക ഉഷയുടെയും മകനാണ് അദ്ദേഹം. പീരുമേട്ടിലെയും കിളിമാനൂരിലെയും സ്കൂളുകളിലായിരുന്നു വിദ്യാഭ്യാസം.

കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളജിലെ പഠനത്തിനിടെ തന്നെ കാമ്പസ് പ്ലേസ്‌മെന്‍റ് ലഭിച്ചുവെങ്കിലും സിവിൽ സർവീസിനോടുള്ള ആഗ്രഹം അദ്ദേഹത്തെ ഹൈറേഞ്ചിൽ നിന്നുള്ള ആദ്യ ഐഎഎസ്സുകാരനാക്കി മാറ്റി. കണ്ണൂരിൽ അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ഒറ്റപ്പാലം സബ് കളക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ, പാലക്കാട് മെഡിക്കൽ കോളജിന്‍റെ സ്പെഷ്യൽ ഓഫീസർ എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here