ഹൈദരാബാദ്: നാസയുടെ ചന്ദ്രനെ ചുറ്റുന്ന ‘ആർട്ടെമിസ് 2’ ദൗത്യം ഇനിയും നീളും. റോക്കറ്റിന്‍റെ സ്‌പേസ് ലോഞ്ച് സിസ്റ്റത്തിന്‍റെ മുകൾ ഭാഗത്തേക്ക് ഹീലിയം ഒഴുകുന്നതിൽ കണ്ടെത്തിയ പ്രശ്‌നങ്ങളെ തുടർന്നാണ് മാർച്ചിലേക്ക് നീട്ടിവെച്ച ദൗത്യം വീണ്ടും മാറ്റിയത്. കാലാവസ്ഥ അനുകൂലമായാൽ തകരാറുകൾ പരിഹരിക്കുന്നതിനായി റോക്കറ്റും ഓറിയോൺ ബഹിരാകാശ പേടകവും കെന്നഡി സ്‌പേസ് സെന്‍ററിലെ വിക്ഷേപണ പാഡിൽ നിന്ന് തിരികെ കൊണ്ടുവരുമെന്ന് നാസ അറിയിച്ചു.
ഹീലിയം ചോർച്ച എവിടെയെന്ന് പരിശോധിക്കുന്നതിനും, തകരാറുകൾ പരിഹരിക്കുന്നതിനുമാണ് ലോഞ്ച് വാഹനം നിർമ്മിക്കുന്നയിടത്തേക്ക് തന്നെ തിരികെ കൊണ്ടുവരുന്നത്. റോക്കറ്റ് നിർമ്മിക്കുന്ന സ്ഥലത്തേക്ക് (വെഹിക്കിൾ അസംബ്ലി ബിൽഡിങ്) സ്‌പേസ് സെന്‍ററിൽ നിന്ന് ഏകദേശം നാല് മൈൽ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. നാസയുടെ ക്രാളർ-ട്രാൻസ്‌പോർട്ടർ ഉപയോഗിച്ചായിരിക്കും റോക്കറ്റിനെ മാറ്റിസ്ഥാപിക്കുക. ഇതിന് മണിക്കൂറോളം സമയമെടുക്കും.
ലോഞ്ച് എപ്പോൾ?
പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സമയത്തെയും ആശ്രയിച്ചായിരിക്കും ദൗത്യം ലോഞ്ച് ചെയ്യുക. തകരാറുകൾ പരിഹരിക്കാൻ സാധിച്ചാൽ ഏപ്രിലിൽ ലോഞ്ച് ചെയ്യാൻ സാധിച്ചേക്കുമെന്ന് നാസ പറയുന്നു. നേരത്തെയുള്ള തയ്യാറെടുപ്പുകൾ ലോഞ്ച് നടപടികൾ പെട്ടന്ന പൂർത്തിയാക്കാൻ സഹായിക്കുമെന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസി പറയുന്നത്. വീണ്ടും ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ച യാത്രികരെ ഫെബ്രുവരി 21ന് ക്വാറന്‍റൈനിൽ നിന്ന് പറഞ്ഞയച്ചു. ഇവർ ഹ്യൂസ്റ്റണിൽ തന്നെ തുടരുകയാണ്.
നേരത്തെ 2026 ഫെബ്രുവരി 6ന് നടത്താനിരുന്ന ദൗത്യം വിക്ഷേപണം നടത്താനിരുന്ന ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിൽ അനുഭവപ്പെടുന്ന അതിശൈത്യം മൂലം മാറ്റിവെച്ചിരുന്നു. പിന്നീട് ഫെബ്രുവരി 8ന് മുൻപ് വിക്ഷേപണം നടത്താൻ പദ്ധതിയിട്ടെങ്കിലും സാങ്കേതിക തകരാറുകൾ കണ്ടെത്തിയതോടെ യാത്രികരുടെ സുരക്ഷ കണക്കിലെടുത്ത് വീണ്ടും മാറ്റിവെയ്‌ക്കുകയായിരുന്നു. തകരാറുകൾ പരിഹരിച്ചതോടെ മാർച്ചിൽ വിക്ഷേപിക്കാനാകുമെന്ന് കരുതിയിരുന്നെങ്കിലും, ഹീലിയം ഒഴുകുന്നതിൽ കണ്ടെത്തിയ പ്രശ്‌നങ്ങൾ ദൗത്യം വീണ്ടും വൈകിക്കുകയാണ്.
