ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളും ഭക്ഷണ രീതികളുമെല്ലാം മനുഷ്യനെ ഓരോ ദിവസവും രോഗിയാക്കി കൊണ്ടിരിക്കുകയാണ്. അതിൽ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് കരൾ രോഗം. വിഷ വസ്‌തുക്കളെ നീക്കം ചെയ്യുക, മെറ്റബോളിസം നിയന്ത്രിക്കുക തുടങ്ങിയ ഒരു ദിവസത്തിൽ 500ലധികം ജോലികൾ ചെയ്യുന്ന മനുഷ്യ ശരീരത്തിലെ ഒരു അവയവമാണ് കരൾ.
കൃത്യമല്ലാത്ത ഭക്ഷണ രീതിയും ജീവിതശൈലിയും ഫാറ്റി ലിവർ മുതൽ ഹെപ്പറ്റൈറ്റിസ് ബി വരെയുള്ള രോഗങ്ങൾക്ക് കാരണമായേക്കാം. പ്രത്യേകിച്ചും 30 വയസ് കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പട്‌പർഗഞ്ചിലെ മാക്‌സ് ഹോസ്‌പിറ്റലിലെ ഗ്യാസ്‌ട്രോ എൻട്രോളജി സീനിയർ ഡയറക്‌ടർ ഡോ.വിഭു മിത്തൽ പറയുന്നു.
നമ്മുടെ ഇപ്പോഴത്തെ ജീവിതരീതി നമ്മുടെ ശരീരത്തിന് ഗുണങ്ങൾ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല. നിരന്തരമായ സമ്മർദ്ദം, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ എന്നിവയെല്ലാം കരളിന് പല പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഫാറ്റി ലിവർ, വൈറൽ അണുബാധ എന്നിവ സാധരണമായിക്കൊണ്ടിരിക്കുകയാണിപ്പോൾ എന്ന് ഡോ. വിഭു മിത്തൽ പറഞ്ഞു.
സൈലൻ്റ് ഫാറ്റി ലിവർ
കരൾ രോഗത്തിൽ ഏറ്റവും അപകടകാരിയായ ഒന്നാണ് മെറ്റബോളിക് ഡിസ്‌ഫംഗ്‌ഷൻ-അസോസിയേറ്റഡ് സ്‌റ്റീറ്റോട്ടിക് ലീവർ ഡീസസ് എന്നത്. ഇതിനെ മുൻ കാലങ്ങളിൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡീസീസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ലോകമെമ്പാടുമുള്ള മുതിർന്നവരിൽ മൂന്നിൽ ഒരാളെ ബാധിക്കുന്ന രോഗമാണ് മെറ്റബോളിക് ഡിസ്‌ഫംഗ്‌ഷൻ-അസോസിയേറ്റഡ് സ്‌റ്റീറ്റോട്ടിക് ലീവർ ഡീസസ്.
രോഗം വർധിപ്പിക്കുന്ന കാര്യങ്ങൾ
- അധികം ഭാരം
- ടൈപ്പ് 2 പ്രമേഹം അഥവാ ഇൻസുലിൽ പ്രതിരോധം
- ഉയർന്ന കൊളസ്‌ട്രോൾ
- ഒരുപാട് സമയം ഇരുന്നുകൊണ്ടുള്ള ജോലി
- അൾട്രാ പ്രോസസ് ചെയ്‌ത ഭക്ഷണങ്ങളും പഞ്ചസാര പാനീയങ്ങളും.
മേൽ പറയുന്ന ജീവിതശൈലികൾ കരളിനെ അപകടകരമായി ബാധിക്കുന്ന കാര്യങ്ങളാണെന്ന് ഡോ. മിത്തൽ പറയുന്നു. പരമാവധി അധിക ഭാരവും കൊളസ്‌ട്രോളും ഭക്ഷണ രീതികളിലെ ക്രമങ്ങളുമെല്ലാം സൂക്ഷിക്കാനായി ഡോക്‌ടർ മുന്നറിയിപ്പ് നൽകുന്നു.
ഫാറ്റി ലിവറിനെ ഒരു കാരണവശാലും അവഗണിക്കരുത്. കാലക്രമേണ കരളിലെ കൊഴുപ്പിൻ്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും പിന്നീട് ലിവർ സിറോസിസ്, കാൻസർ എന്നിവയ്‌ക്ക് കാരണമാവുകയും ചെയ്യുമെന്ന് ഡോക്‌ടർ പറഞ്ഞു.