ആർട്ടെമിസ്-2 ദൗത്യം
54 വർഷങ്ങൾക്ക് ശേഷം മനുഷ്യരെ ചന്ദ്രനെ ചുറ്റുന്ന ദൗത്യമാണിത്. 1972ലാണ് അവസാന ചാന്ദ്രദൗത്യമായ അപ്പോളോ ദൗത്യം നടക്കുന്നത്. ആർട്ടെമിസ്-2 ദൗത്യത്തിൽ സംഘം ചന്ദന്‍റെ ഭ്രമണപഥത്തെ ചുറ്റിയ ശേഷം തിരികെ ഭൂമിയിലേക്ക് മടങ്ങും. ആദ്യമായി ഒരു വനിത ചന്ദ്രനിലേക്ക് സഞ്ചരിക്കുന്ന ദൗത്യം കൂടിയാണിത്.
പത്ത് ദിവസം നീളുന്നതാണ് ദൗത്യം. നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിലായിരിക്കും വിക്ഷേപണം. നാസയുടെ കമാൻഡർ റീഡ് വൈസ്‌മാൻ, പൈലറ്റ് വിക്‌ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ (സിഎസ്എ) ജെറമി ഹാൻസെൻ എന്നിവരാണ് ദൗത്യത്തിന്‍റെ ഭാഗമാവുക.
ആർട്ടെമിസ്-2 ദൗത്യത്തിൽ ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിൽ ലാൻഡിങ് നടത്തില്ല. അതേസമയം ഇതിനു ശേഷമുള്ള ആർട്ടെമിസ് 3 ദൗത്യം ചന്ദ്രനിൽ ഇറങ്ങും. അതിനാൽ തന്നെ വരാനിരിക്കുന്ന ആർട്ടിമിസ്-2 ദൗത്യം അമേരിക്കക്കാരെ ചന്ദ്രനിലേക്ക് അയയ്ക്കുന്നതിനുള്ള ആർട്ടിമിസ് 3 ദൗത്യത്തിന് മുന്നോടിയാണ്.
എന്തൊക്കെ പരീക്ഷണങ്ങൾ നടത്തും?
ആർട്ടെമിസ്-3 ദൗത്യത്തിന് മുന്നോടിയായി ജീവൻ നിലനിർത്തുന്ന വസ്‌തുക്കളും മറ്റ് നിർണായക സംവിധാനങ്ങളും ആർട്ടെമിസ്-2 ദൗത്യത്തിൽ പരിശോധിക്കും. ഇതിനായി പേടകം ഭൂമിക്ക് ചുറ്റും ഒരു പ്രാരംഭ ഭ്രമണപഥം പൂർത്തിയാക്കും. ഭൂമിയോട് അടുത്തായിരിക്കുമ്പോൾ തന്നെ, ശ്വസിക്കാൻ കഴിയുന്ന വായു ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജീവൻ നിലനിർത്തുന്ന സംവിധാനങ്ങളുടെ പ്രകടനം ക്രൂ വിലയിരുത്തും.
തുടർന്ന് ബഹിരാകാശയാത്രികർ ചന്ദ്രന്‍റെ ഗുരുത്വാകർഷണം ഉപയോഗിച്ച് ഒരു ട്രാൻസ്-ലൂണാർ ഇഞ്ചക്ഷൻ ബേൺ പരീക്ഷിക്കും. ഈ ദൗത്യം ബഹിരാകാശയാത്രികരെ ഭൂമിയിൽ നിന്ന് 230,000 മൈലിലധികം ദൂരത്ത് എത്തിക്കും. മടക്കയാത്രയ്‌ക്കായി പേടകം അധിക എഞ്ചിൻ ബേണുകൾ ഇല്ലാതെ ഭൂമിയിലേക്ക് തിരികെ എത്താൻ അനുവദിക്കുന്ന സ്വതന്ത്ര പാത പിന്തുടരും. ഉയർന്ന വേഗതയിലായിരിക്കും പേടകം അന്തരീക്ഷ പുനഃപ്രവേശിക്കുക. പസഫിക് സമുദ്രത്തിലായിരിക്കും സ്പ്ലാഷ്‌ഡൗൺ നടക്കുക.