മദ്യം കരൾ രോഗത്തിന് കാരണമോ?
മദ്യപാനവും കരൾ രോഗത്തിന് കാരണമാവാം. അമിത മദ്യപാനം മൂലമാണ് ഫാറ്റി ലിവർ രോഗങ്ങൾ ഉണ്ടാകുന്നത്. അതിൽ ഏറ്റവും ഗുരുതരമാണ് സിറോസിസ്. പ്രതിദിനം 40 ഗ്രാമിൽ കൂടുതൽ മദ്യപിക്കുന്നവരില്‍ 90 ശതമാനം ആളുകളിലും ഫാറ്റി ലിവർ രോഗങ്ങൾ ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിൽ നിന്ന് ഒരു മോചനം വേണമെങ്കിൽ മദ്യപാനം കുറയ്‌ക്കണമെന്നും ഡോ. മിത്തൽ പറയുന്നു.
വൈറൽ ഹെപ്പറ്റൈറ്റിസ്
കരളിനെ ബാധിക്കുന്ന മറ്റൊരു വില്ലനാണ് ഹെപ്പറ്റൈറ്റിസ്. മുതിർന്നവരിൽ മാത്രമല്ല കുട്ടികളെയും ഇത് ബാധിക്കും. തുടക്കത്തിൽ ഒരു ലക്ഷണവും കാണിക്കാത്ത രോഗമാണ് ഹെപ്പറ്റൈറ്റിസ്. തലകറക്കം, ഛർദ്ദി, വിശപ്പിലായ്‌മ, രക്തസ്രാവം, വയറ്റിലെ നീര് എന്നിവയെല്ലമാണ് ഇതിൻ്റെ ലക്ഷണങ്ങൾ. ഹെപ്പിറ്റൈറ്റിസ് ബിക്കെതിരെ ഫലപ്രദമായ ഒരു വാക്‌സിൻ കണ്ടുപിടിച്ചിട്ടുണ്ട്.
ഒരു കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനുള്ളിൽ നൽകുന്ന ആദ്യ ഡോസാണ് ഹെപ്പിറ്റൈറ്റിസ് വാക്‌സിൻ. ആദ്യ ഡോസ് കഴിഞ്ഞ് 1-2 മാസം കഴിഞ്ഞാണ് ഹെപ്പറ്റൈറ്റിസ് ബിയുടെ രണ്ടാമത്തെ ഡോസ് നൽകുന്നതെന്നും ഡോ. മിത്തൽ വ്യക്തമാക്കി.
കരളിനെ സംരക്ഷിക്കാൻ 5 വഴികൾ
- ഭാരം കുറയ്ക്കുക:നിങ്ങളുടെ നിലവിലെ ശരീര ഭാരത്തിൻ്റെ 7% മുതൽ 10% വരെ ഭാരം കുറയ്ക്കുന്നത് നിങ്ങളുടെ കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും
- വ്യായാമം:ആഴ്‌ചയിൽ ഏകദേശം 150 മിനിറ്റ് മിതമായ വ്യായാമം ചെയ്യാൻ ശ്രമിക്കുക.
- ഭക്ഷണക്രമം:പച്ചക്കറികൾ, നട്‌സ്, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കാൻ ശ്രമിക്കുക, അതും കൃത്യമായ സമയത്തിനുള്ളിൽ കഴിക്കുക.
- മരുന്ന്:ഒരുപാട് മരുന്നുകൾ കഴിക്കുന്നത് നിങ്ങളുടെ കരളിനെ ബാധിക്കും. ഡോക്‌ടറുടെ കൃത്യമായ നിർദേശത്തോടെയല്ലാതെ മരുന്നുകള്‍ കഴിക്കരുത്.
- രക്തപരിശോധന:പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, അല്ലെങ്കിൽ കരൾ പ്രശ്‌നങ്ങൾ എന്നിവ പാരമ്പര്യമായി ഉണ്ടെങ്കിൽ വർഷത്തിൽ ഒരിക്കൽ കരൾ രോഗവുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുക.
ഇവ അവഗണിക്കരുത്
- ഉറക്കമില്ലായ്‌മ.
- അമിതമായ ക്ഷീണം.
- വയറിൽ ഉണ്ടാവുന്ന വീക്കം.
- കണ്ണിലോ ചർമ്മത്തിലോ മഞ്ഞ നിറം ഉണ്ടാവുക.
- ശരീരഭാരം ക്രമാതീതമായി കുറയുക.
തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.








